ഒരു രാജ്യം ഒരു ഭാഷ എന്നത് ആപത്കരം, മാതൃഭാഷകളെ അരികുവത്ക്കരിച്ചു കൊണ്ടുള്ള പ്രവർത്തനം രാജ്യത്ത് ഉണ്ടാകുന്നു; മുഖ്യമന്ത്രി

കേരള സമൂഹത്തിൻറെ ഭാഗമായിത്തന്നെ അതിഥി തൊഴിലാളികളെ കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളം മിഷന്റെ അനന്യമലയാളം അതിഥിമലയാളം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മാതൃഭാഷകളെ അരികുവത്ക്കരിച്ചു കൊണ്ടുള്ള പ്രവർത്തനം രാജ്യത്ത് ഉണ്ടാകുന്നു എന്നും ഒരു രാജ്യം ഒരു ഭാഷ എന്നത് ആപത്കരം ആണെന്നും അദ്ദേഹം പറഞ്ഞു.

അതോടൊപ്പം ഭാഷയുടെ പരിപോഷണത്തിനായി ഒരു രൂപ പോലും കേന്ദ്ര ബജറ്റിൽ നീക്കി വെച്ചിട്ടില്ല, ഈ ഘട്ടത്തിൽ ശക്തമായിട്ടുള്ള ഇടപെടലാണ് അനന്യ മലയാളം പോലെയുള്ള പദ്ധതികൾ നടത്തുന്നതെന്ന് മുഖ്യമന്ത്രി വിശദമാക്കി. ഒരൊറ്റ ഭാഷ എന്ന വാദം ഉയർത്തുമ്പോൾ വൈവിധ്യമാർന്ന നമ്മുടെ രാജ്യത്തിൻറെ നിലനിൽപ്പിനും മുന്നോട്ടുപോക്കിനും അത് ഭീഷണിയാകും എന്നും മറ്റ് സംസ്കാരങ്ങളെയും ഭാഷകളേയും ഇല്ലായ്മ ചെയ്തുകൊണ്ട് അധിനിവേശം നടത്തുകയല്ല വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ മാതൃഭാഷകളെ കേവലം പ്രാദേശിക ഭാഷയാക്കി കാണാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്, മറ്റ് ഭാഷകളെയും ഉൾക്കൊണ്ടുകൊണ്ട് ഭാഷയെ വിപുലപ്പെടുത്തുകയാണ് വേണ്ടത്, ഇതിലും കേരളം രാജ്യത്തിന് മാതൃകയാകുന്ന പ്രവർത്തനമാണ് നടത്തുന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അതിഥി തൊഴിലാളികൾ വിവിധ മേഖലകളിൽ അവരുടെ കഴിവ് തെളിയിക്കുകയാണ് എന്നും വിവിധ മേഖലകളിലായി അവർ ജോലി ചെയ്യുന്നു എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അവരുടെ മക്കൾ ഇവിടത്തെ സ്കൂളുകളിൽ പഠിക്കുന്നു,കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. അതത് പ്രദേശത്തെ ഭാഷ ഉൾക്കൊണ്ടുകൊണ്ടാണ് അവർ പ്രവർത്തിക്കുന്നത്, ഇവിടുത്തെ ഭാഷ പഠിക്കുന്നത് മുന്നോട്ടുള്ള പോക്ക് അവർക്ക് സുഖമാകും, അതിഥി തൊഴിലാളികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനമാണ് കേരളം എന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. അതിഥി തൊഴിലാളികൾക്ക് താമസിക്കാൻ വീടിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News