സ്മാർട്ട് ലൈസൻസ് കാർഡുകളെന്ന കേരളീയരുടെ ദീർഘകാല സ്വപ്നം സാക്ഷാത്കരിക്കുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഴിലധികം സുരക്ഷാ സംവിധാനങ്ങളൊരുക്കിയ പി വി സി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നാളെ നിലവിൽ വരും. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ മാനദണ്ഡങ്ങൾ പ്രകാരം രൂപകൽപ്പന ചെയ്ത ലൈസൻസ് കാർഡുകൾ നിരവധി തടസ്സങ്ങൾ അതിജീവിച്ചാണ് യാഥാർത്ഥ്യമാകുന്നത്. മന്ത്രി കുറിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പി വി സി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകളെപ്പറ്റി കുറിച്ചത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ …
കേരളത്തിന്റെ ഗതാഗത മേഖലയെ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി മേന്മയുള്ള സ്മാർട്ട് ലൈസൻസ് കാർഡുകളെന്ന കേരളീയരുടെ ദീർഘകാല സ്വപ്നം സാക്ഷാത്കരിക്കുകയാണ്. ഏഴിലധികം സുരക്ഷാ സംവിധാനങ്ങളൊരുക്കിയ പി വി സി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നാളെ നിലവിൽ വരും. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ മാനദണ്ഡങ്ങൾ പ്രകാരം രൂപകൽപ്പന ചെയ്ത ലൈസൻസ് കാർഡുകൾ നിരവധി തടസ്സങ്ങൾ അതിജീവിച്ചാണ് യാഥാർത്ഥ്യമാകുന്നത്.
ഇന്ത്യയിൽ ആദ്യമായി ഡ്രൈവിങ് ലൈസൻസ് സ്മാർട്ട് കാർഡ് ആക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച സംസ്ഥാനമായിരുന്നു കേരളം. ഇതിനായി 2001 ൽ തന്നെ തീരുമാനമെടുക്കുകയും വിവിധ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ മോട്ടോർ വാഹന നിയമത്തിൽ തുടർച്ചയായി വന്ന ഭേദഗതികളും ടെൻഡർ വിഷയത്തിൽ വന്ന ചില കോടതിനടപടികളും മൂലം ലൈസൻസ് സ്മാർട്ട് ആക്കാനുള്ള നീക്കങ്ങൾ തടസ്സപ്പെട്ടു. ജോലിക്കും വിദ്യാഭ്യാസത്തിനുമായി ലോകമെങ്ങുമെത്തി ചേർന്നവരാണ് കേരളീയർ. ഇവിടങ്ങളിലെല്ലാം വിവിധ ആവശ്യങ്ങൾക്കായി ആധുനിക സംവിധാനങ്ങളില്ലാത്ത ലൈസൻസ് കാർഡുകൾ ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ പ്രശ്നങ്ങൾ മുന്നിൽക്കണ്ട് എൽഡിഎഫ് സർക്കാർ നടത്തിയ നിയമപോരാട്ടങ്ങളുടെ ഭാഗമായാണ് ഇപ്പോൾ സ്മാർട്ട് ലൈസൻസ് കാർഡുകൾ ഇറക്കുവാനുള്ള സ്ഥിതി കേരളത്തിലുണ്ടായിരിക്കുന്നത്.
ഉയർന്ന ജീവിതനിലവാരമുള്ള സമൂഹമായി കേരളത്തെ മാറ്റിത്തീർക്കാൻ പ്രതിജ്ഞാബദ്ധമായി വികസനനടപടികൾ ആവിഷ്കരിച്ചു മുന്നേറുകയാണ് എൽഡിഎഫ് സർക്കാർ. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഗതാഗതമേഖല ഈ വളർച്ചക്ക് അനിവാര്യമാണ്. നവീകരിച്ച സ്മാർട്ട് ലൈസൻസ് കാർഡുകൾ ഈ ദിശയിലേക്കുള്ള വലിയ ചുവടുവെപ്പാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here