കൂട്ടായ്മയ്ക്കുള്ള കൈരളി ടി വി ഫീനിക്സ് പുരസ്‌കാരം കൊമ്പൻ റൈഡേഴ്‌സ് കൈരളി ന്യൂസ് ചെയര്‍മാന്‍
മമ്മൂട്ടിയില്‍ നിന്ന് ഏറ്റുവാങ്ങി . ചക്രകസേരയിലിരുന്ന് നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിപോകാതെ എല്ലാ തടസങ്ങളെയും നേരിട്ട് യാത്ര ചെയ്യുന്നവര്‍
കൊമ്പന്‍ റൈഡേഴ്‌സിനെ കുറിച്ചറിയാം
ചക്രക്കസേരകളില്‍ കഴിയുന്നവര്‍ ലോകമെമ്പാടുമുണ്ട്. പക്ഷേ, ആ അവസ്ഥ നേരിടുന്ന 15 മലയാളികള്‍ ഒരു ലോകൈകചരിത്രം സൃഷ്ടിച്ചു. മുച്ചക്രസ്‌കൂട്ടറുകളില്‍ ജൈത്രയാത്ര നടത്തുകയാണ് ഇവര്‍. ഇതിനകം 75,000 കിലോ മീറ്റര്‍ പിന്നിട്ടു. കേരളത്തിന്റെ അതിരുകള്‍കടന്ന് തമിഴ് നാട്ടിലും കര്‍ണാടകത്തിലും ഗോവയിലുമെത്തി. ഇവര്‍, പെരിന്തല്‍മണ്ണ നഗരസഭ ഒരുക്കിയ സാന്ത്വനം ക്യാംപില്‍ പരിചയപ്പെട്ടവര്‍. ക്യാംപിനൊപ്പം ഒരു ബസ് യാത്രയും ഒരുക്കിയിരുന്നു.
ബസിലിരിക്കുമ്പോള്‍ എഴുന്നേറ്റുനിന്ന് കാണാനാവാത്തതിനാല്‍ വഴിയോരക്കാഴ്ചകള്‍ നഷ്ടപ്പെടുന്നു, എഴുന്നേല്ക്കാന്‍ വളണ്ടിയര്‍മാരെ
ആശ്രയിക്കുമ്പോള്‍ അവശതയുള്ളവര്‍ എന്ന തോന്നലുണ്ടാകുന്നു എന്നൊക്കെയുള്ള തിരിച്ചറിവില്‍നിന്ന് ആ തീരുമാനം പിറന്നു സ്വന്തം മുച്ചക്രവാഹനങ്ങളുമായി വളണ്ടിയര്‍മാരില്ലാതെ യാത്രപോവുക. ആ യാത്ര നീളുകയാണ് റോഡുകളിലൂടെ മാത്രമല്ല; മേടുകളിലൂടെയും
കാടുകളിലൂടെയും, കാഴ്ചയിടങ്ങളിലൂടെയും സാഹസികയാത്രാസ്ഥലികളിലൂടെയും, പകലെന്നും രാത്രിയെന്നുമില്ലാതെ.
ALSO READ: ‘തലവൻ തുടരും’ ഇന്ത്യൻ ടീം ഏകദിന ക്യാപ്റ്റൻ രോഹിത് ശർമ തന്നെ, പൂർണ വിശ്വാസമെന്ന് ബിസിസിഐ
കാട്ടാനയെ കണ്ടിട്ടുണ്ട്, കടുവയുമായി മുഖാമുഖം വേണ്ടിവന്നിട്ടുണ്ട്. ആനത്താരയിലെ തോട്ടില്‍ മുച്ചക്രവാഹനം ഉറച്ചുപോയി രാവേറെച്ചെല്ലുംവരെ കുടുങ്ങിയിട്ടുണ്ട് പക്ഷേ, തോറ്റത് തടസ്സങ്ങളാണ്. ഇരിട്ടി-മസിനഗുഡി-വാല്‍പ്പാറ ചുരങ്ങള്‍ വിജയപാതകളാക്കി, ബന്ദിപ്പൂര്‍- സത്യമംഗലം കാടുകളില്‍ പാദമുദ്രകള്‍ പതിപ്പിച്ച്, ഗഗനചുക്കി- ജോഗ് വെള്ളച്ചാട്ടങ്ങളെ വീരാഭിവാദനം ചെയ്ത്, അകുമ്പെയിലും ധനുഷ്‌കോടിയിലും മൂന്നാറിലും കൊടൈക്കനാലിലുമൊക്കെ വെന്നിക്കൊടി നാട്ടി ഇവര്‍ മുന്നോട്ട്.
അഞ്ചുവര്‍ഷത്തെ സ്വാതന്ത്യവിളംബരയാത്ര.’വിജൃംഭിതയാത്ര’ എന്നായിരുന്നു കൂട്ടായ്മയുടെ വാട്‌സാപ്പ് ഗ്രൂപ്പിന്റെ പേര്. പിന്നീട് സംഘപ്പേരു വേണ്ടിവന്നപ്പോള്‍ ‘കൈരളി ടിവി’ എന്നായി ഇവര്‍ നേടിയ കൊമ്പും തുമ്പിക്കൈയുമുള്ള ആത്മവിശ്വാസത്തിന്റെ പ്രഘോഷണം. ഇവര്‍ക്ക് ഒരു ഗാനസംഘവുമുണ്ട് ‘മ്യൂസിക്ക് ഓണ്‍ വീല്‍സ്’. 250 വേദികള്‍ പിന്നിട്ടുകഴിഞ്ഞു. ‘സാന്ത്വന’ത്തിന്റെ സഹായത്തോടെ തുടങ്ങിയ
‘ഫ്രീഡം’ വീല്‍ ചെയര്‍ നിര്‍മ്മാണ യൂണിറ്റിലെ ജോലിക്കാരാണ് ഇവരില്‍ ഏറെപ്പേരും.
ഈ മുച്ചക്രവാഹനങ്ങളില്‍ അപകടസാധ്യതകള്‍ തൃണവല്‍ഗണിച്ച് അജ്ഞാതപഥങ്ങളിലൂടെ വീരയാത്ര പോകുമ്പോള്‍, ഇവര്‍ക്കെല്ലാം ഉണ്ടായ ഒരു തോന്നലുണ്ട് വഴിക്കാഴ്ചകള്‍ക്ക് എന്തു ഭംഗി! ലോകത്തോടു നിങ്ങള്‍ പറയുന്നത് ഇത്രമാത്രം ലോകം മനോഹരമാണ്, വെല്ലുവിളികള്‍ ലോകത്തെ പിന്നെയും പിന്നെയും മനോഹരമാക്കുന്നു. ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു: ജീവിതത്തിന്റെ മനോഹാരിതയ്ക്ക് മുച്ചക്രച്ചാലുകൊണ്ട് അടിവരയിടുന്ന, അതിരുകളില്ലാത്ത ആത്മവിശ്വാസത്തിന്റെ പ്രഘോഷകരായ, ഈ സ്വപ്നസംഘത്തിനാണ് 2024-ലെ പ്രത്യേക കൈരളി ഫീനിക്‌സ് പുരസ്‌കാരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here