നീർച്ചാലുകളുടെ നവീകരണത്തിലൂടെ നീരൊഴുക്കിൻ്റെ തടസം മാറ്റാൻ ജനങ്ങൾ ഒന്നിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിൽ ഉൾപ്പെടുത്തി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ഇനി ഞാൻ ഒഴുകട്ടെ’ നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് മൂന്നാംഘട്ട ഉദ്ഘാടനം പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് നാലാം വാർഡ് കാവുംപുറത്ത് ഏലയിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യങ്ങൾ നീർച്ചാലുകളിലേക്ക് വലിച്ചെറിഞ്ഞ് മലിനമാക്കുന്നത് ഒഴിവാക്കി സംരക്ഷിച്ചാൽ മാത്രമെ മനുഷ്യരുടെയും ജീവജാലങ്ങളുടെയും ജീവൻ നിലനിർത്താൻ കഴിയുയെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.
നീര്‍ച്ചാല്‍ ശൃംഖല കണ്ടെത്തി വീണ്ടെടുക്കുന്നതിന്റെ ഭാഗമായി അടഞ്ഞു പോയതും നശിച്ചതുമായി നീര്‍ച്ചാലുകളെ മൊബൈല്‍ ആപ്ലിക്കേഷനും, കമ്പ്യൂട്ടര്‍ സോഫ്റ്റുവെയറും ഉപയോഗിച്ച് മാപ്പിംഗ് നടത്തി ഭൂപടത്തില്‍ അടയാളപ്പെടുത്തി കണ്ടത്തുകയാണ് ആദ്യ പടി. നീര്‍ച്ചാലുകളുടെ ഓരത്തു കൂടിയുള്ള നടത്തം നശിച്ചു പോയ ജലവഴികളും, അടഞ്ഞു പോയ ജലാശയങ്ങളും കണ്ടെത്തുന്നതിന് സഹായിക്കും. തുടര്‍ന്ന് ജനപങ്കാളിത്തത്തോടെ തൊഴിലുറപ്പു പദ്ധതിയുടെയും വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും ഏകോപനത്തോടെ ശുചീകരണം സാധ്യമാകും. ഹരിതകേരളം മിഷന്റെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് യജ്ഞം നടപ്പിലാക്കാന്‍ മുന്നിട്ടു നില്‍ക്കുന്നത്.
Also Read: ലക്ഷ്യം അടുത്ത കേരളപ്പിറവിക്ക് മുമ്പ് അതിദരിദ്രരില്ലാത്ത കേരളം: മുഖ്യമന്ത്രി
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്. രാജേന്ദ്രപ്രസാദ് അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് വൈ. പ്രസിഡൻ്റ് ബീനാ പ്രഭ, ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡൻ്റ് റാഹേൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.പി. വിദ്യാധര പണിക്കർ, എൻ.കെ. ശ്രീകുമാർ, പ്രീയാ ജ്യോതികുമാർ, ശ്രീകല, ശ്രീവിദ്യാ, രഞ്ചിത്ത്, ശരത് കുമാർ, കുടുംബശ്രീ ചെയർപേഴ്സൺ രാജി, സെക്രട്ടറി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here