ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സുപ്രീം കോടതിയില്‍ ഹര്‍ജി. അദാനിക്കെതിരായ സെബി അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണം എന്നവശ്യപ്പെട്ടാണ് ഹര്‍ജി. അതേസമയം ജെപിസി അന്വേഷണം വേണമെന്ന ആവശ്യം പ്രതിപക്ഷവും ശക്തമാക്കുകയാണ്.
അദാനിക്കെതിരായ അന്വേഷണം സെബി ചെയര്‍പേഴ്‌സണ്‍ മാധവി ബുച് മന്ദഗതിയില്‍ ആക്കുന്നു എന്നതടക്കമുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയില്‍ ഹര്‍ജി വന്നത്. അദാനിക്കെതിരായ സെബി അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. വിശാല്‍ തിവാരി ആണ് സുപ്രീം കോടതിയെ സമീപിച്ചത്. 2023ല്‍ അദാനിക്കെതിരെ ഓഹരി വിപണിയില്‍ തട്ടിപ്പ് നടത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ പ്രത്യേക അന്വേഷണമടക്കം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയതില്‍ ഒരാള്‍ കൂടിയാണ് വിശാല്‍ തിവാരി.
അതേസമയം പ്രത്യേക അന്വേഷണം എന്ന ആവശ്യം തള്ളിക്കളഞ്ഞ സുപ്രീം കോടതി അന്വേഷണം പൂര്‍ത്തിയാക്കാന്‍ സെബിക്ക് നിര്‍ദേശവും നല്‍കിയിരുന്നു. അതിനിടെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ ചൊല്ലി രാഷ്ട്രീയ പോര് ശക്തമാണ്. സെബി ചെയര്‍പേഴ്‌സണ്‍ മാധവി ബുച് സ്ഥാനം ഒഴിയണമെന്നും ജെപിസി അന്വേഷണം വേണമെന്നുമുള്ള ആവശ്യമാണ് പ്രതിപക്ഷം ശക്തമാക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ റിപ്പോര്‍ട്ടിനു പിന്നില്‍ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകര്‍ക്കാനുള്ള ഗൂഢ ശ്രമമെന്നാണ് ബിജെപി ആരോപണം. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പരാജയം മറച്ചുവെക്കാനാണ് പ്രധാനമന്ത്രി വയനാട് സന്ദര്‍ശിച്ച അന്ന് തന്നെ റിപ്പോര്‍ട്ട് പുറത്തുവന്നതെന്നും ബിജെപി ആരോപിക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു ഓഹരി വിപണിയില്‍ നഷ്ടമുണ്ടാക്കാനുള്ള കോണ്‍ഗ്രസ് ശ്രമമെന്നും ബിജെപി ആരോപിക്കുന്നുണ്ട്.
ALSO READ:കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുടുങ്ങി; അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here