കർണാടകയിൽ സിദ്ധരാമയ്യ സർക്കാരിൻ്റെ ഇരുട്ടടി; പ്രതിഷേധവുമായി ജനങ്ങൾ

കർണാടകയിൽ പുതുതായി അധികാരമേറ്റ സിദ്ധരാമയ്യ സർക്കാരിൻ്റെ ഇരുട്ടടിക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ. സംസ്ഥാനത്തുടനീളം വൈദ്യുതി ചാർജ് യൂണിറ്റിന് 2.89 രൂപയായി വർദ്ധിപ്പിച്ച നടപടിക്കെതിരെയാണ് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു നിബന്ധനയും കൂടാതെ സംസ്ഥാനത്തെ ജനങ്ങൾക്ക് സൗജന്യ വൈദ്യുതി പദ്ധതി കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അധികാരത്തിലെത്തിയതിന് പിന്നാലെ സൗജന്യ വൈദ്യുതിക്ക് നിബന്ധന വെച്ചിരിക്കുകയാണ് കോൺഗ്രസ് സർക്കാർ .2023 ജൂലൈ 1 മുതലാണ് പുതിയ ചാർജ് സംസ്ഥാനത്ത് നിലവിൽ വരിക. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് കർണാടകയിൽ ജനങ്ങൾക്കിടയിൽ നിന്നും ഉയരുന്നത്.

‘ഗൃഹജ്യോതി പദ്ധതി’ പ്രകാരം എല്ലാ വീടുകളിലും 200 യൂണിറ്റ് വൈദ്യുതി ഉപഭോഗം വരെ സൗജന്യമായി നൽകുമെന്ന് കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു, ഇപ്പോൾ ‘അർഹതയുള്ള’ കുടുംബങ്ങൾക്ക് മാത്രം എന്ന് തിരുത്തിയിരിക്കുകയാണ്.നിലവിൽ 200 യൂണിറ്റിന് താഴെയുള്ള സ്ലാബിന് താഴെയുള്ളവർക്ക് സേവാ സിന്ധു പോർട്ടൽ വഴി സൗജന്യ വൈദ്യുതിക്ക് അപേക്ഷിക്കാം. സംസ്ഥാനത്ത് 200 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് വിലവർദ്ധനവ് ബാധകമാണ്.

അതേസമയം, വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചത് സംബന്ധിച്ച് സർക്കാരല്ല കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനാണ് (കെഇആർസി) തീരുമാനമെടുത്തതെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. റെഗുലേറ്ററി അതോറിറ്റി നിശ്ചയിച്ച നിരക്കുവർധന മാത്രമാണ് സർക്കാർ നടപ്പാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. മുമ്പും കെഇആർസി സമാനമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും കർണാടക മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പുതിയ സർക്കാരിൻ്റെ സാമ്പത്തിക പദ്ധതികളും മുൻഗണനകളും വിവരിച്ചുകൊണ്ട് 2023 ജൂലൈ 7 ന് സംസ്ഥാന സർക്കാർ ബജറ്റ് അവതരിപ്പിക്കുമെന്നും സിദ്ധരാമയ്യ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News