നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൈപുണ്യവികസന കേന്ദ്രങ്ങള്‍ (‘സെന്റര്‍ ഫോര്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോഴ്‌സസ് ആന്‍ഡ് കരിയര്‍ പ്ലാനിംഗ്’ – സി.എസ്.ഡി. സി.സി.പി) ആരംഭിക്കാന്‍ അനുമതി ആയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. പ്രൊഫഷണല്‍ നൈപുണ്യ ഏജന്‍സികളുമായി സഹകരിച്ച് നൈപുണ്യവികസന കോഴ്സുകളും കരിയര്‍ പ്ലാനിംഗും നടത്താനാണ് സ്വയംപര്യാപ്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന നൈപുണ്യവികസന കേന്ദ്രങ്ങള്‍ – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
ഈ അധ്യയനവര്‍ഷം മുതല്‍ ആരംഭിക്കുന്ന നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായി തയ്യാറാക്കിയ കേരള സ്റ്റേറ്റ് ഹയര്‍ എജ്യൂക്കേഷന്‍ കരിക്കുലം ഫ്രെയിംവര്‍ക്കില്‍ സ്‌കില്‍ എജ്യൂക്കേഷനും വൊക്കേഷണല്‍ എജ്യൂക്കേഷനും കരിക്കുലത്തിന്റെ ഭാഗമാക്കിയിരുന്നു. ഇതനുസരിച്ച്, എല്ലാ വിദ്യാര്‍ത്ഥികളും ഫൗണ്ടേഷന്‍ കോഴ്സുകളുടെ ഭാഗമായി സ്‌കില്‍ കോഴ്സുകള്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം. ഉന്നതവിദ്യാഭ്യാസ മേഖലയിലെ നൈപുണ്യവിടവ് നികത്താന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വ്യവസായ സംബന്ധിയായ ഹ്രസ്വകാല കോഴ്സുകള്‍ ആരംഭിക്കാനും ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇവ പരിഗണിച്ചാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നൈപുണ്യവികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത് – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
ALSO READ:രാമക്ഷേത്രത്തിലെ ചോര്‍ച്ച; ഉത്തരവാദിത്വം ഏറ്റെടുത്ത് മോദി മാപ്പ് പറയണം: സുബ്രഹ്മണ്യന്‍ സ്വാമി
നൈപുണ്യവികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ പ്രൊഫഷണല്‍ നൈപുണ്യപരിശീലന ഏജന്‍സികളെ നിര്‍ദ്ദേശിക്കാനും അവയെ സര്‍ക്കാര്‍ അനുമതിയോടെ എംപാനല്‍ ചെയ്യാനും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തി. ‘അസാപ് കേരള’യെയാണ് പ്രൊഫഷണല്‍ നൈപുണ്യപരിശീലന ഏജന്‍സിയായി എംപാനല്‍ ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. നൈപുണ്യവികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി സമര്‍പ്പിക്കാനും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തി – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here