‘കുടുംബശ്രീ രാജ്യത്തിനും ലോകത്തിനും കേരളം സൃഷ്ടിച്ച മാതൃക’; മെയ് 17 കുടുംബശ്രീ ദിനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

രാജ്യത്തിനും ലോകത്തിനും കേരളം സൃഷ്ടിച്ച മാതൃകയാണ് കുടുംബശ്രീയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സമൂഹത്തിന്റെ മതനിരപേക്ഷ സമീപനത്തിന്റെ പ്രതിഫലനമാണ് കുടുംബശ്രീ. കേരളത്തിലെ സ്ത്രീകളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്നതില്‍ കുടുംബശ്രീ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നുവെന്നും കുടുംബശ്രീയെ കണ്ണിലെ കൃഷ്ണമണിപോലെയാണ് സര്‍ക്കാര്‍ കാത്തുസൂക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മെയ് പതിനേഴ് മുഖ്യമന്ത്രി കുടുംബശ്രീ ദിനമായി പ്രഖ്യാപിച്ചു.

സ്വതന്ത്രമായ സമീപനം കുടുംബശ്രീയെ എക്കാലത്തേയും മികച്ച ദാരിദ്ര നിര്‍മാര്‍ജന മിഷനാക്കി മാറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുതന്നെയാണ് കുടുംബശ്രീയെ വ്യത്യസ്ത മാതൃകയാക്കിയത്. കൊവിഡിന്റെ കാലത്ത് കുടുംബശ്രീ യൂണിറ്റുകള്‍ വലിയ പ്രതിസന്ധി നേരിട്ടു. അതിനെ മറികടക്കാന്‍ സഹായ ഹസ്തം വായ്പ പദ്ധതി ആവിഷ്‌കരിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 25 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്കായി 1903 കോടി രൂപ ലഭ്യമാക്കി. പലിശ സബ്‌സിഡി ഇനത്തില്‍ ഇതുവരെ 211 കോടി രൂപ ലഭ്യമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിരവധി മേഖലഖളില്‍ കുടുംബശ്രീ തങ്ങളുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഉത്പാദന സേവന വ്യാപാര മേഖലകളില്‍ 1,08,466 സൂക്ഷ്മ സംരംഭങ്ങളിലായി 1,87,000 സംരംഭകരാണ് ഇന്ന് കുടുംബശ്രീയുടെ ഭാഗമായി കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളും സ്ഥാപനങ്ങളുമായുള്ള സംയോജനത്തിലൂടെ കുടുംബശ്രീ വിജയിപ്പിച്ച നിരവധി സംരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി ഉദാഹരണങ്ങളുണ്ട്. ജനകീയ ഹോട്ടലുകള്‍, ഹരിത കര്‍മ്മസേന, സാന്ത്വനം വൊളന്റിയേഴ്‌സ്, ഹര്‍ഷം, ഇ സേവാ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഇതിന്റെ ഉദാഹരണങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News