നമ്മുടെ നാട്ടിൽ വളരെ സുലഭമായ ഒന്നാണ് പാഷൻ ഫ്രൂട്ട്. ആളുടെ സ്വദേശം തെക്കേ അമേരിക്കയാണെങ്കിലും മലയാളികളുടെ ഇഷ്ട ഫലങ്ങളിലൊന്നാണ് പാഷൻ ഫ്രൂട്ട്. പർപ്പിൾ, മഞ്ഞ എന്നീ നിറങ്ങളിലാണ് കൂടുതലും ഇവ കാണാറുള്ളത്. വളരെ ചെറിയ പഴമാണെങ്കിലും ധാരാളം ഗുണങ്ങളും ഇവയിലടങ്ങിയിട്ടുണ്ട്. 76 ശതമാനവും ജലാംശമുള്ള പാഷൻഫ്രൂട്ടിൽ അവശ്യ വിറ്റാമിനുകളും ധാതുക്കളും ആന്റി-ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.100 ഗ്രാം പാഷൻ ഫ്രൂട്ടെടുത്താൽ അതിൽ 10.4 ഗ്രാം നാരുകളാണ് അടങ്ങിയിട്ടുള്ളത്. ഇത് ശരിയായ ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും ബെസ്റ്റാണ്.
കുറഞ്ഞ ഗ്ലൈസീമിക് സൂചികയുള്ള ഫലമായതിനാൽ പ്രമേഹരോഗികൾക്കും ഇതുപയോഗിക്കാം. ഇൻസുലിൻ സംവേദന ക്ഷമത മെച്ചപ്പെടുത്താൻ കഴിയുന്ന പിസിയാറ്റനോൾ എന്ന ഒരു സംയുക്തം പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. ഒപ്പം കൊളസ്ട്രോൾ നിയന്ത്രിക്കാനും ഇത് സഹായിക്കും. വൈറ്റമിൻ സി, വൈറ്റമിൻ എ, കരോട്ടിൻ, പൊട്ടാസ്യം, കാത്സ്യം, സോഡിയം, ഇരുമ്പ് എന്നീ ധാതുക്കളാൽ സമ്പന്നമാണ് പാഷൻ ഫ്രൂട്ട്.
കൂടാതെ പാഷൻ ഫ്രൂട്ടിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് പതിവായി കഴിക്കുന്നത് വൈറ്റമിൻ എയുടെ ആവശ്യമായ അളവ് ഉറപ്പാക്കും. അങ്ങനെ കാഴ്ചക്കുറവിനുള്ള സാധ്യത കുറയ്ക്കുന്നു. ചർമത്തെ ചെറുപ്പമാക്കി നിലനിർത്തുന്നതിനും പാഷൻ ഫ്രൂട്ട് സഹായിക്കുന്നു.
അതേസമയം, ചിലരിൽ പാഷൻ ഫ്രൂട്ട് അലർജി ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഇതിൽ ധാരാളമായി ഓക്സലേറ്ററുകൾ ഉണ്ട്. ഇത് വൃക്ക രോഗസാധ്യതയുള്ളവരിൽ കല്ലുണ്ടാകാനിടയാക്കാം. ഇത്രയേറെ ധാതുക്കൾ അടങ്ങിയിരിക്കുന്ന പഴമാണെങ്കിലും കുറച്ച് അപകടങ്ങളൊക്കെ ഇതിൽ പതുങ്ങിയിരിക്കുന്നുണ്ട്. പാഷൻ ഫ്രൂട്ടിന്റെ തൊലി കഴിക്കാൻ പാടില്ല. സയനൈഡിന്റെ അംശമുള്ള സയനോജനിക് ഗ്ലൈക്കോസൈഡുകൾ പാഷൻ ഫ്രൂട്ടിന്റെ തൊലിയിൽ ചെറിയ അളവിൽ അടങ്ങിയിട്ടുള്ളതിനാലാണിത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here