പാര്‍ലമെന്റ് അതിക്രമ കേസില്‍ പിടിയിലായ മുഖ്യ സൂത്രധാരന്‍ ലളിത് ഝാ തെളിവുകള്‍ നശിപ്പിച്ചതായി ദില്ലി പൊലീസ്. അഞ്ച് പ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ക്കൊപ്പം കത്തിക്കരിഞ്ഞ വസ്ത്രങ്ങളും ഷൂസുകളും കണ്ടെത്തി. ഇവ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. അതിനിടെ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്താന്‍ തയ്യാറാകാത്ത പ്രധാനമന്ത്രി ദേശീയ മാധ്യമം വഴി പ്രതികരിച്ചു. പാര്‍ലമെന്റില്‍ നടന്നത് ഗുരുതരമായ സംഭവമെന്നും സുരക്ഷാ വീഴ്ച നിസ്സാരമായി കാണുവാന്‍ സാധിക്കില്ലെന്നുമായിരുന്നു നരേന്ദ്ര മോദിയുടെ പ്രതികരണം.
പാര്‍ലമെന്റ് അതിക്രമം നടത്തിയ നാല് പ്രതികളുടെയും മൊബൈല്‍ ഫോണുകളും കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. മുഖ്യ സൂത്രധാരന്‍ ലളിത് ഝാ ആയിരുന്നു പ്രതികളുടെ മൊബൈല്‍ ഫോണ്‍ സൂക്ഷിച്ചിരുന്നത്. സംഭവത്തിന് ശേഷം രാജസ്ഥാനിലേക്ക് കടന്ന ലളിത് ഝാ സ്വന്തം മൊബൈല്‍ ഫോണടക്കം എല്ലാം കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. കത്തിക്കരിഞ്ഞ മൊബൈല്‍ ഫോണുകളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മൊബൈല്‍ ഫോണിനൊപ്പം ചിലവസ്ത്രങ്ങളുടെയും ഷൂവിന്റെയും അവശിഷ്ടങ്ങളും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇവയെല്ലാം ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.
Also Read: ഗവർണറുടെ നടപടി സ്വാഭാവികമായി പ്രതിഷേധം വിളിച്ചുവരുത്തുന്നത്; മുഖ്യമന്ത്രി
കേസില്‍ ഇതുവരെ ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതും തുടരുകയുമാണ്. ലോക്സഭാ സെക്രട്ടറിയേറ്റിന്റെ അനുമതി ലഭിച്ചാല്‍ പ്രതികളുമായി പാര്‍ലമെന്റിനകത്തും പുറത്തും തെളിവെടുപ്പും സംഭവത്തിന്റെ പുനരാവിഷ്‌കരണവും നടത്തിയേക്കും. പ്രതികള്‍ താമസിച്ച ഗുരുഗ്രാമിലെ വീട്ടിലെ ഗൃഹനാഥന്‍ വിക്കി എന്ന വിശാല്‍ ശര്‍മ്മ, ഭാര്യ എന്നിവരെ സാക്ഷികളാക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. പ്രതികള്‍ക്ക് സന്ദര്‍ശക പാസ് നല്‍കിയ ബിജെപി എം.പി പ്രതാപ് സിംഹയ്ക്ക് ദില്ലി പോലീസ് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയേക്കും. പ്രതികള്‍ സിഗ്‌നല്‍ ആപ്പ് വഴിയാണ് മാസങ്ങളായി ചര്‍ച്ച നടത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്താന്‍ തയ്യാറാകാത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ മാധ്യമത്തിലൂടെ ആദ്യമായി പ്രതികരിച്ചു.
പാര്‍ലമെന്റില്‍ നടന്നത് ഗുരുതരമായ സംഭവമെന്നും സുരക്ഷാ വീഴ്ച നിസ്സാരമായി കാണുവാന്‍ സാധിക്കില്ലെന്നുമായിരുന്നു നരേന്ദ്ര മോദിയുടെ പ്രതികരണം. നേരത്തേ അമിത് ഷായും സമാനമായി ദേശീയ മാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു. എന്നാല്‍ വന്‍സുരക്ഷാ വീഴ്ചയില്‍ പാര്‍ലമെന്റില്‍ എത്തി മറുപടി പറയണമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം. നാളെ ചേരുന്ന പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ രാജ്യസഭയിലും ലോക്സഭയിലും വിഷയം ഉയര്‍ത്തി പ്രതിഷേധം തുടരാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here