കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജീവ് ചന്ദ്രശേഖര്‍ കൊടും വിഷമാണെന്നും ഒരു വിടുവായന്‍ പറയുന്ന കാര്യമാണ് മന്ത്രി പറഞ്ഞത് എന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു. കേന്ദ്രമന്ത്രി തന്റേതായ രീതിയില്‍ കാര്യങ്ങള്‍ സ്വീകരിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അദ്ദേഹം രാജ്യത്തിന്റെ മന്ത്രി ആണ്. ആ മന്ത്രിക്ക് അന്വേഷണ ഏജന്‍സികളെ വിശ്വാസം വേണം. സാധാരണ നിലയ്ക്ക് ഒരു വിടുവായന്‍ പറയുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞത്. അത് ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ട കാര്യമല്ല. കേരളത്തിന്റെ തനിമ തകര്‍ക്കുന്ന കാര്യങ്ങളാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പ്രചരിപ്പിച്ചത്. ഒരു വിഭാഗത്തെപ്പറ്റി പ്രചാരണം നടത്തി.
പക്ഷേ കേരളം അങ്ങനെയല്ല. ഒരു വര്‍ഗീയതയോടും കേരളം വിട്ടുവീഴ്ച ചെയ്യില്ല. ഇന്ത്യ രാജ്യത്ത് തന്നെ ഒരു തുരുത്താണ് കേരളം. അത് ലോകവും രാജ്യവും അംഗീകരിച്ചതാണ്. അത് അദ്ദേഹത്തിന് മനസിലാകില്ല. കേരളത്തിന്റെ തനിമ കളയാന്‍ ആരെയും അനുവദിക്കില്ല. അദ്ദേഹം വെറും വിഷമല്ല, കൊടും വിഷം. അത് അദ്ദേഹത്തിന് ഒരു അലങ്കാരമാണ് എന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കേരളം തീവ്രവാദ ശക്തികളുടെ കേന്ദ്രമാണെന്ന മന്ത്രിയുടെ നിലപാടിനെയാണ് മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചത്.
മാര്‍ട്ടിന്‍ സമ്മതിച്ച കാര്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മറ്റു മാനം ഉണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കും. അന്വേഷണം നല്ല നിലയില്‍ മുന്നോട്ട് പോകുന്നു. കേരളത്തിന്റെ പ്രത്യേകത സൗഹാര്‍ദവും സാഹോദര്യവും ആണ്. ഇത് തകര്‍ക്കാന്‍ ശ്രമിക്കുന്ന വരെ ഒറ്റപ്പെടുത്തണം. അന്വേഷണം ആരംഭിച്ചപ്പോള്‍ ഡിജിപി പറഞ്ഞിരുന്നു, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത് എന്ന്. അത് എല്ലാ മാധ്യമങ്ങളും ഏറ്റെടുത്തു. വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. ചികിത്സയില്‍ കഴിയുന്നവരുടെ ചിലവ് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ല. ഇത്തരം കാര്യങ്ങളില്‍ സംസ്ഥാനം മാതൃകാപരമായ രീതിയാണ് സ്വീകരിച്ചു വരുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here