കൊവിഡ് അനാവശ്യ ഭീതി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: മന്ത്രി വീണാ ജോര്‍ജ്

കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുതലാണ് എന്ന നിലയില്‍ അനാവശ്യഭീതി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് തീര്‍ത്തും തെറ്റായ കാര്യമാണ്. നവംബര്‍ മാസത്തില്‍ തന്നെ കൊവിഡ് കേസുകളില്‍ ചെറുതായി വര്‍ദ്ധനവ് കണ്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് കൃത്യമായ ജാഗ്രത നിര്‍ദേശം നല്‍കി മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. സാമ്പിളുകള്‍ ഹോള്‍ ജിനോം സീക്വന്‍സിംഗ് പരിശോധനയ്ക്ക് അയയ്ക്കാന്‍ മന്ത്രിതല യോഗത്തില്‍ അന്നുതന്നെ തീരുമാനിച്ചിരുന്നു. നവംബര്‍ മുതല്‍ ഹോള്‍ ജിനോമിക് പരിശോധനയ്ക്ക് സാമ്പിളുകള്‍ അയച്ചു വരുന്നു. അതില്‍ ഒരു സാമ്പിളില്‍ മാത്രമാണ് ജെഎന്‍ 1 കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം കരകുളം സ്വദേശിയായ 79 വയസുള്ള ആള്‍ക്കാണ് ഇത് കണ്ടെത്തിയത്. അവര്‍ ഗൃഹ ചികിത്സ കഴിഞ്ഞ് രോഗമുക്തമാകുകയും ചെയ്തതായും മന്ത്രി വ്യക്തമാക്കി.

ALSO READ: ”74% ഇന്ത്യക്കാരും പോഷകാഹാരക്കുറവ് നേരിടുന്നു”; ചര്‍ച്ചയായി യുഎന്നിന്‍റെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

അതേസമയം കഴിഞ്ഞ മാസങ്ങളിലായി ഇന്ത്യയില്‍ നിന്നും സിംഗപ്പൂരിലേക്ക് പോയ 15 പേരില്‍ ജെഎന്‍ 1 ഉണ്ടെന്ന് സിംഗപ്പൂര്‍ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ അര്‍ത്ഥം ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലും ഈ കൊവിഡ് വകഭേദം ഉണ്ടെന്നാണ്. കേരളത്തില്‍ ഇത് പരിശോധനയിലൂടെ കണ്ടെത്തി എന്നുള്ളതാണ് പ്രത്യേകത. കേരളത്തിലെ സംവിധാനങ്ങളുടെ മികവു കൊണ്ടും ജാഗ്രത കൊണ്ടുമാണ് കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് ഇത് സംബന്ധിച്ച് കൃത്യമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഐസിയു കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും ഉപയോഗം കൂടുന്നുണ്ടോ എന്ന് തുടക്കം മുതല്‍ പരിശോധിക്കുന്നുണ്ട്. ഇപ്പോഴുമത് നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആശുപത്രികളിലുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍, റൂമുകള്‍, ഓക്സിജന്‍ കിടക്കകള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്റുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തുകയും റിവ്യൂ ചെയ്യുകയും ചെയ്യുന്നു. ഡിസംബര്‍ 13 മുതല്‍ 16 വരെ ഇവയുടെ ലഭ്യത ഉറപ്പ് വരുത്താനായി 1192 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ മോക് ഡ്രില്‍ നടത്തി. ഓക്സിജന്‍ സൗകര്യം ലഭ്യമായ 1957 കിടക്കകളും, 2454 ഐസിയു കിടക്കകളും 937 വെന്റിലേറ്റര്‍ സൗകര്യമുള്ള ഐസിയു കിടക്കകളും ക്രമീകരിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

ALSO READ: 60 വയസിന് മുകളില്‍ പ്രായമുള്ളവരും അസുഖബാധിതരും മാസ്‌ക് ധരിക്കണം; നിര്‍ദേശവുമായി കര്‍ണാടക സർക്കാർ

മരിച്ച ആളുകള്‍ക്ക് ഗുരുതരമായ മറ്റു രോഗങ്ങളും ഉണ്ടായിരുന്നു. ആരും തന്നെ കൊവിഡ് മൂലം മരിച്ചവരല്ല. മറ്റ് ഗുരുതര രോഗങ്ങളുമായി ആശുപത്രിയില്‍ അഡ്മിറ്റ് ആയവരാണ്. കേരളത്തിന്റെ ആരോഗ്യ സംവിധാനങ്ങളുടെ മികവു കൊണ്ടാണ് എപ്പോഴും കാര്യങ്ങള്‍ കൃത്യമായി കണ്ടെത്തുന്നത്. അത് ഇവിടെ രോഗം പടരുന്നു എന്ന രീതിയില്‍ തെറ്റായി വ്യാഖ്യാനിച്ച് ജനജീവിതത്തെ ബാധിക്കുന്ന രീതിയിലേക്ക് കൊണ്ടുപോകാന്‍ പാടില്ല. പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരും കോവിഡ് വരാതിരിക്കാന്‍ കരുതല്‍ സ്വീകരിക്കണം എന്നും മന്ത്രി വീണ ഗോർജ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News