മലയാള സിനിമാ പ്രേക്ഷർ ആഘോഷമാക്കിയ ഒരു നടൻ ജയന് മുൻപോ ശേഷമോ ഉണ്ടായിട്ടില്ല. സിനിമക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറായ ചാവേർ ആയിരുന്നു അയാൾ എന്ന് വേണമെങ്കിൽ അടയാളപ്പെടുത്താം. വെറും ആറ് വർഷങ്ങൾ മാത്രം സിനിമാ മേഖലയിൽ ഉണ്ടായിരുന്ന ജയൻ എണ്ണമറ്റ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ ജയന്റെ നാൽപ്പത്തിമൂന്നാം ചരമ വാർഷിക ദിനത്തിൽ ഫോട്ടോഗ്രാഫർ രമേഷ്‌കുമാർ ജയനെ കുറിച്ച് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ജയന്റെ ചിതയെരിഞ്ഞ് തീർന്നപ്പോഴേക്കും അവിടുത്തെ മണ്ണ് ആരാധകർ വാരിക്കൊണ്ടുപോയെന്ന് ഫോട്ടോഗ്രാഫർ രമേഷ്‌കുമാർ പറയുന്നു. ജയനെ അവസാനമായി ഒരുനോക്കുകാണാൻ വന്നവർ അവിടെ റീത്ത് വെക്കാൻ പറ്റാതെ സ്റ്റുഡിയോയ്ക്ക് മുന്നിലുള്ള ഫോട്ടോയ്ക്ക് സമീപം റീത്തുവെച്ചുവെന്നും, ജനം സ്റ്റുഡിയോ തകർക്കുമോ എന്നുവരെ തോന്നിപ്പോയെന്നും രമേശ് കുമാർ പറയുന്നു.
രമേശ് കുമാർ പറഞ്ഞത്
മരണ വാർത്ത കേട്ടപ്പോൾ വിശ്വസിക്കാൻ തോന്നിയില്ല. സംസ്കാരത്തിനായി ജന്മനാടായ കൊല്ലത്തെത്തിയപ്പോൾ കണ്ട ആരാധനയുടെ ആഴം ഒരിക്കലും മറക്കാനും കഴിയില്ല. ഒരുപക്ഷെ ഒരു താരത്തിനും ഇത്രയും സ്നേഹാരാധനകൾ കിട്ടിക്കാണില്ല. ഹൈസ്കൂൾ ജങ്‌ഷനിലെ ഫോട്ടോലാൻഡ് സ്റ്റുഡിയോ ജി.സുരേന്ദ്രൻ നായരുടെ ഉടമസ്ഥതതയിലുള്ളതാണ്. ജയന്റെ കുടുംബവുമായി അടുത്ത സൗഹൃദം അദ്ദേഹത്തിനുണ്ട്. താരമാകുന്നതിന് മുമ്പ് തന്നെ കൃഷ്ണൻ നായർ എന്ന ജയൻ അവിടെ പടമെടുക്കാൻ വരുമായിരുന്നു. താരമായശേഷം ചില സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായും സുരേന്ദ്രൻ നായർ അണ്ണൻ പോയി. സഹായിയായി ഞാനും. ജയന്റെ വിലാപയാത്ര കൊല്ലം പബ്ലിക്ക് ലൈബ്രറിയിൽ എത്തിയപ്പോഴും സങ്കടം കടിച്ചമർത്തി അണ്ണൻ ഫോട്ടോയെടുത്തു. പത്രങ്ങൾക്കുവേണ്ടിയായിരുന്നു പോയത്. അണ്ണൻ ആദ്യം എടുത്ത മുഖം വ്യക്തമാകുന്ന പടം പ്രിന്റെടുത്ത് സ്റ്റുഡിയോയുടെ മുന്നിലും വെച്ചു.
ജയനെ അവസാനമായി ഒരുനോക്കുകാണാൻ വന്നവർ അവിടെ റീത്ത് വെക്കാൻ പറ്റാതെ സ്റ്റുഡിയോയ്ക്ക് മുന്നിലുള്ള ഫോട്ടോയ്ക്ക് സമീപം റീത്തുവെച്ചു. ജനം സ്റ്റുഡിയോ തകർക്കുമോ എന്നുവരെ തോന്നിപ്പോയി. അതിന്റെ പ്രിന്റിന് അന്ന് വൻ ഡിമാന്റായിരുന്നു. അതുപോലെ മുളങ്കാടകം ശ്മശാനത്തിലെ ചിതയെരിഞ്ഞ് തീർന്നപ്പോഴേക്കും അവിടത്തെ മണ്ണ് ആരാധകർ വാരിക്കൊണ്ടുപോയി. പിന്നെയും കുറേ ദിവസത്തേക്ക് ജയന്റെ വീട് കാണാൻ ആരാധകർ വന്നു. ആ വീടിന് മുന്നിൽനിന്ന് ഫോട്ടോ എടുക്കണം അവർക്ക്. ജയന്റെ വീടിനടുത്തുള്ള തെങ്ങിൽ ചാരിനിന്ന് ഫോട്ടോ എടുക്കണം. ജയൻ നട്ട തെങ്ങ് എന്നരീതിയിൽ എത്ര ഫോട്ടോയാണ് പലരും എടുത്തത്. സ്ത്രീകളായിരുന്നു കൂടുതലും. അണ്ണൻ ഇതിനെല്ലാം എന്നെയായിരുന്നു നിയോഗിച്ചത്. അന്നാണ് ഒരു സിനിമാനടൻ ജനമനസിൽ ഉണ്ടാക്കുന്ന ശക്തമായ സ്വാധീനത്തിന്റെ ആഴം ശരിക്കും ഞാനറിയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here