‘ചേര്‍ത്തുപിടിച്ച് കവിളില്‍ ചുംബിച്ച് ഉമ്മ’; മാതൃദിനത്തില്‍ അമ്മയെക്കുറിച്ച് മമ്മൂട്ടി പങ്കുവച്ച പോസ്റ്റ് വീണ്ടും പങ്കുവച്ച് സോഷ്യല്‍മീഡിയ

മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ വിടപറഞ്ഞിരിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മമ്മൂട്ടിക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു ഉമ്മയുടെ സാന്നിധ്യം. ഉമ്മയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ പഴയ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ നൊമ്പരത്തോടെയാണ് ഓര്‍ത്തെടുക്കുന്നത്. എട്ട് വര്‍ഷം മുന്‍പ് മാതൃദിനത്തില്‍ മമ്മൂട്ടി പങ്കുവച്ച ഒരു ഫേസ്ബുക്ക് പോസ്റ്റും സോഷ്യല്‍ മീഡിയ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ്. മമ്മൂട്ടിയെ ചേര്‍ത്തുപിടിച്ച് ചുംബിക്കുന്ന ഉമ്മയാണ് പോസ്റ്റില്‍. അതിന് ഹൃദയത്തില്‍തൊട്ടൊരു കുറിപ്പും അദ്ദേഹം നല്‍കിയിരുന്നു.

‘മദര്‍ ഈസ് ഓള്‍വേയ്‌സ് ദി ബെസ്റ്റ് ഫ്രണ്ട്, ആന്‍ഡ് ദി ഫസ്റ്റ് ഫ്രണ്ട് ഇന്‍ എവരിവണ്‍സ് ലൈഫ്’ എന്നായിരുന്നു മമ്മൂട്ടി ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. മമ്മൂട്ടി ഉമ്മയെ എത്രത്തോളം ആഴത്തില്‍ സ്‌നേഹിച്ചിരുന്നുവെന്ന് ആ വരികളില്‍ നിന്ന് വായിച്ചെടുക്കാം. ജീവിതത്തിലേക്ക് മിഴിതുറന്നപ്പോള്‍ ആദ്യമായി ലഭിച്ച സുഹൃത്ത്, ബെസ്റ്റ് ഫ്രണ്ടായിരുന്നു മമ്മൂട്ടിക്ക് ഉമ്മ.

അതിനിടെ മമ്മൂട്ടി ഉമ്മയെക്കുറിച്ച് മുന്‍പ് പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. തന്റെ ഉമ്മ ഒരു പാവമാണെന്നും താന്‍ അഭിനയിക്കുന്ന സിനിമയില്‍ തന്റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയുമെന്നായിരുന്നു മമ്മൂട്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. തന്റെ സിനിമയില്‍ ഏതാണ് ഇഷ്ടം, തന്റെ ഏതു കഥാപാത്രമാണ് കൂടുതല്‍ മികച്ചത് എന്നാരെങ്കിലും ചോദിച്ചാലും ഉമ്മ കൈമലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് വേദനയോടെയാണ് സോഷ്യല്‍ മീഡിയ ഓര്‍ത്തെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News