വിദ്യാഭ്യാസ വിദഗ്ദ്ധനും അധ്യാപകനും ചരിത്രകാരനുമായിരുന്ന ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.
Also Read: പി ചിത്രന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു
അനുശോചന കുറിപ്പ്
വിദ്യാഭ്യാസ വിദഗ്ദ്ധനും അധ്യാപകനും ചരിത്രകാരനുമായിരുന്ന ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. സാംസ്‌കാരിക കേരളത്തിന് വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹം. യാത്രികനും സംസ്ഥാന വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറും സ്‌കൂള്‍ യുവജനോത്സവത്തിന്റെ ആസൂത്രകനുമൊക്കെയായി കേരള പൊതുമണ്ഡലത്തില്‍ അദ്ദേഹം നിറഞ്ഞു നിന്നു.
പഠനകാലത്തു തന്നെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായ ചിത്രന്‍ നമ്പൂതിരിപ്പാട് ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. മലപ്പുറത്തെ മുക്കുതലയില്‍ തന്റെ നാട്ടിലെ കുട്ടികള്‍ക്കായി സ്‌കൂള്‍ തുടങ്ങി അധ്യാപനകാലത്തും സാമൂഹ്യ പ്രതിബദ്ധത കാണിച്ച വ്യക്തിയാണ്. ആദ്യ ഇ എം എസ് സര്‍ക്കാരിന് ഈ സ്‌കൂള്‍ ഒരു രൂപയ്ക്ക് വിട്ടുനല്‍കി പൊതുവിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്താന്‍ അദ്ദേഹം മുന്നില്‍ നിന്നു. ഇങ്ങനെ സാധ്യമായ എല്ലാ മേഖലകളിലും തന്റെ പ്രതിബദ്ധതയും രാഷ്ട്രീയനിഷ്ഠയും പ്രകടിപ്പിച്ച വലിയൊരു വ്യക്തിത്വത്തെയാണ് കേരളസമൂഹത്തിന് നഷ്ടമായിരിക്കുന്നത്.
2020 ല്‍ അദ്ദേഹത്തെ തൃശൂരിലെ വസതിയില്‍ വെച്ചു കാണാന്‍ സാധിച്ചിരുന്നു. എന്റെ പഠനകാലത്ത് പെരളശ്ശേരി സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അന്യായമായി പുറത്താക്കപ്പെട്ടപ്പോള്‍ രക്ഷകനായി എത്തിയത് അന്നത്തെ വിദ്യാഭ്യാസ ഓഫീസര്‍ ആയിരുന്ന ചിത്രന്‍ നമ്പൂതിരിപ്പാടായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ അന്ന് ഞാന്‍ സംഘടനാ പ്രവര്‍ത്തകനായിരുന്ന കാലത്തെ ആ അനുഭവം സവിസ്തരം പരസ്പരം പങ്കു വെച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപയുടെ ചെക്ക് നല്‍കിയാണ് അന്നദ്ദേഹം ഞങ്ങളെ യാത്ര അയച്ചത്.
പ്രബുദ്ധ കേരളത്തിന്റെ നാള്‍വഴികളില്‍ വലിയ സംഭാവനകള്‍ ചെയ്ത വ്യക്തിയായിരുന്നു ചിത്രന്‍ നമ്പൂതിരിപ്പാട്. അദ്ദേഹത്തിന്റെ വേര്‍പാടുണ്ടാക്കിയിരിക്കുന്ന നഷ്ടം ചെറുതല്ല. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാംസ്‌കാരിക കേരളത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here