ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി നടക്കുന്ന സര്‍വേകള്‍ പെയ്ഡ് ന്യൂസ് പറയുന്ന പോലെയാണെന്ന് പരിഹസിച്ച മുഖ്യമന്ത്രി മനോരമ അടക്കമുള്ള മാധ്യമങ്ങള്‍ ഓവര്‍ ടൈം പണിയെടുക്കുകയാണെന്നും പറഞ്ഞു.
ALSO READ: ‘കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല, വടകരയിൽ കെ കെ ശൈലജ വിജയിക്കും’: സീതാറാം യെച്ചൂരി
അദ്ദേഹത്തിന്റെ വാക്കുകള്‍:
പെയ്ഡ് ന്യൂസ് എന്ന് പറയുന്ന പോലെയാണ് സര്‍വേകള്‍. നേരത്തേയും ഇതുപോലെ സര്‍വേ വന്നിട്ടുണ്ട്. ചില മാധ്യമങ്ങള്‍ ഓവര്‍ ടൈം പണിയെടുക്കുന്നു. മനോരമയാണ് ഏറെ കഷ്ടപ്പെടുന്നത്. അര്‍ധസത്യങ്ങളും അതിശയോക്തിയും പ്രചരിപ്പിയ്ക്കുന്നു. എല്‍ഡിഎഫ് വാര്‍ത്തകള്‍ തമസ്‌കരിക്കുന്നു. വലതുപക്ഷത്തിനായി മുക്കാല്‍ ഭാഗം മാറ്റിവെയ്ക്കുന്നു. 15 യോഗങ്ങളില്‍ സംസാരിച്ചു. മോദിയ്‌ക്കെതിരേയും ആര്‍എസ്എസിനെതിരേയുമാണ് സംസാരിച്ചത്. രാഹുല്‍ ഗാന്ധി സംസാരിച്ചത് മനോരമ വാര്‍ത്ത നല്‍കിയത് ശ്രദ്ധിച്ചില്ലേ. ഞങ്ങള്‍ മോദിയെ എതിര്‍ക്കുന്നില്ല എന്ന നരേറ്റീവ് അവര്‍ ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തെരരഞ്ഞെടുപ്പ് കാലത്തുവരുന്ന സര്‍വേകള്‍ പെയ്ഡ് സര്‍വേകളെന്ന് ജനങ്ങള്‍ക്ക് സംശയമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തട്ടിക്കൂട്ടി പുറത്തുവിടുന്ന കണക്കുകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. ജനങ്ങളെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങളിലൊന്നും യുഡിഎഫിന് നിലപാടില്ലെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. മാധ്യമങ്ങളുടെ സര്‍വേകളെക്കുറിച്ച് നിയമസഭാ തെരഞ്ഞെടുപ്പിലെ സര്‍വേയുടെ ഫലങ്ങള്‍ ഓര്‍ത്തു നോക്കൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അന്ന് കെ കെ ശൈലജയും എംഎം മണിയും എംബി രാജേഷും മുഹമ്മദ് റിയാസും പരാജയപ്പെടും എന്ന് പറഞ്ഞു. ഇതെല്ലാം പെയ്ഡ് സര്‍വേ ആണോ എന്ന് ജനങ്ങള്‍ സംശയിക്കുന്നുണ്ട്. സര്‍വേകളുടെ ശാസ്ത്രീയ അടിത്തറ ജനങ്ങളോട് പങ്ക് വെക്കുന്നുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
വര്‍ഗീയതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജനങ്ങളുടെ ഭാഗത്തുനിന്ന് യുഡിഎഫിന്റെ ശബ്ദം കേള്‍ക്കുന്നില്ല. അധികാരത്തിനു മാത്രമാണ് ബിജെപിയും കോണ്‍ഗ്രസും മത്സരമെന്നും മുഖമന്ത്രി പറഞ്ഞു. മലപ്പുറം, കണ്ണൂര്‍, പത്തനംതിട്ട, എറണാകുളം, മാവേലിക്കര എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ യുഡി എഫ് സംഭാവനയാണ്. ബിജെപിയ്ക്ക് കേരളത്തില്‍ നാലില്‍ ഒന്നു സ്ഥനാര്‍ത്ഥികളെ നല്‍കിയത് യുഡിഎഫ് ആണെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here