‘വിടപറഞ്ഞത് പൊതുപ്രവർത്തകർക്ക് മാതൃകയായ കമ്യൂണിസ്റ്റ് നേതാവ്’; ബുദ്ധദേബ് ഭട്ടാചാര്യയുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

പശ്ചിമബംഗാള്‍ മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വിടപറഞ്ഞത് പൊതുപ്രവർത്തകർക്ക് എല്ലാം മാതൃകയായ കമ്യൂണിസ്റ്റ് നേതാവാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. അദ്ദേഹത്തിൻ്റെ വേർപാട് എന്നെ സംബന്ധിച്ചിടത്തോളം ആഴത്തിലുള്ള വ്യക്തിപരമായ നഷ്ടമാണ് എന്നും അദ്ദേഹം പറഞ്ഞു.

Also read:സ്കൂളിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവം; രണ്ട് പേർക്കെതിരെ ജുവനയിൽ ആക്ട് പ്രകാരം കേസെടുത്തു

ചെറുപ്പത്തില്‍തന്നെ അനിതരസാധാരണമായ സംഘാടന-നേതൃ പാടവം ബുദ്ധദേവ് കാഴ്ച്ച വെയ്ക്കുകയുണ്ടായി. പശ്ചിമ ബംഗാളില്‍ 1970 കളിലെ ഏകാധിപത്യ അര്‍ദ്ധ-ഫാസിസ്റ്റ് ഭീകരതയുടെ നാളുകളില്‍ പാര്‍ട്ടിയെയും പാര്‍ട്ടിപ്രവര്‍ത്തകരെയും സംരക്ഷിക്കുവാന്‍ ബുദ്ധദേവ് നിര്‍ഭയം മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു.

എന്നും നിസ്വരോടൊപ്പം നിലകൊള്ളുകയും ഭരണകൂടത്തിൻ്റെ അടിച്ചമര്‍ത്തലുകളെ സധൈര്യം ചെറുത്ത് അവരുടെ ജനാധിപധ്യ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. നിയമസഭാംഗം എന്ന നിലയിലും മന്ത്രിയെന്ന നിലയിലും കഴിവുറ്റ ഭരണാധികാരികൂടിയാണ് താന്നെന് തെളിയിക്കുകയുണ്ടായി. സാംസ്കാരിക മന്ത്രിയായി പ്രവര്‍ത്തിക്കുന്ന വേളയില്‍ പശ്ചിമ ബംഗാളിന്‍റെ സാംസ്കാരിക പരിപ്രേക്ഷ്യം വിശാലമാക്കി പുതുതലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും പുതു തലമുറയെ നവോത്ഥാനമൂല്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നതിനും യത്നിച്ചു.

Also read:സമ്മേളനം വെട്ടിച്ചുരുക്കി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പി എസ് സി എംപ്ലോയീസ് യൂണിയൻ

മുഖ്യമന്ത്രിയെന്ന നിലയില്‍ പശ്ചിമ ബംഗാളിന്‍റെ വ്യവസായ വല്‍ക്കരണത്തിനായും, ഭരണത്തുടര്‍ച്ച ലഭിച്ചിരുന്നെങ്കില്‍ സുദീഘമായ വികസനയുഗത്തിലേക്ക് നയിക്കുമായിരുന്ന സുവ്യക്തമായ പദ്ധതികള്‍ രൂപപ്പെടുത്തുവാനും അദ്ദേഹത്തിന് കഴിഞ്ഞു. അതിനായുള്ള നിരന്തര ശ്രമങ്ങളുമായി മുന്നോട്ടു പോകുന്ന ഘട്ടത്തില്‍ ഇടതു ജനാധിപത്യ മുന്നണിയെയും പാര്‍ട്ടിയെയും ദുര്‍ബ്ബലപ്പെടുത്തുവാന്‍ ലക്ഷ്യമിട്ടുള്ള വലിയ തോതിലുള്ള ദുഷ്പ്രചരണങ്ങളെയും വ്യാജ വാര്‍ത്തകളെയും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. അക്രമാസക്തമായ പ്രതിഷേധങ്ങള്‍ തുടര്‍ച്ചയായി സൃഷ്ടിക്കപ്പെട്ടപ്പോഴും നിശ്ചയദാർഢ്യത്തോടെ നിലകൊണ്ടു. ക്ലേശകരമായ ഈ സമയത്തെല്ലാം സര്‍ക്കാര്‍-പാര്‍ട്ടി സംവിധാനങ്ങളെ മുന്നോട്ട് നയിച്ചു.

അദ്ദേഹത്തിന്‍റെ ഓരോ പ്രവര്‍ത്തനങ്ങളിലും ജനാധിപത്യത്തോടും മതേതരത്വത്തോടുമുള്ള ഉറച്ച വിശ്വാസം നിറഞ്ഞു നിന്നിരുന്നു. ബുദ്ധദേവിൻ്റെ ലളിതജീവിതം പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക്, പ്രത്യകിച്ച് കമ്യൂണിസ്റ്റുകള്‍ക്ക് ഉത്തമ മാതൃകയാണ്.

ഭാരത സര്‍ക്കാര്‍ പത്മഭൂഷന്‍ ബഹുമതി നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹം അത് നിരസിക്കുകയാണുണ്ടായത്. ജനസേവനത്തിനായുള്ള ജീവിതം ഏന്തെങ്കിലും അംഗീകാരം പിടിച്ചുപറ്റാന്‍ ലക്ഷ്യമിട്ടുള്ളതല്ലെന്ന, അത് മാനവികതയ്ക്കായി സമര്‍പ്പിച്ചതാണെന്ന, കമ്യൂണിസ്റ്റുപാര്‍ട്ടി എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളില്‍ അദ്ദേഹം ദൃഢതയോടെ ഉറച്ചു നിന്നു എന്നതിന് ഇത് തെളിവാണ്.

Also read:‘​ഗുരുവായൂർ ദേവസ്വത്തിൽ അഹിന്ദുക്കളെ ഉൾപ്പെടുത്തുമോ?’; ലോക്സഭയിൽ വഖഫ് ബില്ലിനെതിരെ ശക്തമായി പ്രതിഷേധിച്ച്‌ ഇന്ത്യ സഖ്യം

ബുദ്ധദേവ് ഭട്ടാചാര്യയുടെ വേര്‍പാടില്‍ ദുഖിക്കുന്നവരുടെ പ്രത്യേകിച്ച് പശ്ചിമ ബംഗാളിലെ സി പി ഐഎം. അംഗങ്ങളുടെ ദുഖത്തോടൊപ്പം നിലകൊള്ളുന്നു. ജനാധിപധ്യം ശക്തിപ്പെടുത്താനും മതേതരത്വം സംരക്ഷിക്കാനും സോഷ്യലിസം യാഥാർത്ഥ്യമാക്കാനുമുള്ള പോരാട്ടങ്ങൾ തുടരുവാന്‍ അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ ശക്തി പകരും.

കേരള സർക്കാരിൻ്റെ പേരിലും എൻ്റെ വ്യക്തിപരമായ പേരിലും അദ്ദേഹത്തിൻ്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു എന്നും അനുശോചന കുറിപ്പിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News