ആർദ്രം മിഷൻ; സംസ്ഥാനത്തെ 50 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി: പിണറായി വിജയൻ

ആർദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ 50 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ സന്തോഷവാർത്ത പങ്കുവെച്ചത്. ആരോഗ്യമേഖലയുടെ സ്വകാര്യവൽക്കരണം എന്ന വലതുപക്ഷ ആശയത്തെ ഇടതുപക്ഷം ശക്തമായി ചെറുത്തു നിൽക്കുന്നതിന്റെ ഫലമായാണ് നമ്മുടെ പൊതു ആരോഗ്യസംവിധാനങ്ങൾക്ക് ലോകത്തിനു മുന്നിൽ നാടിന്റെ അഭിമാനമായി മാറാൻ സാധിക്കുന്നത് – മുഖ്യമന്ത്രി കുറിച്ചു. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ ..

ആർദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ 50 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. ആശുപത്രികളെ രോഗീസൗഹൃദമാക്കുന്നതിനും ആരോഗ്യസേവനങ്ങള് ആധുനികവൽക്കരിച്ചു കൂടുതൽ മികവുറ്റതാക്കുന്നതിനും വേണ്ടിയാണ് 2016-ൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആര്ദ്രം മിഷന് രൂപീകരിച്ചത്.
ഇതിന്റെ ഭാഗമായി 886 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവർത്തനം ചെയ്യാനാണ് ലക്ഷ്യമിട്ടത്. അവയിൽ പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ടവ ഉള്പ്പെടെ 630 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ഇതിനകം കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്ത്തി. ഇതിൽ 104 ആരോഗ്യ കേന്ദ്രങ്ങള്ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അക്രഡിറ്റേഷന് സ്റ്റാന്ഡേര്ഡ് ലഭിച്ചു.
ആരോഗ്യമേഖലയുടെ സ്വകാര്യവൽക്കരണം എന്ന വലതുപക്ഷ ആശയത്തെ ഇടതുപക്ഷം ശക്തമായി ചെറുത്തു നിൽക്കുന്നതിന്റെ ഫലമായാണ് നമ്മുടെ പൊതു ആരോഗ്യസംവിധാനങ്ങൾക്ക് ലോകത്തിനു മുന്നിൽ നാടിന്റെ അഭിമാനമായി മാറാൻ സാധിക്കുന്നത്. 2016-ൽ ആരോഗ്യമേഖലയ്ക്കുള്ള ബജറ്റ് വിഹിതം 665 കോടി രൂപ മാത്രമായിയിരുന്നെങ്കിൽ ഇപ്പോഴത് നാലിരട്ടിയിലധികം വർദ്ധിച്ച് 2,828 കോടി രൂപയിലെത്തി നിൽക്കുന്നു എന്നതിൽ നിന്നും എൽഡിഎഫ് സർക്കാർ ഈ മേഖലയ്ക്ക് എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നത് വ്യക്തമാണ്. സാധാരണക്കാർക്ക് സൗജന്യമായി മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് ജനങ്ങൾക്ക് നൽകിയ ഉറപ്പ് വളരെ മികച്ച രീതിയിൽ പാലിക്കാനാണ് സർക്കാർ ശ്രമിച്ചു വരുന്നത്. ശക്തമായ പൊതുആരോഗ്യ സംവിധാനം ജനങ്ങളുടെ അവകാശമാണ്. അത് ഉറപ്പുവരുത്തുന്നതിനായി ദൃഢനിശ്ചയത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുന്നോട്ടു പോകും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here