പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവന്റെ മരണത്തില്‍ പ്രതികളായ മൂന്ന് സഹപാഠികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അമ്മുവിന്റെ സഹപാഠികളായ പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എടി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നതിനാല്‍ റിമാന്‍ഡ് ചെയ്യണമെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു. ജാമ്യം നല്‍കിയാല്‍ പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും അന്വേഷണം തടസ്സപെടുത്താന്‍ ഇടപെട്ടേക്കുമെന്നും കേസിനു ഗൗരവ സ്വഭാവം ഉള്ളതായും പൊലീസ് പറഞ്ഞു.
കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടേ സാഹചര്യം നിലനില്‍ക്കുന്നുവെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു. ഇനി പൊലീസ് കസ്റ്റഡിയില്‍ വിടരുതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ഇടക്കാല ജാമ്യം നല്‍കണമെന്ന ആവശ്യവും ഉന്നയിച്ചു. പ്രതികള്‍ക്ക് പ്രായം 24 മാത്രമാണെന്നും ഇത് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥൻ സി ഐ ഷിബുകുമാറിനെ കോടതി വിസ്തരിച്ചു.
മൂന്ന് വിദ്യാര്‍ഥിനികളുടെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി. മൂന്ന് പെണ്‍കുട്ടികള്‍ക്കെതിരെ അമ്മുവിന്റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. നിരന്തരമായ മാനസിക പീഡനം ഇവരില്‍ നിന്ന് അമ്മുവിന് നേരിട്ടു എന്നായിരുന്നു ആരോപണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here