‘ ജനകീയ പാര്‍ലമെന്റേറിയന്‍, നടത്തിയ പോരാട്ടങ്ങളെല്ലാം ചരിത്ര പ്രാധാന്യമുള്ളവ, യെച്ചൂരിയുടെ വിയോഗം തീരാനഷ്ടം’: മുഖ്യമന്ത്രി

ഇന്ത്യന്‍ ജനാധിപത്യത്തിനും മതനിരപേക്ഷ രാഷ്ട്രീയത്തിനും പൊതുവിലും തൊഴിലാളിവര്‍ഗ്ഗ വിപ്ലവപ്രസ്ഥാനത്തിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ് സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങേയറ്റത്തെ ദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണ് സഖാവ് സീതാറാം വിട പറഞ്ഞു എന്ന വിവരം അറിഞ്ഞത്. സീതാറാമുമായി ഒരുമിച്ച് കേന്ദ്ര കമ്മിറ്റിയിലും പി ബിയിലും ഒക്കെ പ്രവര്‍ത്തിച്ചതിന്റെ നിരവധിയായ സന്ദര്‍ഭങ്ങള്‍ തുടര്‍ച്ചയായി മനസ്സിലേക്കെത്തുന്ന ഘട്ടമാണിത്. സമാനതകളില്ലാത്ത മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനും ബുദ്ധിജീവിയുമായിരുന്നു സീതാറാം യെച്ചൂരി സീതാറാമിന്റെ അസാധാരണമായ നേതൃത്വശേഷിയും സംഘടനാപാടവും പ്രത്യയശാസ്ത്ര വ്യക്തതയും കേരളത്തിലെ പാര്‍ട്ടിക്ക് എന്നും മാര്‍ഗ്ഗനിര്‍ദ്ദേശകമായിരുന്നിട്ടുണ്ട്. വൈഷമ്യങ്ങളില്‍ നിന്ന് പാര്‍ട്ടിയെ വീണ്ടെടുക്കാനും സൈദ്ധാന്തികവും സംഘടനാപരവുമായ ഗരിമയിലൂടെ പ്രസ്ഥാനത്തെ മുമ്പോട്ടു നയിക്കാനും സഖാവിന്റെ ഇടപെടലുകള്‍ എക്കാലത്തും കേരളത്തിലെ പാര്‍ട്ടിക്ക് പ്രയോജനകരമായിട്ടുണ്ട്. സി പി ഐ (എം)ന്റെ രാഷ്ട്രീയ – അടവ് – തന്ത്ര സമീപനങ്ങള്‍ മാറുന്ന ദേശീയ – സാര്‍വ്വദേശീയ സാഹചര്യങ്ങള്‍ക്കനുസൃതമായി രൂപപ്പെടുത്തുന്നതില്‍ സവിശേഷമായ മികവോടെയുള്ള പങ്കാണ് സീതാറാം എന്നും വഹിച്ചിരുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്നുകൊണ്ട് ബുദ്ധിമുട്ടേറിയ രാഷ്ട്രീയ ഘട്ടങ്ങളില്‍ സീതാറാം യെച്ചൂരി പാര്‍ട്ടിയെ നയിച്ചത് മാതൃകാപരമായ രീതിയിലാണ്. ആധുനിക മുതലാളിത്തത്തിന്റെയും നവലിബറലിസത്തിന്റെയും കാലത്ത് കൃത്യമായ സൈദ്ധാന്തിക വ്യക്തതയോടെ ശരിയായ നയം രൂപീകരിക്കുന്നതിലും സുദൃഢമായ അച്ചടക്കത്തിന്റെ ചട്ടക്കൂടില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിലും പുതിയ ജനവിഭാഗങ്ങളിലേക്ക് പാര്‍ട്ടിയുടെ സ്വീകാര്യതയെ വ്യാപിപ്പിക്കുന്നതിലും സീതാറാം വഹിച്ച നേതൃത്വപരമായ പങ്ക് പാര്‍ട്ടിക്ക് ഒരിക്കലും മറക്കാവുന്നതല്ല.

അടിയന്തരാവസ്ഥയുടെ അമിതാധികാര സ്വേച്ഛാധിപത്യ കാലത്താണ് അതിനെ അതിശക്തമായി എതിര്‍ത്തുകൊണ്ട് സീതാറാം വിദ്യാര്‍ത്ഥി നേതാവെന്ന നിലയില്‍ ദേശീയ ശ്രദ്ധയിലേക്കുയര്‍ന്നത്. അടിയന്തരാവസ്ഥയുടെ മറവില്‍ അതിനിഷ്ഠൂരമായ കിരാത വാഴ്ചകള്‍ വ്യാപിച്ചപ്പോള്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഒദ്യോഗിക വസതിയിലേക്ക് ജെ എന്‍ യു ചാന്‍സലര്‍ സ്ഥാനത്തു നിന്നുള്ള അവരുടെ രാജി ആവശ്യപ്പെട്ടുകൊണ്ട്, അടിയന്തരാവസ്ഥയെ വെല്ലുവിളിച്ച്, വിദ്യാര്‍ത്ഥികളുടെ സമരജാഥയ്ക്ക് നേതൃത്വം നല്‍കിയ ആളാണ് സീതാറാം. ജെ എന്‍ യു സ്റ്റുഡന്റ്‌സ് യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് തുടര്‍ച്ചയായി 3 തവണ തെരഞ്ഞെടുക്കപ്പെട്ടതും ഇന്നേവരെ മറ്റൊരാള്‍ക്കും അത് സാധിച്ചിട്ടില്ല എന്നതും വിദ്യാര്‍ത്ഥി സമുഹത്തിലെ സീതാറാമിന്റെ അസാധാരണമായ സ്വീകാര്യതയ്ക്കുള്ള ദൃഷ്ടാന്തമാണ്. അനിതര സാധാരണമായ സംഘാടന ശേഷിയും പ്രത്യയശാസ്ത്ര വ്യക്തതയും പ്രശ്‌നപരിഹാരപാടവും ഉള്ളതുകൊണ്ടു തന്നെയാണ് വളരെ ചെറുപ്പത്തില്‍, 33-ാം വയസ്സില്‍ സീതാറാം പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയില്‍ എത്തിയത്. 40-ാം വയസ്സില്‍ പാര്‍ട്ടിയുടെ പി.ബിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും ഇതുകൊണ്ടുതന്നെ അതിവിപുലമായ വായനയിലൂടെ ലോക ചരിത്രവും ഇന്ത്യാ ചരിത്രവും സാമൂഹിക-സാമ്പത്തിക- രാഷ്ട്രീയ പരിണാമത്തിന്റെ ചരിത്രവഴികളും ഹൃദിസ്ഥമാക്കിയ സീതാറാം സമകാലിക കാര്യങ്ങളുടെയും അന്താരാഷ്ട്ര ബന്ധങ്ങളുടെയും അപഗ്രഥന കാര്യത്തില്‍ അവയൊക്കെ ഫലപ്രദമാം വിധം ഉപയോഗിച്ചു. അസാധാരണമായ ഒരു പൊതുപ്രസംഗ ശൈലിക്ക് ഉടമയായിരുന്നു സീതാറാം. ആഴമുള്ളതും അപ്രഗഥനാത്മകവും ആയിരുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വലിയ ജനസമൂഹങ്ങളുടെ മനോഭാവങ്ങളെ രൂപപ്പെടുത്താനും മാറ്റിമറിക്കാനും പോരുന്നവയായിരുന്നു. മാര്‍ക്സിസം ലെനിനിസത്തിന്റെ, ദ്വന്ദ്വാത്മക ഭൗതിക വാദത്തിന്റെ തത്വങ്ങള്‍ വളരെ ലളിതമായും സുതാര്യമായും സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ദൃഷ്ടാന്തങ്ങളോടെ അവതരിപ്പിക്കുമായിരുന്നു. സിതാറാമിന്റെ പാര്‍ട്ടി ക്ലാസുകള്‍ക്കു വേണ്ടി സഖാക്കള്‍, പ്രത്യേകിച്ച് യുവാക്കളും വിദ്യാര്‍ത്ഥികളും കാത്തിരിക്കുമായിരുന്നു.

സീതാറാം എല്ലാ അര്‍ത്ഥത്തിലും ഒരു ജനകീയ പാര്‍ലമെന്റേറിയനായിരുന്നു. പുറത്തുനടക്കുന്ന ജനകീയ സമരങ്ങളുടെ പ്രതിധ്വനികള്‍ പാര്‍ലമെന്റില്‍ ഉണ്ടാവേണ്ടതുണ്ട് എന്ന് അദ്ദേഹം വിശ്വസിച്ചു. പാര്‍ലമെന്റ് ആദ്യമായും അടിസ്ഥാനപരമായും അഭിസംബോധന ചെയ്യേണ്ടത് പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ ജനവിഭാഗങ്ങള്‍ നേരിടുന്ന ഗുരുതരമായ ജീവല്‍പ്രശ്നങ്ങളാണെന്ന കാര്യത്തില്‍ സീതാറാമിന് സംശയമേ ഉണ്ടായിരുന്നില്ല. സഭാതലത്തില്‍ സീതാറാം നടത്തിയ ഇടപെടലുകളും പ്രസംഗങ്ങളും രാജ്യമാകെ, ജനങ്ങളാകെ ശ്രദ്ധിക്കുന്ന തരത്തിലായി. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ കോമണ്‍ മിനിമം പ്രോഗ്രാം തയ്യാറാക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ച ആളാണ് സീതാറാം യെച്ചൂരി. ആ പ്രോഗ്രാം സമൂഹത്തിലെ പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഒട്ടൊക്കെയെങ്കിലും അതില്‍ പ്രതിഫലിച്ചത് സീതാറാമിന്റെ ഇടപെടല്‍ കൊണ്ടായിരുന്നു. പ്രതിപക്ഷ നിരയിലെ പ്രധാന നേതാക്കളിലൊരാള്‍ എന്ന നിലയില്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി, പൊതുനന്മ മുന്‍നിര്‍ത്തി, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെ ഒരുമിപ്പിക്കുന്നതില്‍ സീതാറാം കാര്യമായ സംഭാവന നല്‍കിയിട്ടുണ്ട്. വ്യത്യസ്തമായ പല വിഷയങ്ങളിലും പ്രതിപക്ഷ നിരയില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കുന്ന കാര്യത്തില്‍ സീതാറാമിന്റെ നയതന്ത്രജ്ഞത തെളിഞ്ഞുകണ്ടു. ദേശീയ താല്‍പര്യം എന്നാല്‍ ജനങ്ങളുടെ താല്‍പര്യം എന്ന ധാരണ മുന്‍നിര്‍ത്തിയാണ് ജനങ്ങളുടെ താല്‍പര്യങ്ങള്‍ സഭയില്‍ ഉയര്‍ത്തിയതും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിശ്രമരഹിതമായി ഇടപെട്ടുപോന്നതും. ഇന്ത്യയെ മതനിരപേക്ഷ – ഫെഡറല്‍ സ്വഭാവങ്ങളുള്ള രാജ്യമാക്കി നിലനിര്‍ത്തുന്നതിന്, വര്‍ഗ്ഗീയതയുടെയും വംശീയതയുടെയും അടിസ്ഥാനത്തില്‍ രാജ്യം ഛിദ്രീകരിക്കപ്പെടില്ലാ എന്ന് ഉറപ്പുവരുത്തുന്നതിന്, ഭരണഘടന അട്ടിമറിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്നതിന്, ഒക്കെ സീതാറാം നടത്തിയ പോരാട്ടങ്ങള്‍ ചരിത്ര പ്രാധാന്യമുള്ളവയാണ് എന്ന് കാലം വിലയിരുത്തും. ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്നു പാര്‍ലമെന്റില്‍ സീതാറാം. അടിച്ചമര്‍ത്തപ്പെടുന്ന കര്‍ഷകന്റെയും വേട്ടയാടപ്പെടുന്ന ദളിത് ന്യൂനപക്ഷ വിഭാഗങ്ങളുടെയും ഒക്കെ ദീനസ്വരങ്ങള്‍ സീതാറാമിലൂടെ പാര്‍ലമെന്റില്‍ കലാപധ്വനികളായി ഉയര്‍ന്നു.

ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തുകളഞ്ഞ ഘട്ടത്തില്‍ കാശ്മീര്‍ അസ്വസ്ഥമാവുകയും ജനാധിപത്യ പാര്‍ട്ടികളുടെ നേതാക്കള്‍ കരുതല്‍ തടങ്കലില്‍ വരെ ആവുകയും ചെയ്ത ഘട്ടത്തില്‍ അവിടേക്ക് ആദ്യമായി ഓടിയെത്തിയ ദേശീയ രാഷ്ട്രീയ നേതാവ് സീതാറാം യെച്ചൂരിയാണ്. പൗരത്വ നിയമ ഭേദഗതി, അതിനെത്തുടര്‍ന്നുണ്ടായ ന്യൂനപക്ഷ വിരുദ്ധ കലാപങ്ങള്‍ എന്നിവയുടെയൊക്കെ ഘട്ടത്തിലും അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങളുടെ ധീരപോരാളിയായി സീതാറാം ഉയര്‍ന്നുവന്നു. ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായി നിലനില്‍ക്കണമെങ്കില്‍ ഈ രാജ്യത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും രാഷ്ട്ര നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തുല്യാവകാശം ഉണ്ടാകണമെന്ന് അദ്ദേഹം വിശ്വസിച്ചു. നമ്മുടെ ജനാധിപത്യം സുതാര്യമായാലേ അതിന് അരികുവല്‍ക്കരിക്കപ്പെടുന്നവരും പാപ്പരീകരിക്കപ്പെടുന്നവരുമായ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനാവു എന്ന കാര്യത്തിലും അദ്ദേഹത്തിന് വ്യക്തത ഉണ്ടായിരുന്നു ഈ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൗരത്വ നിയമ ഭേദഗതിയുടെയും ഇലക്ടറല്‍ ബോണ്ടുകളുടെയും ഒക്കെ കാര്യത്തില്‍ തെരുവുകള്‍ മുതല്‍ സുപ്രീം കോടതി വരെ അദ്ദേഹം പോരാട്ടങ്ങള്‍ നയിച്ചത്. കര്‍ഷക സമരത്തെ ആളിപ്പടരുന്ന ഒരു സുസംഘടിതമായ പോരാട്ട പ്രസ്ഥാനമാക്കി വളര്‍ത്തുന്നതിലടക്കം സിപിഐ(എം)ന്റെ മുന്‍കൈ പ്രകടമായത് സീതാറാമിന്റെ കൂടി നേത്യപരമായ പങ്കിന്റെ അടിസ്ഥാനത്തിലായിരുന്നു. സി പി ഐ (എം)നെ സുശക്തമാക്കാനും അതിന്റെ സ്വീകാര്യത പുതിയ ജനവിഭാഗങ്ങളിലേക്ക് എത്തിക്കാനും വിശ്രമരഹിതമായാണ് സീതാറാം ഓടിനടന്ന് പ്രവര്‍ത്തിച്ചത്. ആ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തന്റെ ആരോഗ്യത്തെപ്പോലും സീതാറാം മറന്നു. വ്യക്തിപരമായ നഷ്ടങ്ങള്‍ക്കും വേദനകള്‍ക്കുമിടയിലും സമൂഹവും പാര്‍ട്ടിയും തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ കൃത്യമായി പൂര്‍ത്തീകരിക്കുന്നതില്‍ പ്രതിബദ്ധതയോടെ നിന്നു അദ്ദേഹം.

സി പി ഐ (എം)ന്റെ കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും അദ്ദേഹത്തോടൊപ്പം നീണ്ടകാലം ഒരുമിച്ചു പ്രവര്‍ത്തിച്ചു എന്നത് എന്റെ ജീവിതത്തിലെ പ്രധാന ഏടുകളിലൊന്നാണ്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാര്യമെടുത്താല്‍ കഴിഞ്ഞ 8 വര്‍ഷവും അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദ്ദേശവും പിന്തുണയും വളരെ വിലപ്പെട്ടതായിരുന്നു. അതുകൂടിയാണ് ഇപ്പോള്‍ നഷ്ടമാകുന്നത്. ഈ വിയോഗം എനിക്കു വ്യക്തിപരമായും വലിയ നഷ്ടമാണ്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും കനത്ത നഷ്ടമാണ്. അതീവ ദുഃഖത്തോടെ കുടുംബത്തെയും പാര്‍ട്ടി സഖാക്കളെയും ഞാന്‍ അനുശോചനം അറിയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News