തൃശൂര്‍ പൂരം; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. വെള്ളിയാഴ്ച വൈകിട്ട് 7.30 ന് യോഗം ചേരും. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, തൃശൂരില്‍ നിന്നുള്ള മന്ത്രിമാരായ കെ രാജന്‍, ആര്‍ ബിന്ദു, പാറേമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഓണ്‍ലൈനായാണ് യോഗം. പൂരം എക്‌സിബിഷന്‍ ഗ്രൗണ്ട് സംബന്ധിച്ച കോടതി ഇടപെടലുകള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

അതേസമയം പൂരം നടത്തിപ്പിന്റെ പേരില്‍ തൃശൂരില്‍ നടക്കുന്നത് ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പ്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെതിരെ തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ രംഗത്ത് വന്നതിന് പിന്നിലും സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ ആക്കാനുള്ള കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും തന്ത്രങ്ങളാണെന്ന് സൂചന. യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുപിടിച്ചു കൊണ്ടാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് എതിരെയുള്ള ആരോപണങ്ങളെല്ലാം.

തൃശൂര്‍ പൂരം നടത്തിപ്പു ചെലവിന്റെ പ്രധാന വരുമാന സ്രോതസ്സാണ് പൂരം കമ്മറ്റി തേക്കിന്‍കാട് മൈതാനിയില്‍ നടത്തുന്ന തൃശൂര്‍ പൂരം പ്രദര്‍ശനം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രദര്‍ശന നഗരിയുടെ സ്ഥലവാടക വര്‍ധിപ്പിച്ചത് മൂലം പൂരം നടത്തിപ്പ് പ്രതിസന്ധിയില്‍ ആകുന്നു എന്നാണ് പ്രധാന പങ്കാളികളായ തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ പറയുന്നത്.

Also Read : ഉയര്‍ന്ന പലിശ, സുരക്ഷിതമായ നിക്ഷേപം; ടാക്‌സ് സേവിംഗ്‌സ് എഫ്ഡിക്ക് മാര്‍ച്ച് 31ന് മുന്‍പ് അപേക്ഷിക്കണം

തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നു എന്നും ഇരുവിഭാഗവും ആരോപണമുന്നയിച്ചു. നിലവില്‍ 45 ലക്ഷം രൂപയാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കിട്ടിയിരുന്നത്. പൂരം എക്‌സിബിഷന്‍ കമ്മിറ്റിയെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് സ്ഥലത്തിന്റെ വാടക പുനര്‍നിര്‍ണയിക്കാന്‍ ഉത്തരവിട്ടത്. ഇതനുസരിച്ച് നടപ്പാത, ഫൗണ്ടന്‍, കുളം എന്നിവയെല്ലാം ഒഴിവാക്കിയുള്ള സ്ഥലത്തിന് സ്‌ക്വയര്‍ഫീറ്റിന് രണ്ട് രൂപ ദേവസ്വം ബോര്‍ഡ് നിരക്ക് നിശ്ചയിക്കുകയും ചെയ്തു.

60 ദിവസത്തേക്ക് ഒരു കോടി 82 ലക്ഷം രൂപയും ജിഎസ്ടിയുമാണ് കണക്കാക്കിയത്. രണ്ടു രൂപ നിരക്ക് നിശ്ചയിച്ചതിനുശേഷം തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തു. ഇതോടെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് വാടക നിരക്കില്‍ മാറ്റം വരുത്താന്‍ കഴിയാത്ത സാഹചര്യമുണ്ടാവുകയും ചെയ്തു.

അതേസമയം നിരക്ക് കുറക്കാന്‍ കോടതി ആവശ്യപ്പെട്ടാല്‍ അതിന് തയ്യാറാണെന്നും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പൂരം പ്രദര്‍ശന നഗരിയില്‍ സൗജന്യ നിരക്കില്‍ സ്ഥലം നല്‍കുന്നുണ്ടെങ്കില്‍ അത്രയും സ്ഥലത്തിന് വാടക ഒഴിവാക്കി നല്‍കാമെന്ന് ദേവസ്വം ബോര്‍ഡ് നേരത്തേ തന്നെ പൂരം കമ്മറ്റിയെ അറിയിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News