ഒരു നാടിന്റെയാകെ ശബ്ദങ്ങളാണ് നവകേരള സദസില്‍ ഉയര്‍ന്നു കേള്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന മന്ത്രിസഭയാകെ മഞ്ചേശ്വരത്ത് നിന്ന് സഞ്ചാരമാരംഭിച്ച് പതിനൊന്നു ദിവസം പിന്നിട്ടു. ഇതിനിടയില്‍ രണ്ടു മന്ത്രിസഭാ യോഗങ്ങള്‍ ചേര്‍ന്നു. നാല്‍പ്പത്തി നാല് മണ്ഡലങ്ങളിലാണ് ഇതുവരെ നവകേരള സദസ്സ് ചേര്‍ന്നത്. ഓരോ കേന്ദ്രത്തിലും ഒഴുകിയെത്തുന്ന ജനങ്ങളുടെ ബാഹുല്യത്തെ കുറിച്ച് ആരും പറയാതെ തന്നെ ഇന്ന് എല്ലാവര്‍ക്കും അറിയാം. മലപ്പുറം ജില്ലയിലും യുഡിഎഫ് ബഹിഷ്‌കരണ ആഹ്വാനം ഫലം കണ്ടില്ല. എംഎല്‍എമാരെ വിട്ടുനിന്നുള്ളു. ജനങ്ങള്‍ ഹൃദയപൂര്‍വ്വം പങ്കാളികളായെന്നും അദ്ദേഹം പറഞ്ഞു.
പ്രഭാത യോഗങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ചിലര്‍ ഉയര്‍ത്തിയ വിമര്‍ശനം പ്രമാണിമാരെ മാത്രം വിളിക്കുന്നു എന്നായിരുന്നു. യാത്ര ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസം കാസര്‍കോട്ട് ചേര്‍ന്ന പ്രഭാത യോഗത്തിന്റെ വാര്‍ത്തകള്‍ പുറത്തു വന്നതോടെ ആ ആക്ഷേപം അപ്രസക്തമായി. സമൂഹത്തിന്റെ വ്യത്യസ്തത മേഖലകളില്‍ നിന്നുള്ള പ്രാതിനിധ്യമാണ് ആ യോഗത്തിലുണ്ടായിരുന്നത്. ജനാധിപത്യപരമായ സംവാദം ജനങ്ങളും മന്ത്രിസഭാംഗങ്ങളുമായി സാധ്യമാകുന്നു എന്നതാണ് ഈ യോഗങ്ങളുടെ സവിശേഷത. രാജ്യത്തിനു പുറത്തു ജീവിക്കുന്ന പ്രവാസികളുടെ യാത്രാദുരിതം മുതല്‍ നമ്മുടെ കണ്മുന്നിലുള്ള മാലിന്യപ്രശ്‌നം വരെ- ഇങ്ങനെ ഉന്നയിക്കപ്പെടുന്ന വിഷയങ്ങള്‍ ഏതെങ്കിലും അതിര്‍ത്തിയില്‍ ഒതുങ്ങുന്നതല്ല. ഇവയ്ക്കാകെ നവകേരള സദസു കൊണ്ടു ഒറ്റയടിക്ക് പരിഹാരം ഉണ്ടാകും എന്ന അവകാശവാദമൊന്നും ആരും ഉന്നയിക്കുന്നില്ല. എന്നാല്‍, സാധ്യമായ പരിഹാരം അടിയന്തര സ്വഭാവത്തോടെ നടപ്പാക്കും. പുതിയ നിര്‍ദേശങ്ങളും ആശയങ്ങളും വരും കാല ഇടപെടലുകള്‍ക്ക് മാര്‍ഗദര്‍ശനമാകുന്ന വിധത്തില്‍ രേഖപ്പെടുത്തുകയും ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്ത് നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
ALSO READ: തൊഴിൽ നിയമം ലംഘിച്ച 15 പ്രവാസികൾ അറസ്റ്റിൽ
മലപ്പുറത്ത് ബുധനാഴ്ച ചേര്‍ന്ന പ്രഭാത യോഗത്തില്‍ മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, മങ്കട, കോട്ടയ്ക്കല്‍, വള്ളിക്കുന്ന്, വേങ്ങര നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിതാക്കളാണ് പങ്കെടുത്തത്. പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ആയുര്‍വേദ മേഖലയുടെ ഉന്നമനത്തിന് ആയുര്‍വേദ പ്രൊമോഷന്‍ കൗണ്‍സില്‍ സര്‍ക്കാര്‍ തലത്തില്‍ രൂപീകരണമെന്ന് കോട്ടയ്ക്കല്‍ ആയുര്‍വേദ ആര്യവൈദ്യശാല ട്രസ്റ്റി ഡോ. മാധവന്‍കുട്ടി വാര്യര്‍ ആഭ്യര്‍ഥിച്ചു. ആയുര്‍വേദ മേഖലയെ ചേര്‍ത്തുപിടിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും കൗണ്‍സില്‍ രൂപീകരിക്കുന്ന കാര്യം പരിശോധിക്കാമെന്നും മറുപടി നല്‍കി.
ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിചെല്ലുന്ന ഒരു മന്ത്രിസഭയെ ജീവിതത്തില്‍ ആദ്യമായാണ് കാണുന്നതെന്ന് മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമ പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാനായുള്ള നടപടിസ്വീകരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ ആവശ്യത്തിന് മറുപടിയായി യോഗത്തെ അറിയിച്ചു. പുതുതായി കൂടുതല്‍ കോഴ്‌സുകള്‍ അനുവദിച്ചതും വിശദീകരിച്ചു. ജില്ലയില്‍ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളെജ്, ബി എഡ് കോളേജ് എന്നിവ ആരംഭിക്കുക, മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ബുഖാരി തങ്ങള്‍ ഉന്നയിച്ചു. പ്രളയം, ഓഖി, നിപ്പ, കാലവര്‍ഷക്കെടുതി, കോവിഡ് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളെ കൃത്യമായ ഏകോപനത്തിലൂടെ അതിജീവിച്ച സര്‍ക്കാരിനെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല.
ALSO READ: തന്റെ പരിഭാഷകനാകുക ‘അപകടകരമായ’ ജോലി; ചിരിപടര്‍ത്തുന്ന കഥ പങ്കുവച്ച് രാഹുല്‍ ഗാന്ധി
ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്ത് നാടിനെ പുരോഗതിയിലേക്ക് നയിക്കുന്ന സര്‍ക്കാരാണിതെന്ന് മലപ്പുറം ഫെറോണ ചര്‍ച്ച് വികാരി മോന്‍സിഞ്ഞോര്‍ വിന്‍സന്റ് അറയ്ക്കല്‍ പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന സ്‌കോളര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിയപ്പാള്‍ കേരള സര്‍ക്കാര്‍ കെടാവിളക്ക് പദ്ധതി ആവിഷകരിച്ചത് ഏറെ സഹായകരമാണ്. കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് പരിധിയില്‍ കൂടുതല്‍ സമുദായങ്ങളെ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്‌കോളര്‍ഷിപ്പ് പരിധിയില്‍ അര്‍ഹരായവരെ ഉള്‍പ്പെടുന്ന കാര്യം പരിശോധിക്കാമെന്നാണ് അദ്ദേഹത്തിന് മറുപടി നല്‍കിയത്.
യുവ സംരംഭകരുടെ സാന്നിധ്യം ഈ യോഗത്തിലെ പ്രധാന സവിശേഷതയായിരുന്നു. അരീക്കോട്ടെ ഇന്റര്‍വല്‍ എന്ന സ്റ്റാര്‍ട്ടപ്പ് ഫിന്‍ലന്‍ഡിലേക്ക് ക്ഷണിക്കപ്പെട്ട വിവരം കേന്ദ്ര ധനമന്ത്രി പറയുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ആ സ്റ്റാര്‍ട്ടപ്പിന്റെ മാനേജിങ് പാര്‍ട്ടണര്‍ ഇന്നത്തെ യോഗത്തിനെത്തിയിരുന്നു. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ വളര്‍ച്ച അതിവേഗത്തിലാണ്. 2021 മാര്‍ച്ചില്‍ 2315 സ്റ്റാര്‍ട്ടപ്പുകളും ഡിസംബറില്‍ 2812 സ്റ്റാര്‍ട്ടപ്പുകളുമായിരുന്നു കേരളത്തില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2023 നവംബര്‍ 29 ആയപ്പോള്‍ അത് 4909 എണ്ണമായി ഉയര്‍ന്നു. അതായത് ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മാത്രം 2594 സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തു. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ മലപ്പുറം ജില്ലയിലുണ്ട്. അതിലൊന്നാണ് ഇന്റര്‍വല്‍.
ഇരുചക്ര വാഹന വില്‍പ്പന മേഖല നേരിടുന്ന പ്രശ്‌നങ്ങളാണ് യുവസംരംഭകനായ നിയാസ് ശ്രദ്ധയില്‍ പെടുത്തിയത്. 85 ശതമാനവും പെണ്‍കുട്ടികള്‍ പഠിക്കുന്ന കോട്ടയ്ക്കല്‍ ആയുര്‍വേദ കോളേജില്‍ പുതിയ വനിതാ ഹോസ്റ്റല്‍ കെട്ടിടം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അനഘ അഭ്യര്‍ഥിച്ചു. 85 ശതമാനവും പെണ്‍കുട്ടികള്‍ പഠിക്കുന്നു എന്നത് നാം സ്ത്രീ ശാക്തീകകരണ മേഖലയില്‍ എത്ര മുന്നേറി എന്നതിനുള്ള തെളിവാണെന്നും ഹോസ്റ്റല്‍ കെട്ടിടം സ്ഥാപിക്കുന്ന കാര്യം പരിഗണിക്കാമെന്നും മറുപടിയായി പറഞ്ഞു. വിവിധ ഗവേഷക ഫെലോഷിപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കുന്ന ഈ കാലത്ത് ഇതിനൊരു ബദല്‍ എന്ന നിലയ്ക്ക് സംസ്ഥാന സര്‍ക്കാറിന് കീഴില്‍ തനതായ ഒരു ഫെലോഷിപ്പ് ആരംഭിച്ച് മാതൃകയാവണമെന്ന് ഗവേഷക വിദ്യാര്‍ഥിയായ വൈശാഖ് ആവശ്യപ്പെട്ടു. ഇപ്പോള്‍ നല്‍കി വരുന്ന ഫെലോഷിപ്പുകള്‍ സമയബന്ധിതമായി ലഭിക്കാന്‍ സംസ്ഥാനത്ത് നോഡല്‍ ഓഫീസ് ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാലിന്യം പുറത്തേക്ക് വലിച്ചെറിയുന്ന ശീലം കുട്ടികളില്‍ ഇല്ലാതാക്കുന്നതിനായി മാലിന്യ സംസ്‌കരണ പാഠം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹരിതകര്‍മ്മ സേനാംഗമായ വി.പി ഗീത ആവശ്യപ്പെട്ടു. ഉയര്‍ന്നു വന്ന ഏതാനും വിഷയങ്ങളെ ഇവിടെ പ്രതിപാദിച്ചിട്ടുള്ളൂ. ഒരു നാടിന്റെയാകെ ശബ്ദമാണ് ഈ യോഗങ്ങളില്‍ ഉയരുന്നത്. ആ ശബ്ദം ജനാധിപത്യത്തിന്റെ കരുത്താണ്. അത് കേള്‍ക്കുകയും അതില്‍ നിന്നുള്‍ക്കൊള്ളുകയും മറുപടി നല്‍കുകയും തുടര്‍ നടപടികള്‍ ഉറപ്പാക്കുകയും ചെയ്യുന്ന പ്രക്രിയ കൂടിയാണ് നവകേരള സദസ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here