‘ആദിപുരുഷ്’ രാമനെയും രാമായണത്തെയും പരിഹസിക്കുന്നു; പൊതുതാത്പര്യ ഹര്‍ജി

രാമായണത്തെ ആസ്പദമാക്കി ഓംറൗട്ട് സംവിധാനം ചെയ്ത് പ്രഭാസ് നായകനായി എത്തിയ ആദിപുരിഷ് എന്ന സിനിമയ്ക്കെതിരെ  പൊതുതാത്പര്യ ഹര്‍ജി. ചിത്രം രാമായണത്തെയും രാമനെയും സംസ്‌കാരത്തെയും പരിഹസിക്കുന്നതായി ആരോപിച്ച് ഹിന്ദു സേന എന്ന സംഘടനയാണ് ഹര്‍ജി നൽകിയത്. ദില്ലി ഹൈക്കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

700 കോടിയോളം രൂപ ചെല‍വ‍ഴിച്ച് നിര്‍മ്മിച്ച് പാന്‍ ഇന്ത്യന്‍ ത്രീഡി ചിത്രത്തിന് റിലീസിന് പിന്നാലെ ട്രോള്‍ മ‍ഴയാണ് പ്രേക്ഷകരുടെ പ്രതികരണമായി ലഭിക്കുന്നത്. ദൂരദര്‍ശനിലെ പ‍ഴയ  മഹാഭാരതം ആദിപുരുഷിനെക്കാള്‍ ഭേദമെന്നാണ് പല പ്രേക്ഷകരും പ്രതികരിച്ചത്. വിഎഫ്എക്സ് അമ്പേ പരാജയമാണെന്നും മാര്‍വേല്‍, ഡിസി ചിത്രങ്ങളുടെയും ബാഹുബലിയുടെയും സീനുകള്‍ കോപ്പിയടിച്ചിരിക്കുന്നതായും കണ്ടിറങ്ങിയ പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.

ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ തന്നെ നിലവാരം കുറഞ്ഞ വിഎഫ്എക്സ് ഇഫക്ട്സ് കണ്ട് പ്രേക്ഷകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഫോണില്‍ കണ്ടതു കൊണ്ടാണ് അത്തരത്തില്‍ തോന്നിയതെന്നും തീയേറ്ററില്‍ ഗംഭീരമാകുമെന്നും അണിയറപ്രവര്‍ത്തകര്‍ മറുപടി പറഞ്ഞെങ്കിലും കാര്‍ട്ടൂണ്‍ സീരിയലിന്‍റെ നിലവാരം മാത്രമേ ചിത്രത്തിനുള്ളുവെന്നാണ് സിനിമ കണ്ട പ്രേക്ഷകര്‍ വിലയിരുത്തുന്നത്.

ഇതിനിടെ സിനിമ കാണാന്‍ തീയേറ്ററില്‍ ഹനുമാന്‍ എത്തുമെന്നും ഒരു സീറ്റ് ഒ‍ഴിച്ചിടണമെന്നും സംവിധായകന്‍ ആ‍വശ്യപ്പെട്ടത് വലിയ ചര്‍ച്ചയായിരിന്നു. വമ്പന്‍ ബജറ്റില്‍ ചിത്രീകരിച്ച സിനിമ കൈവിട്ട് പോകുമെന്ന് ഉറപ്പായ അണിയറ പ്രവര്‍ത്തകര്‍ ഹിന്ദു വികാരത്തെ ഉപയോഗിച്ച് മുതല്‍ മുടക്ക് തിരിച്ചുപിടിക്കാന്‍ ശ്രമിച്ചതാണ് ഹനുമാനൊരു സീറ്റ് എന്ന് പ്രഖ്യാപിച്ചതെന്നും പലരും വിലയിരുത്തുന്നു. എന്നാല്‍ ഹനുമാന് മാത്രമല്ല രാമായണത്തിലെ എല്ലാവര്‍ക്കും സുഖമായി വന്നിരുന്ന് സിനിമ കാണാമെന്നും മനുഷ്യരാരും ആദിപുരുഷിന് ടിക്കറ്റെടുക്കില്ലെന്നുമാണ് ട്രോളുകള്‍.

റിലീസ് ദിവസം ഒരു തീയേറ്ററിന്‍റെ മച്ചില്‍  കുരങ്ങന്‍ വന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച് സിനിമ കാണാന്‍ ഹനുമാന്‍ എത്തിയെന്ന്  അണിയറ പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചത് പരിഹാസം വിളിച്ചുവരുത്തി.

ബാഹുബലിക്ക് ശേഷം ഒരു വിജയം പ്രതീക്ഷിച്ച പ്രഭാസിന് ഇനിയും കാത്തിരിക്കേണ്ടിവരും. ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. സിനിമയിൽ പ്രഭാസ് ശ്രീരാമനായും, സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും വേഷമിടുന്നു.ടി-സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിർമാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്‍റെ മൂന്നാമത്തെ പ്രൊജക്ടാണ് ആദിപുരുഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News