ട്വന്റി 20 ലോകകപ്പില്‍ നെറ്റ് റണ്‍റേറ്റില്‍ കൃത്രിമത്വം നടത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ്. ഈ ആരോപണം ക്രിക്കറ്റിന്റെ മാന്യതയ്ക്ക് എതിരാണെന്ന് താരം പറഞ്ഞു. ഓരോ തവണ കളത്തില്‍ ഇറങ്ങുമ്പോഴും മികച്ച പ്രകടനം പുറത്തെടുക്കണമെന്നാണ് ആഗ്രഹിക്കേണ്ടതെന്നും, മറ്റേതൊരു സമീപനവും തെറ്റാണ്, നെറ്റ് റണ്‍റേറ്റിനെക്കുറിച്ച് ഓസ്‌ട്രേലിയന്‍ ടീം ചിന്തിക്കുന്നില്ലെന്നും കമ്മിന്‍സ് മാധ്യമങ്ങളോട് സംസാരിക്കെ വ്യക്തമാക്കി.
‘ഞാന്‍ ജോഷ് ഹേസല്‍വുഡുമായി സംസാരിച്ചു. ജോഷിന്റെ വാക്കുകളാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഒരല്‍പ്പം തമാശയായി മാത്രമാണ് അയാള്‍ ഇക്കാര്യത്തെപ്പറ്റി പറഞ്ഞത്. അത് തെറ്റിദ്ധരിക്കപ്പെട്ടു. സ്‌കോട്ട്‌ലാന്‍ഡ് ഈ ടൂര്‍ണമെന്റില്‍ നന്നായി കളിക്കുന്നുണ്ട്. അത് ഓസ്‌ട്രേലിയന്‍ ടീമിന് ബുദ്ധിമുട്ടായിരിക്കും. എങ്കിലും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ നിലപാടുകളില്‍ മാറ്റമുണ്ടാകില്ല’, വിവാദത്തിൽ കമ്മിന്‍സ് കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിനെ പുറത്താക്കാന്‍ ഒരവസരം ലഭിച്ചാല്‍ തീര്‍ച്ചയായും ഓസ്‌ട്രേലിയ അത് ഉപയോഗിക്കുമെന്നാണ് ഓസ്‌ട്രേലിയൻ താരം ഹേസല്‍വുഡ് പ്രമുഖ മാധ്യമത്തോട് സംസാരിക്കുന്നതിനിടെ പ്രതികരിച്ചത്. ഇത് വലിയ രീതിയിൽ ക്രിക്കറ്റ് ലോകത്ത് വിവാദങ്ങൾക്ക് തിരികൊളുത്തുകയായിരുന്നു. എന്നാല്‍ താരത്തിന്റെ ഈ വാക്കുകള്‍ ഓസ്‌ട്രേലിയന്‍ നായകന്‍ മിച്ചല്‍ മാര്‍ഷിനാണ് ബുമാർഗ് പോലെ തിരിച്ചു കിട്ടിയത്. നെറ്റ് റണ്‍റേറ്റില്‍ കൃത്രിമത്വം നടന്നെന്ന് തെളിഞ്ഞാല്‍ മിച്ചല്‍ മാര്‍ഷ് സൂപ്പര്‍ എട്ടിലെ രണ്ട് മത്സരങ്ങളില്‍ വിലക്ക് നേരിടേണ്ടി വരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here