രണ്ടാം പിണറായി സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കാന്‍ വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്ത് എല്‍ഡിഎഫ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിനോട് അനുബന്ധിച്ച് റാലികള്‍ സംഘടിപ്പിക്കും. നിയമസഭ മണ്ഡലാടിസ്ഥാനത്തിലാകും റാലികള്‍ നടക്കുക.
രാജ്യത്തിനാകമാനം മാതൃകയായി നില്‍ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കുന്നതിനായി സംസ്ഥാനത്താകമാനം വിപുലമായ പരിപാടികള്‍ക്കാണ് എല്‍ഡിഎഫ് തുടക്കം കുറിക്കുന്നത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്കൊപ്പം ഭാവിയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ പ്രചരണം നടത്തും.
ഏപ്രില്‍ 25 മുതല്‍ മെയ് 20 വരെയായാകും റാലി നടത്തുക. ബഹുജന റാലിയില്‍ എല്‍ഡിഎഫ് നേതാക്കള്‍, മറ്റ് ബഹുജന സംഘടനകള്‍, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കും. മെയ് 20ന് തിരുവനന്തപുരത്ത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വര്‍ഷം പൂര്‍ത്തീകരിക്കുന്ന ആഹ്ലാദ റാലിയും നടത്തും.
മുഖ്യമന്ത്രിയും മന്ത്രിമാരും എല്‍ഡിഎഫ് നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും. ഇതിനായി ഏപ്രില്‍ 10നകം എല്ലാ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റികള്‍ യോഗം ചേരും. ഏപ്രില്‍ 15നകം മണ്ഡലം കമ്മിറ്റികളും 25നകം ലോക്കല്‍ പഞ്ചായത്ത് തല കമ്മിറ്റികളും ചേര്‍ന്ന് റാലിയുടെ പരിപാടികള്‍ തയ്യാറാക്കും.
സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍, നടപ്പാക്കാന്‍ പോകുന്ന പദ്ധതികള്‍, ഒപ്പം ആര്‍എസ്എസ് – യുഡിഎഫ് നടത്തുന്ന ജനവിരുദ്ധ നടപടികള്‍ എന്നിവ തുറന്നുകാട്ടുന്ന ലഘുലേഖകളും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വീടുകളില്‍ വിതരണം ചെയ്യും. ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ സംസ്ഥാനത്ത് അസ്വസ്ഥതകള്‍ പരത്താനുള്ള ഗൂഢശ്രമങ്ങള്‍ നടക്കുന്നതായും ഇതിനെതിരെ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here