കെ ഫോൺ വിഷയത്തിൽ ഹൈക്കോടതിയിൽ നിന്നും പ്രതിപക്ഷ നേതാവിന് ലഭിച്ചത് സമാനതകളില്ലാത്ത തിരിച്ചടിയാണെന്ന് ഉത്തരവിൻ്റെ പകർപ്പ് പുറത്തുവന്നതോടെ വ്യക്തമായി. പ്രതിപക്ഷ നേതാവിനെതിരെ കോടതി നടത്തിയ വാക്കാൽ പരാമർശങ്ങളെക്കാൾ ഗൗരവമുള്ളതാണ് ഇടക്കാല ഉത്തരവിലെ വാചകങ്ങൾ. പ്രതിപക്ഷ നേതാവിൻ്റെ ആരോപണം യുക്തിരഹിതവും അനാവശ്യവുമാണെന്നതടക്കം ഒട്ടേറെ ഗൗരവതരമായ വിമർശനങ്ങൾ ഉത്തരവിലുണ്ട്.
Also read:കെജിഐഎംഒഎ പൊതുസമ്മേളനവും കുടുംബസംഗമവും
കെ ഫോൺ പദ്ധതിക്കെതിരെ കോടതിയെ സമീപിച്ച പ്രതിപക്ഷ നേതാവിന് ലഭിച്ച തിരിച്ചടി ചീഫ് ജസ്റ്റിസ് നടത്തിയ വാക്കാൽ പരാമർശങ്ങളിൽ ഒതുങ്ങിയില്ല എന്നാണ് ഇടക്കാല ഉത്തരവിൻ്റെ പകർപ്പ് പുറത്തു വന്നപ്പോൾ വ്യക്തമാകുന്നത്. ലോകായുക്തക്കെതിരെ പ്രതിപക്ഷ നേതാവ് ഹർജിയിൽ ഉന്നയിച്ച ആക്ഷേപങ്ങളാണ് കോടതിയുടെ കടുത്ത വിമർശനത്തിന് ഇടയാക്കിയത്. ഇക്കാര്യത്തിൽ ഹൈക്കോടതിക്ക് പ്രതിപക്ഷ നേതാവിനോട് ഉണ്ടായ നീരസം ഉത്തരവിൽ വ്യക്തമാണ്.
പ്രതിപക്ഷ നേതാവിൻ്റെ ആരോപണം യുക്തിരഹിതവും അനാവശ്യവുമാണെന്ന് ചീഫ് ജസ്റ്റിസ് ഉത്തരവിൽ വ്യക്തമാക്കി. ഉത്തരവാദിത്വമുള്ള പൊതുപ്രവർത്തകൻ എന്ന നിലയിൽ പ്രതിപക്ഷ നേതാവ് കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് കോടതി ഉത്തരവിൽ എഴുതി ചേർത്തു. ഹർജിയിലെ അൻപത്തിയെട്ടാം ഖണ്ഡിക നീക്കം ചെയ്യാനും നിർദേശിച്ചു. ഇതിന് പുറമേയാണ് ചീഫ് ജസ്റ്റിസിൻ്റെ ബഞ്ചിൽ നിന്നുണ്ടായ അതിനിശിതമായ വിമർശനങ്ങൾ.
ഹർജിക്ക് പിന്നിൽ പബ്ലിക്ക് ഇൻ്ററസ്റ്റല്ല, പബ്ലിസിറ്റി ഇൻ്ററസ്റ്റാണെന്ന ചീഫ് ജസ്റ്റിസിൻ്റെ വിമർശനം പ്രതിപക്ഷ നേതാവിൻ്റെ പൊതുജീവിതത്തിലേറ്റ കറയായി. കെ ഫോണിനെതിരായ ആരോപണത്തിന് തെളിവുകൾ ഹാജരാക്കാൻ പ്രതിപക്ഷ നേതാവിന് കഴിയാതിരുന്നതാണ് തിരിച്ചടിക്ക് പ്രധാന കാരണമായത്. രാഷ്ട്രീയമായി പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ കോടതിയിലെത്തിച്ച് പുകമറ സൃഷ്ടിക്കാനുള്ള പ്രതിപക്ഷ നേതാവിൻ്റെ ശ്രമമാണ് ചീഫ് ജസ്റ്റിസിൻ്റെ ബഞ്ചിൽ പൊളിഞ്ഞത്.
Also read:ഇന്‍ഡിഗോ വിമാനത്തില്‍ പൈലറ്റിനെ മര്‍ദിച്ച സംഭവം; യാത്രക്കാരന്‍ അറസ്റ്റില്‍
മറ്റ് ചില ബഞ്ചുകളുടെ വാക്കാൽ പരാമർശങ്ങൾ പോലും ആഘോഷമാക്കുന്ന മാധ്യമങ്ങൾ ചീഫ് ജസ്റ്റിസിൻ്റെ ഇടക്കാല ഉത്തരവ് കണ്ടില്ലെന്ന് നടിച്ചു. സമാന സ്വഭാവത്തിൽ പലവിധ ഹർജികൾ നിലവിൽ കോടതിയുടെ പരിഗണനയിലുണ്ട്. എ ഐ ക്യാമറ , സ്കൂളുകളിലെ ഉച്ചക്കഞ്ഞി , മുൻപ് സ്പ്രിംഗ്ളർ മുതൽ പി പി കിറ്റ് വരെ അങ്ങനെ പോകുന്നു ആ പട്ടിക. എല്ലാം ഒന്നോ രണ്ടോ ദിവസത്തെ വാർത്തകൾക്കപ്പുറം ആയുസ്സില്ലാത്ത ആരോപണങ്ങളായി അവയൊക്കെ മാറുന്നതാണ് കേരളം കണ്ടത്. കെ ഫോൺ ഹർജിയാവട്ടെ തുടക്കത്തിൽ തന്നെ പാളുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here