രണ്ടാം പിണറായി സര്‍ക്കാരിന്റെ മൂന്നാം പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. പ്രകൃതി ദുരന്തങ്ങളെക്കാള്‍ നാടിനെ പുറകോട്ട് അടിക്കാനുള്ള സമീപനമാണ് കേന്ദ്രത്തില്‍ നിന്നുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ക്ഷേമ പെന്‍ഷന്റെ കുടിശ്ശിയും ജീവനക്കാരുടെ ഡിഎ കുടിശികയും എത്രയും വേഗം കൊടുത്തു തീര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം സാമ്പത്തികമായി സര്‍ക്കാരിനെ ശ്വാസംമുട്ടിക്കാന്‍ ശ്രമിച്ചു. അതിനെല്ലാം അതിജീവിച്ചാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ മൂന്നാം പ്രോഗ്രസ് റിപ്പോര്‍ട്ട്. ആര് മുടക്കാന്‍ ശ്രമിച്ചാലും അത് ക്ഷേമപെന്‍ഷന്‍ മുടങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്നുവര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതാണ് മുഖ്യമന്ത്രി പ്രകാശനം ചെയ്ത പ്രോഗ്രസ് റിപ്പോര്‍ട്ട്.
അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയും ലൈഫും മുതല്‍ വ്യവസായ രംഗത്തെ പുരോഗതിവരെ സമഗ്രമായി പ്രോഗ്രസ് റിപ്പോര്‍ട്ടിലുണ്ട്. എല്ലാ വകുപ്പുകളിലെയും കൃത്യമായ വിലയിരുത്തല്‍. പദ്ധതികള്‍ ഒരോന്നിലുള്ള പുരോഗതി, ഇവ പരിശോധിക്കുന്നതാണ് പിണറായി സര്‍ക്കാരിന്റെ മൂന്നുവര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട്.
ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പ്രകാരം 1,08,242 പേര്‍ക്കാണ് തൊഴില്‍ നല്‍കിയത്. ഇതുവരെ 5,300 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചു. ഇതിലൂടെ 55,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. മൂന്ന് ഐടി പാര്‍ക്കുകളിലുമായി മൂന്നുവര്‍ഷത്തിനുള്ളില്‍ം 30,000 തൊഴിലവസരങ്ങള്‍ ഉണ്ടായെന്നാണ് കണക്കുകള്‍. 21,311 സര്‍ക്കാര്‍ സ്ഥാപനങ്ങളിലായി കെ-ഫോണ്‍ കണക്ഷന്‍ ലഭ്യമാക്കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 5856 കുടുംബങ്ങള്‍ക്ക് കെ-ഫോണ്‍ സൗജന്യ കണക്ഷന്‍ നല്‍കി. മൂല്യവര്‍ദ്ധിത റബ്ബര്‍ ഉല്പന്നങ്ങളുടെ പ്രോത്സാഹനത്തിനായി കേരള റബ്ബര്‍ ലിമിറ്റഡ് സ്ഥാപിച്ചു.
തൊഴിലുറപ്പ് പദ്ധതി വഴി 2023-24ല്‍ 16.61 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നല്‍കിയത്.. 75 ദിവസം തൊഴിലെടുത്ത 7,38,130 കുടുംബങ്ങള്‍ക്ക് ഫെസ്റ്റിവല്‍ അലവന്‍സായി 1,000 രൂപ വീതം നല്‍കി. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 47.89% പേരെയാണ് അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തമാക്കിയത്. പട്ടികജാതി ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം 10,663 പേര്‍ക്ക് ഭൂമി വാങ്ങുന്നതിന് ധനഹായം. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദിവാസി കുടുംബങ്ങളുടെ 5,570 വീടുകള്‍ പൂര്‍ത്തീകരിച്ചു.
4,21,832 മുന്‍ഗണന കാര്‍ഡുകള്‍ അര്‍ഹരായവര്‍ക്ക് തരംമാറ്റി വിതരണം നടത്തി. 4,48,692 പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. കൂടാതെ റബ്ബറിന്റെ താങ്ങുവില 2024 ഏപ്രില്‍ 1 മുതല്‍ 180 രൂപയായി സംസ്ഥാന സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി 1960-ലെ ഭൂപതിവ് നിയമ ഭേദഗതി കേരള നിയമസഭ പാസ്സാക്കി. രണ്ടു വര്‍ഷത്തിനുള്ളില്‍ 488 സ്‌കൂള്‍ കെട്ടിടങ്ങളും 41 നവീകരിച്ച ലാബുകളും നിര്‍മ്മാണം പൂര്‍ത്തിയാക്കി.
എട്ട് സര്‍വകലാശാലകള്‍ക്കും 359 കോളേജുകള്‍ക്കും നാക് അക്രെഡിറ്റേഷന്‍ ലഭിച്ചു. 900 ബിരുദ പ്രോഗ്രാമുകളും 204 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും പുതുതായി അനുവദിച്ചു. ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചു. സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ പദ്ധതി കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള നടപടി പുരോഗമിച്ചുവരുന്നു. ലൈഫ് മിഷനിലൂടെ ആകെ 5,01,610 വീടുകള്‍ അനുവദിച്ചത്. ഇതില്‍ 4,03,811 വീടുകള്‍ പൂര്‍ത്തീകരിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 1,41,680 വിടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും പ്രോഗ്രസ് റിപ്പോര്‍ട്ടിലുണ്ട്.
സെക്രട്ടേറിയറ്റ് വളപ്പില്‍ നടന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനചടങ്ങില്‍ മന്ത്രി. ജി ആര്‍ അനില്‍ അധ്യക്ഷനായി. മറ്റുമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. ചീഫ് സെക്രട്ടറി ഡോ.വി.വേണു ചടങ്ങിന് സ്വാഗതം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here