‘മാസ്റ്റർ കൊച്ചി’ക്കായി എൽ ഡി എഫ് സർക്കാരിന്റെ മാസ്റ്റർ പ്ലാൻ

എറണാകുളം, കൊച്ചി, വൈപ്പിൻ, കളമശേരി മണ്ഡലങ്ങളിലാണ് നവകേരള സദസ്സിന്റെ ഭാഗമായി വെള്ളിയാഴ്ച പര്യടനം നടത്തിയത്. കൊച്ചി നഗരത്തിന്റെ സമഗ്ര വികസനവും അതിലൂടെയുള്ള കേരളത്തിന്റെ കുതിപ്പുമാണ് എല്ലായിടത്തും പ്രധാന ചർച്ചാവിഷയമായത്.

ഇതുവരെയുള്ളതിൽനിന്ന് വ്യത്യസ്തമായി, നഗരത്തിൽനിന്ന് ആദ്യ യോഗകേന്ദ്രമായ വൈപ്പിനിലേക്ക്‌ ജലമാർഗമാണ് യാത്ര ചെയ്തത്. ഹൈക്കോർട്ട് ജങ്‌ഷൻ ടെർമിനലിൽനിന്ന്‌ വൈപ്പിൻ ടെർമിനലിലേക്ക് തദ്ദേശീയമായി നിർമിച്ച വാട്ടർ മെട്രോ ബോട്ടിൽ യാത്ര. വാട്ടർ മെട്രോ സർവീസ് ആരംഭിച്ച് ഏഴു മാസം പിന്നിട്ടു. പന്ത്രണ്ടര ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ യാത്ര ചെയ്തത്. നേരത്തേ പലതവണ ആലോചിച്ചിരുന്നെങ്കിലും ഇന്നാണ് അതിനുള്ള സൗകര്യം ഒത്തുവന്നത്.

പൊതുഗതാഗത രംഗത്ത് വലിയ മാറ്റം കൊണ്ടുവരുന്ന വാട്ടർ മെട്രോയുടെ ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകൾ അന്താരാഷ്ട്രതലത്തിലും ശ്രദ്ധ നേടിയതാണ്. കുറഞ്ഞ നിരക്കിൽ സുരക്ഷിതമായ യാത്രയാണ് ശീതീകരിച്ച ബോട്ടുകളിൽ ഒരുക്കിയിരിക്കുന്നത്. കൊച്ചി മെട്രോ റെയിലിനു സമാനമായ എല്ലാ സൗകര്യങ്ങളും ലോകത്തിലെതന്നെ ആദ്യ വാട്ടർ മെട്രോ ആയ ഇതിലുണ്ട്. വിവിധ ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം മാത്രമല്ല, ടൂറിസം സാധ്യത മുൻനിർത്തി അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സഹായകമാണ്.

Also read:കാനം രാജേന്ദ്രന്‍റെ വിയോഗം; ഇന്നത്തെ നവകേരള സദസിന്റെ എല്ലാ പരിപാടികളും മാറ്റി

കൊച്ചിയുമായി ബന്ധപ്പെട്ട ഒരു പ്രധാന സംഭവം ഉണ്ടായി. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ ടെർമിനൽ സ്റ്റേഷനായ തൃപ്പൂണിത്തുറ സ്റ്റേഷനിലേക്ക് എസ്‌എൻ ജങ്‌ഷൻ മെട്രോ സ്റ്റേഷനിൽ പരീക്ഷണയോട്ടത്തിന്റെ നടപടി ആരംഭിച്ചു. പുലർച്ചെ 1.30ന് ആദ്യ പരീക്ഷണയോട്ടം നടത്തി. സിഗ്നൽ സംവിധാനങ്ങളിലെ കൃത്യത ഉൾപ്പെടെ ഉറപ്പുവരുത്തുന്നതിന്‌ ഈ മേഖലയിലെ ആദ്യ ട്രയൽ റൺ സഹായകരമായി.

വെള്ളിയാഴ്ച കലൂർ ഐഎംഎ ഹാളിലായിരുന്നു പ്രഭാതയോഗം. അവിടെയും സജീവ ചർച്ചാവിഷയം കൊച്ചിയുടെ വികസനംതന്നെയായിരുന്നു. നഗരവികസന മാസ്റ്റർപ്ലാൻ നല്ല നിലയിൽ പുരോഗമിക്കുകയാണ്. വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാനായത് നേട്ടംതന്നെയാണ്. നഗരത്തിലെ മുഴുവൻ റോഡുകളും രണ്ടു മണിക്കൂർകൊണ്ട് ശുചീകരിക്കാൻ കഴിയുന്ന രണ്ട് അത്യാധുനിക സ്വീപ്പിങ് യന്ത്രങ്ങളും നഗരത്തിന് ലഭിച്ചിട്ടുണ്ട്.

നഗരത്തിലെ അഴുക്കുചാലുകൾ വൃത്തിയാക്കി നഗരത്തെ മനോഹരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന് ജിയോജിത് മാനേജിങ്‌ ഡയറക്ടർ സി ജെ ജോർജ് പറഞ്ഞു. ടൂറിസത്തിന്റെ തലസ്ഥാനം എന്ന നിലയിൽ കൊച്ചിയിലെ വിനോദസഞ്ചാര മേഖലയെ പുരോഗതിയിലേക്ക് നയിക്കുന്നതിനുള്ള പദ്ധതികൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കൊച്ചി മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് ലോക്കൽ ഏരിയ പ്ലാനിങ് ഡെവലപ്‌മെന്റ് മോഡൽ രൂപീകരിക്കുന്നതിന് ജിസിഡിഎ, കെഎംആർഎൽ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവരുടെ സഹകരണം ഉറപ്പാക്കണമെന്നായിരുന്നു ആർക്കിടെക്ടും കൊച്ചി മാസ്റ്റർ പ്ലാൻ കമ്മിറ്റി അംഗവുമായ ജയഗോപാലിന്റെ ആവശ്യം.

Also read:‘ജീവിതകാലം മുഴുവനുള്ള എന്റെ യാത്രയില്‍ ഒപ്പം കൂടിയതിന് നന്ദി’ : വിവാഹവാര്‍ഷികം ആഘോഷിച്ച് യമുനാറാണി

ജനങ്ങളിലേക്കിറങ്ങി പ്രശ്‌നങ്ങൾ ചോദിച്ചറിയുകയും പരിഹരിക്കുകയും ചെയ്യുന്നതിന് സർക്കാർ നടത്തുന്ന പരിശ്രമത്തിന് പ്രത്യക നന്ദി അറിയിക്കുന്നതായി സാഹിത്യകാരൻ പ്രൊഫ. എം കെ സാനു പറഞ്ഞു. മരണാനന്തരം അവയവദാതാക്കൾക്ക് സ്മാരകം നിർമിക്കണമെന്നും അവരുടെ സംസ്‌കാരചടങ്ങ്‌ സംസ്ഥാന ബഹുമതിയോടെ നടത്തണമെന്നും പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്‌ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം അഭിപ്രായപ്പെട്ടു. ഹൃദയമാറ്റ ശസ്ത്രക്രിയകൾക്ക് എയർആംബുലൻസ് സൗകര്യം സർക്കാർ ഏർപ്പെടുത്തുന്നത് അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി ഹാർബറിന്റെ നിർമാണ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണെന്നും സംസ്ഥാന സർക്കാർ ഇടപെടണമെന്നും ബോട്ട് ഉടമാ അസോസിയേഷൻ പ്രസിഡന്റ് സിബിച്ചൻ പുന്നൂസ് അഭിപ്രായപ്പെട്ടു. വൈപ്പിൻ, മുനമ്പം മാതൃകയിൽ കൊച്ചിൻ ഹാർബറിന്റെ നിലവാരം ഉയർത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

ഇൻഫോ പാർക്കിലേക്കുള്ള റോഡും മറ്റ്‌ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തണമെന്നാണ് ഐബിഎം പ്രതിനിധി ചാർലി നിർദേശിച്ചത്. കൊച്ചിയിൽ ഐബിഎം ആരംഭിച്ചപ്പോൾ മികച്ച സഹകരണമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെരുവുനായ ശല്യമില്ലാത്തതും മാലിന്യരഹിതവുമായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്നായിരുന്നു യാക്കോബായ കൊച്ചി ഭദ്രാസനം ബിഷപ്‌ ജോസഫ് മാർഗ്രിഗോറിയോസ് അഭിപ്രായപ്പെട്ടത്‌. കേരളത്തെ വ്യവസായ സൗഹൃദമാക്കാനുള്ള പ്രവർത്തനങ്ങൾ താഴെത്തട്ടിൽ ശക്തിപ്പെടുത്തണമെന്ന് കേരള സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് എ വി ജോസ് ആവശ്യപ്പെട്ടു. വ്യവസായ സൗഹൃദമാക്കാനുള്ള പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് നടപ്പാക്കിവരുന്നത്. എന്നാൽ, മുകളിൽനിന്ന് ഇടപെടൽ നടക്കുമ്പോഴും പ്രാദേശികതലത്തിൽ പ്രവർത്തനങ്ങൾ പൂർണമല്ല. പീഡിത വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also read:തേനീച്ചയെ വിഴുങ്ങി; 22കാരൻ ശ്വാസംമുട്ടി മരിച്ചു

അനുദിനം വികസിക്കുന്ന കൊച്ചിയുടെ സാംസ്‌കാരിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സാംസ്‌കാരിക കേന്ദ്രം നിർമിക്കണമെന്നായിരുന്നു പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ആവശ്യം. കേരളം മാനകഭാഷയുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ട സംസ്ഥാനമാണെന്നും മാനകഭാഷാ പഠനം സ്‌കൂൾതലത്തിൽ അനിവാര്യമാണെന്നും അതിന് സർക്കാർ ഇടപെടൽ ആവശ്യമാണെന്നും ചുള്ളിക്കാട് പറഞ്ഞു. സാംസ്‌കാരികകേന്ദ്രം സ്ഥാപിക്കുന്നത് ആലോചിക്കാമെന്നും മാനകഭാഷാ പഠനത്തിലെ പോരായ്മകൾ പരിഹരിക്കാൻ നടപടിയെടുക്കാമെന്നും അദ്ദേഹത്തെ അറിയിച്ചു.

സംസ്ഥാനത്തെ പൂർണമായും ഭിന്നശേഷി സൗഹൃദമാക്കാനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന് ഭിന്നശേഷി പ്രതിനിധിയായി എത്തിയ ബിരുദ വിദ്യാർഥിനി ലക്ഷ്മി അനിൽകുമാർ പറഞ്ഞു. ഭിന്നശേഷിക്കാർക്ക് സുഗമമായി സഞ്ചരിക്കുന്നതിനുള്ള യാത്രാ സൗകര്യങ്ങൾ നടപ്പാക്കണമെന്നും ലക്ഷ്മി നിർദേശിച്ചു. സംസ്ഥാനം ഭിന്നശേഷി സൗഹൃദം ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഗൗരവതരമായി സർക്കാർ ഏറ്റെടുത്ത് നടപ്പാക്കുകയാണെന്ന് മറുപടിയായി പറഞ്ഞു.

ഹരിത ട്രിബ്യൂണൽ നിർദേശങ്ങൾ സീഫുഡ് വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും പീലിങ് ഷെഡുകൾക്ക് ഏകീകൃത മലിനജല ട്രീറ്റ്‌മെന്റ് പ്ലാന്റ് വേണമെന്നും സീ ഫുഡ് എക്‌സ്‌പോർട്ട് അസോസിയേഷൻ പ്രസിഡന്റ് അലക്‌സ് കെ നൈനാൻ ആവശ്യപ്പെട്ടു. ഏകീകൃത ട്രീറ്റ്‌മെന്റ് പ്ലാൻ സാധ്യമാകുമോ എന്ന് പരിശോധിക്കുമെന്ന് മറുപടിയായി പറഞ്ഞു. ക്രിയാത്മകവും ഭാവി പ്രവർത്തനങ്ങൾക്ക്‌ മാർഗദർശിയുമായ ഒട്ടേറെ നിർദേശങ്ങളാണ് യോഗത്തിൽ ഉയർന്നത്. എല്ലാ അഭിപ്രായങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. തുടർനടപടി ഉണ്ടാകും.

നവകേരള സദസിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിലയിരുത്തൽ, ദേശാഭിമാനി ദിനപത്രം പ്രസിദ്ധീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News