സമരം ചെയ്തതിന് വിദ്യാർത്ഥിനിയായ പായൽ കപാഡിയക്കെതിരെ ബിജെപി അനുഭാവിയും നടനുമായ ഗജേന്ദ്ര ചൗഹാൻ, പ്രശാന്ത് പത്രബെ എന്നിവരുടെ കീഴിലുള്ള എഫ്.ടി.ഐ.ഐ നേതൃത്വം 2015 ൽ അച്ചടക്ക നടപടി സ്വീകരിക്കുമ്പോൾ ലോകം അറിഞ്ഞിരുന്നില്ല അത് വളർച്ചയ്ക്ക് മുൻപുള്ള വിഘ്നമായിരുന്നെന്ന്. ബിജെപി അനുഭാവികളുടെ നടപടിയെ തുടർന്ന് പായൽ കപാഡിയ ക്ലാസുകൾ ബഹിഷ്കരിക്കുകയും ചൗഹാനെതിരെ 4 മാസം നീണ്ടുനിന്ന പ്രതിഷേധത്തിന് നേതൃത്വം നൽകുകയും ചെയ്തു. അതിനെ തുടർന്ന് എഫ്.ടി.ഐ.ഐ അവരുടെ ഗ്രാന്റ് വെട്ടിക്കുറച്ചു.
എന്നാൽ 2021 ജൂലൈ 18 ന് ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്ര മേളകളിലൊന്നായ കാൻസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മുംബൈയിൽ നിന്നുള്ള ഫിലിം മേക്കറായ പായൽ കപാഡിയ ‘എ നെറ്റ് ഓഫ് നോവിങ് നത്തിങ്’ ന് മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്ക്കാരം ഏറ്റുവാങ്ങി. തന്നെ എതിർത്തവർക്കുള്ള ഒരു മധുര പ്രതികാരം എന്നോണം പായൽ അന്ന് വാർത്തകളിൽ നിറഞ്ഞു നിന്നു. എന്നാൽ അത് ചരിത്രത്തിലേക്കുള്ള നടത്തത്തിന്റെ ആദ്യപടിയായിരുന്നെന്ന് ആ പെൺകുട്ടിയോ ഇന്ത്യൻ സിനിമാ ചരിത്രമോ തിരിച്ചറിഞ്ഞിരുന്നില്ല.
2024 ൽ ഴുപത്തിയേഴാമത് കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഏറ്റവും വിലയേറിയ രണ്ടാമത്തെ പുരസ്ക്കാരമായ ‘ജൂറി ഗ്രാൻ്റ് പ്രിക്സ്’ അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ സംവിധായിക ആയി പായൽ ഇന്ന് ചരിത്രം കുറിക്കുമ്പോൾ ബിജെപിയുടെ കലയ്ക്കും കലാകാരനും നേരെ കെട്ടിയ മതിലുകൾ കൂടിയാണ് തകർന്നു പോകുന്നത്. പായൽ കപാഡിയ ഇന്ത്യൻ ചരിത്രത്തിൽ പായൽ പോലെ തന്നെ പടർന്നു പിടിക്കട്ടെ. എതിർപ്പുകളിൽ തോറ്റുപോകാൻ തുടങ്ങുന്ന പെൺകുട്ടികൾക്ക് അവർ ഒരു മാതൃകയാകട്ടെ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here