കോഴിക്കോട് പേരാമ്പ്രയിൽ കണ്ടെത്തിയ ചെങ്കൽ ഗുഹ, പുരാവസ്തു വകുപ്പ് പരിശോധിച്ചു. ലഭിച്ച പുരാവസ്തുക്കൾ, ഈസ്റ്റ്ഹിൽ പഴശ്ശിരാജ മ്യൂസിയത്തിലേക്ക് മാറ്റി. മഹാശിലാ സംസ്കാരത്തിന്റെ ഭാഗമായ ഗുഹയാണ് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. പേരാമ്പ്ര നൊച്ചാട് പഞ്ചായത്തിലെ ചേനോളി സ്വദേശി സുരേന്ദ്രൻ്റെ സ്ഥലത്ത്, വീടു നിർമ്മാണത്തിന്റെ ഭാഗമായി ശുചിമുറിക്കായി കുഴിയെടുക്കുന്നതിനിടെയാണ് ചെങ്കൽ ഗുഹ കണ്ടെത്തിയത്. വിവരം പുരാവസ്തു വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തി വിശദമായ പരിശോധന നടത്തി.
2000 മുതൽ 2500 വർഷം മുൻപുള്ളതാണ് ഗുഹയെന്നാണ് പ്രാഥമിക നിഗമനം. കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ചാർജ് ഓഫീസർ കെ കൃഷ്ണ രാജിൻ്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്ക് നേതൃത്വം നൽകി. ലഭിച്ച പുരാവസ്തുക്കൾ പ്രദർശനത്തിന് വെച്ച ശേഷം ഈസ്റ്റ്ഹിൽ പഴശ്ശിരാജ മ്യൂസിയത്തിലേക്ക് മാറ്റി. മൺ പാത്രങ്ങൾ , ഇരുമ്പ് കൊണ്ടുള്ള ആയുധങ്ങൾ, അസ്ഥികൾ, ബെഞ്ച് എന്നിവയാണ് മൂന്ന് അറകളുള്ള ഗുഹയിൽ നിന്നും കണ്ടെത്തിയത്. ഗുഹ കാണാൻ ദിവസവും നിരവധി പേർ എത്തുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here