ഭവനരഹിതരില്ലാത്ത കേരളം എന്ന സ്വപ്നസാക്ഷാൽക്കാരത്തിനായി ഒന്നിച്ചു നിൽക്കാമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ എല്ലാവർക്കും വീടെന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി ആരംഭിച്ച ലൈഫ് മിഷൻ പദ്ധതി അടുത്ത ഘട്ടം പിന്നിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പാലിച്ച് ഈ സർക്കാർ മുന്നോട്ടു പോകും എന്നതിന്റെ തെളിവാണ് ഈ ഭവനസമുച്ചയങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഭവനരഹിതരില്ലാത്ത കേരളം എന്ന സ്വപ്നസാക്ഷാൽക്കാരത്തിനായി ഏവർക്കും ഒരുമിച്ചു നിൽക്കാമെന്നും അദ്ദേഹം കുറിച്ചു.

കോട്ടയത്ത് 42 കുടുംബങ്ങൾ ലൈഫ് സമുച്ചയ പദ്ധതിയിലൂടെ നാളെ സ്വപ്‌നഭവനത്തിലേക്ക് പ്രവേശിക്കും. 5.70 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. വിജയപുരം ഗ്രാമപഞ്ചായത്തിലെ പൊൻപള്ളി വാർഡിലാണ് 44 യൂണിറ്റുകളുള്ള ഭവനസമുച്ചയം. ഗ്രാമപഞ്ചായത്തിന്റെ 55.80 സെന്റ് ഭൂമിയിലാണ് 26328 ചതുരശ്രയടിയുള്ള സമുച്ചയം പ്രീ ഫ്രാബിക്കേഷൻ സാങ്കേതിക വിദ്യയിൽ നിർമിച്ചിട്ടുള്ളത്. 445 ചതുരശ്രയടിയാണ് ഒരു ഫ്‌ളാറ്റിന്റെ വിസ്തീർണ്ണം. രണ്ടു കിടപ്പുമുറികൾ, ഹാൾ, അടുക്കള, ശുചിമുറി എന്നിവ ഉൾപ്പെട്ടതാണ് ഫ്‌ളാറ്റ്. സ്വന്തം വീടിനുളളിൽ അന്തിയുറങ്ങാൻ കഴിയുന്നതിൻ്റെ സന്തോഷത്തിലാണ് ഗുണഭോക്താക്കൾ.

ഇലക്ട്രിക്കൽ റൂം, മലിനീകരണ-ശുചീകരണ പ്ലാന്റ്, സൗരോർജ്ജ സംവിധാനം, വാഹന പാർക്കിംഗ് സൗകര്യം എന്നിവയും സമുച്ചയത്തിലുണ്ട്. ലൈഫ് മിഷനിലൂടെ വിജയപുരത്ത് നിർമിച്ച ഫ്‌ളാറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. കണ്ണൂരിലെ കടമ്പൂർ, കൊല്ലത്തെ പുനലൂർ, ഇടുക്കി കരിമണ്ണൂർ എന്നിവിടങ്ങളിലെ ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനത്തിനൊപ്പമാണ് കോട്ടയത്തെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുക. കടമ്പൂരിലെ ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും. ഗുണഭോക്താക്കൾക്ക് സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ താക്കോൽ കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News