ഓൺലൈൻ ട്രേഡിംഗിൽ പാർട്ടൈം ജോലി നൽകാം എന്ന വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതികൾ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയാണ് തട്ടിപ്പിനിരയായത്. മലപ്പുറത്തു നിന്നും കേസിലെ പ്രതികളായ ശിവദാസൻ, അഷറഫ്, ഷാജിമോൻ, എന്നിവരെയാണ് സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം സ്വദേശിയെ ടെലിഗ്രാം പ്ലാറ്റ്ഫോമിലൂടെ ബന്ധപ്പെടുകയും ഓൺലൈൻ ട്രേഡിംഗ്പ്രോഡക്റ്റ് വാങ്ങുകയും, വിൽക്കുകയും ചെയ്യുന്ന ജോലി നൽകാമെന്നും ഉയർന്ന വരുമാനം നേടാമെന്നും ട്രേഡിങ്ങിലൂടെ നേടുന്ന രൂപ ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ച് ലാഭം നേടിയെടുക്കുന്ന രീതി വിവരിക്കുന്ന , വീഡിയോ പ്രോഗ്രാമുകൾ കാണിച്ച് വിശ്വസിപ്പിച്ച ശേഷം ആണ് തട്ടിപ്പ്.
വിർച്ച്വൽ പ്ലാറ്റ്ഫോറത്തിൽ അക്കൗണ്ട് ഓപ്പൺ ചെയ്തു അതിലെ ട്രേഡിങ്ങിനായി വിവിധ അക്കൗണ്ടുകളിലേക്ക് പല തവണകളായി വാങ്ങിയ തുക അക്കൗണ്ടിൽ വലിയ തുകകളായി മാറുന്ന രീതിയിൽ പ്ലാറ്റ്ഫോമിൽ ഡിസ്പ്ലേ കാണിച്ച് പരാതിക്കാരന്റെ സമ്പാദ്യമാണെന്ന് വിശ്വസിപ്പിക്കും. തുക പിൻവലിക്കുന്നതിന് അവർ തന്നെ നിർദ്ദേശിക്കുകയും പണം ട്രാൻസ്ഫർ ചെയ്യാൻ ശ്രമിക്കുമ്പോൾ ടാസ്കുകൾ കമ്പ്ലീറ്റ് ചെയ്തിട്ടില്ല എന്നും ആയത് പൂർത്തിയാക്കുന്നതിനായി വീണ്ടും പല ആവശ്യങ്ങൾ പറഞ്ഞു ഭീഷണിപ്പെടുത്തി പ്രതികൾ രൂപ ആവശ്യപ്പെടുകയുമായിരുന്നു. നിക്ഷേപിച്ച തുക തിരികെ ലഭിക്കാതെ ആയപ്പോഴാണ് ഇത് യഥാർത്ഥമല്ല എന്ന് പരാതിക്കാരന് മനസ്സിലാവുകയും പരാതി നൽകുകയും ചെയ്തത്.
തട്ടിയെടുത്ത 90 ലക്ഷം രൂപയിൽ 70 ലക്ഷ ത്തോളം രൂപ മലപ്പുറത്തുള്ള സഹകരണ ബാങ്കിലേക്കാണ് കൈമാറ്റം ചെയ്തതെന്ന് മനസ്സിലാക്കിയ സൈബർ പൊലീസ് ടീം നൂതന സൈബർ സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രതികളുടെ വിവരം ശേഖരിച്ച് അന്വേഷണം നടത്തി.
ALSO READ:സുഗന്ധഗിരി ആദിവാസി ഭൂമിയിലെ മരംകൊള്ള; ഒമ്പതുപേർ അറസ്റ്റിൽ
നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സാങ്കേതിക ഉപകരണങ്ങൾ അനാലിസിസ് ചെയ്തു പ്രാദേശികമായി നടത്തിയ രഹസ്യന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ കണ്ടെത്താനായത്. അന്വേഷണത്തിൽ വിദേശത്തുനിന്നും പണം നാട്ടിലേക്ക് അയക്കുന്ന ബിസിനസിലേക്ക് ബാങ്ക് അക്കൗണ്ട് എടുത്തു നൽകിയാൽ കമ്മീഷൻ നൽകാവുന്ന വ്യവസ്ഥയിലാണ് പ്രതികൾ പ്രാദേശികമായി നിരവധി അക്കൗണ്ട് കരസ്ഥമാക്കിയതായി മനസ്സിലാക്കിയിട്ടുണ്ട്. നിരവധി പരാതികളാണ് ലഭിക്കുന്നതെന്നും, ഇത്തരത്തിൽ കോടിക്കണക്കിന് രൂപയാണ് കേരളത്തിൽ നിന്ന് തട്ടിയെടുക്കുന്നതെന്നും അന്വേഷണസംഘം വ്യക്തമാക്കി.
ഐ.ജി.പി & സിറ്റി പോലീസ് കമ്മീഷണർ നാഗരാജുചകിലം ഐപിഎസ് , നിർദ്ദേശാനുസരണം ഡെപ്യുട്ടി പൊലീസ് കമ്മീഷണർ (ക്രമസമാധാനം) നിധിൻ രാജ് ഐപിഎസിന്റെ നേതൃത്വത്തിൽ സൈബർ പൊലീസ് സ്റ്റേഷൻ അസിസ്റ്റൻറ് കമ്മീഷണർ ഹരി , പൊലീസ് ഇൻസ്പെക്ടർ ജയൻ കെ എസ്, സബ് ഇൻസ്പെക്ടർ ശ്രീ. വിഷ്ണു, ബിനുലാൽ, സി പി ഒ മാരായ ശബരിനാഥ് സമീർഖാൻ, വിഷ്ണു എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് കേസിന്റെ അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് നേതൃത്വം നൽകിയത്.
ALSO READ: ഉത്സവത്തിന്റെ വെടിക്കെട്ട് കഴിഞ്ഞതിന് പിന്നാലെ കത്തികുത്ത്; ഒരു മരണം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here