ശബരിമലയിലേക്കുള്ള പുല്ലുമേട് കാനനപാത വഴിയുള്ള തീർഥാടനം ദുർഘടമാണ്. നിരവധി പേരാണ് ഓരോ ദിവസവും പരുക്ക് പറ്റിയും അവശരായും വഴിയിൽ കുടുങ്ങാറുള്ളത്. പൊലീസും വനം വകുപ്പും അഗ്നിരക്ഷാ സേനയും ചേർന്നാണ് ഇവരെ സന്നിധാനത്തേക്ക് എത്തിക്കുന്നത്. പാണ്ടിത്താവളത്തിനടുത്ത് നിന്നാൽ അടിക്കടി സ്ട്രെച്ചറുമായി ഓടിപ്പോകുന്ന അഗ്നിരക്ഷാ സേന ജീവനക്കാരെ കാണാം.
ഒപ്പം പൊലീസും വനം വകുപ്പ് ജീവനക്കാരുമുണ്ടാകും. കാനനപാതയിൽ വഴിയിൽ കുടുങ്ങിയവരെ രക്ഷിച്ച് സന്നിധാനത്ത് എത്തിക്കാനാണ് ഈ ജീവൻ്റെ വിലയുള്ള ഓട്ടം. പെരിയാർ കടുവാ സങ്കേതത്തിൽ കൂടിയുള്ള കാനനപാതയിൽ വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ട്.
അതീവ സുരക്ഷ ഒരുക്കിയാണ് വനം വകുപ്പ് തീർഥാടകരെ കടത്തി വിടുന്നത്. കാനന പാതയിൽ കയറിയവർ നേരം ഇരുട്ടുന്നതിന് മുൻപ് പാണ്ടിത്താവളത്തിനടുത്തെ ചെക്ക് പോയിൻ്റിലെത്തിയില്ലെങ്കിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നെഞ്ചിടിപ്പ് കൂടും. ഇവരെ തേടി ഉടനെയവർ വനത്തിലേക്ക് തിരിക്കും. ഓരോ തീർഥാടകരെയും സുരക്ഷിതരായി സന്നിധാനത്ത് എത്തിക്കുന്നത് വരെ നീണ്ടു നിൽക്കുന്നതാണ് ശ്രമകരമായ ഇവരുടെ ദൗത്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here