പത്തനംതിട്ട : വിദ്യാർത്ഥിനി തുടർച്ചയായ ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ കൂടുതൽ കേസുകളെടുത്ത് പൊലീസ്, 6 യുവാക്കളെ റാന്നിയിൽ നിന്നും പത്തനംതിട്ട പൊലീസ് ഇന്നലെ പിടികൂടി. പി ദീപു (22), അനന്ദു പ്രദീപ് (24), അരവിന്ദ് (23), വിഷ്ണു (24), ബിനു ജോസഫ് (39), അഭിലാഷ് കുമാർ (19) എന്നിവരെയാണ് ഇന്നലെ വൈകിട്ട് പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി.
ഇന്നലെ പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ ഒന്നിലെ അഞ്ച് പ്രതികളും, ഇലവുംതിട്ട സ്റ്റേഷനിലെ കേസിലെ ഒരു പ്രതിയും ഉൾപ്പെടെയാണ് ഇത്. അഭിലാഷ് കുമാർ ആണ് ഇലവുംതിട്ടയിലെ ഒരു കേസിലെ പ്രതി. പത്തനംതിട്ടയിലെ മറ്റ് രണ്ട് കേസുകളിലായി 3 പ്രതികൾ പിടിയിലാവാനുമുണ്ട്. ഈ കേസുകളിൽ കണ്ണൻ (21), അക്കു ആനന്ദ് (20), ഒരു കൗമാരക്കാരൻ എന്നിങ്ങനെ പിടിയിലായിട്ടുണ്ട്.
Also Read: പത്തനംതിട്ട പീഡനക്കേസ്; കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പൊലീസ്: 28 പേർ അറസ്റ്റില്‍
ഇരു സ്റ്റേഷനുകളിലും പുതിയ കേസുകൾ രജിസ്റ്റർ ചെയ്തുവരികയാണ്. ഇലവുംതിട്ടയിൽ ഇന്ന് 9 എഫ് ഐ ആറുകളാണ് കുട്ടിയുടെ മൊഴിപ്രകാരം രജിസ്റ്റർ ചെയ്തത്, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പത്തനംതിട്ട സ്റ്റേഷനിൽ ഇന്ന് പുതുതായി ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു, ഒരു പ്രതി പിടിയിലായി, ലിജോ (26) ആണ് അറസ്റ്റിലായത്. ഇതോടെ പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത ആകെ 7 കേസുകളിലായി 21പ്രതികൾ പിടിയിലായിട്ടുണ്ട്, ഇതിൽ 4 പേർ കുട്ടികളാണ്. ഇലവുംതിട്ടയിൽ ആകെ 6 പേരും അറസ്റ്റിലായി. പീഡനസംഭവങ്ങളിൽ ഇരു സ്റ്റേഷനുകളിലുമായി ഇതുവരെ 27 പ്രതികളാണ് അറസ്റ്റിലായത്.
കഴിഞ്ഞവർഷം പ്ലസ് ടൂവിന് പഠിക്കുമ്പോൾ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ദീപുവും ഇയാളുടെ സുഹൃത്തുക്കളും ചേർന്ന് റാന്നി മന്ദിരംപടിയിലെ റബ്ബർ തോട്ടത്തിൽ എത്തിച്ച് കാറിനുള്ളിൽ വച്ച് പീഡിപ്പിച്ചതായി മൊഴി നൽകിയതുപ്രകാരം പത്തനംതിട്ട പോലീസ് ഇന്നലെ രജിസ്റ്റർ ചെയ്ത കേസിലാണ് 6 പേർ റാന്നിയിൽ നിന്നും പിടിയിലായത്.
Also Read: പത്തനംതിട്ട പീഡനം; അതിജീവിതയ്ക്ക് താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കണമെന്ന് പൊലീസ് റിപ്പോര്‍ട്ട്
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ ഫെബ്രുവരിയിൽ ഒരു ദിവസം നേരിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച കുട്ടിയെ ദീപു വിളിച്ചുവരുത്തി കാറിൽ രണ്ട് കൂട്ടുകാർക്കൊപ്പം കയറ്റിക്കൊണ്ടുപോകുകയായിരുന്നു. അവർ മൂവരും, തുടർന്ന് ഓട്ടോറിക്ഷയിൽ എത്തിയ മറ്റ് മൂന്നുപ്രതികളും പീഡിപ്പിച്ചു.
അടുത്ത കേസിൽ നാല് പ്രതികളുണ്ട്, പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വച്ചാണ് ഇവർ കൂട്ട ബലാൽസംഗത്തിനിരയാക്കിയത്. 2024 ജനുവരിയിലൊരു ദിവസമാണ് പീഡനം നടന്നത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും കാറിൽ കടത്തിക്കൊണ്ടുപോയി തോട്ടുപുറത്തെ പൂട്ടിയിട്ട കടയുടെ സമീപത്ത് കാറിൽ വച്ച് രണ്ടുപേർ പീഡിപ്പിച്ചതായി വിദ്യാർത്ഥിനി വെളിപ്പെടുത്തിയതുപ്രകാരം എടുത്ത കേസ് ആണ് അടുത്തത്.
ലൈംഗികമായി പീഡിപ്പിച്ചശേഷം ഇവർ വീടിനരികിൽ ഇറക്കിവിട്ടതായും പറയുന്നു. കഴിഞ്ഞവർഷം ജൂലൈയിലാണ് സംഭവം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് പ്രതികളിൽ പലരെയും പരിചയപ്പെട്ടതും, കുട്ടിയെ പലയിടങ്ങളിലേക്കും വാഹനങ്ങളിൽ കൊണ്ടുപോയി പീഡനത്തിനു വിധേയയാക്കിയതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയമിച്ചു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാർ അന്വേഷണത്തിന് നേതൃത്വം നൽകും. പത്തനംതിട്ട പോലീസ് ഇൻസ്‌പെക്ടർ ഡി ഷിബുകുമാർ, ഇലവുംതിട്ട പോലീസ് ഇൻസ്‌പെക്ടർ ടി കെ വിനോദ് കൃഷ്ണൻ, റാന്നി പോലീസ് ഇൻസ്‌പെക്ടർ ജിബു ജോൺ, വനിതാ പോലീസ് സ്റ്റേഷൻ എസ് ഐ കെ ആർ ഷെമി മോൾ ഉൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിലെ വ്യത്യസ്ത റാങ്കുകളിൽപ്പെട്ട 25 പോലീസ് ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് പ്രത്യേകഅന്വേഷണസംഘം.
അന്വേഷണപുരോഗതി ദിവസവും ജില്ലാ പോലീസ് മേധാവി നേരിട്ട് വിലയിരുത്തും. ശാസ്ത്രീയ തെളിവുകൾ അടക്കം പോലീസ് ശേഖരിച്ചുവരികയാണ്. മൊബൈൽ ഫോണുകളും മറ്റും പരിശോധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here