സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ‘വികസനം, ക്ഷേമം, സന്തോഷക്കാഴ്ചകൾ’ എന്ന വിഷയത്തിൽ ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. മലപ്പുറം എടപ്പാൾ സ്വദേശി നിസാർ എടപ്പാളിനാണ് ഒന്നാം സ്ഥാനം. വയനാട് ദേശാഭിമാനി ഫോട്ടോഗ്രാഫർ എം.എ. ശിവപ്രസാദിനു രണ്ടാം സ്ഥാനവും കാസർകോഡ് നിലേശ്വരം സ്വദേശി രാമചന്ദ്രൻ പി ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
ഒന്നാം സമ്മാനാർഹമായ ചിത്രത്തിന് 25,000 രൂപയും രണ്ടാം സ്ഥാനത്തിന് 15,000 രൂപയും മൂന്നാം സ്ഥാനത്തിന് 10,000 രൂപയുമാണു സമ്മാനമായി ലഭിക്കുക. പത്ത് പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും. ടി.കെ. പ്രദീപ് കുമാർ(മാതൃഭൂമി,കൊച്ചി), പ്രവീൺ ഷൊർണൂർ(ഷൊർണൂർ,പാലക്കാട്), ഷമീർ ഉർപ്പള്ളി (സിറാജ്,കണ്ണൂർ), പ്രണവ് കെ.പി.(ഇരുനിലംകോട്,തൃശൂർ), ഹരിലാൽ എസ്.എസ്.(മലയാള മനോരമ, കണ്ണൂർ), ബദറുദ്ദീൻ സി.എം. (മതിലകം, തൃശൂർ), വിൻസന്റ് പുളിക്കൽ (ന്യൂ ഇന്ത്യൻ എക്സ്പ്രസ്,തിരുവനന്തപുരം), സന്ദീപ് മാറാടി (മൂവാറ്റുപുഴ,എറണാകുളം), ബിമൽ തമ്പി പി (മാധ്യമം,തിരുവനന്തപുരം), കെ.കെ സന്തോഷ് (മാതൃഭൂമി,കോഴിക്കോട്) എന്നിവരാണ് പ്രോത്സാഹന സമ്മാനത്തിന് അർഹരായത്. ഇവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും.
പ്രശസ്ത ക്യാമറമാൻ കെ.ജി ജയൻ ചെയർമാനും കേരള മീഡിയ അക്കാദമി സെക്രട്ടറി കെ.ജി സന്തോഷ്, ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് ചീഫ് ഫോട്ടോഗ്രാഫർ വി വിനോദ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര നിർണയം നടത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here