സാദിഖലി തങ്ങളെ മുഖ്യമന്ത്രി വിമര്‍ശിക്കുന്നത് എന്തുകൊണ്ട്? പറഞ്ഞത് ഇങ്ങനെ

sadiq-ali-thangal-pinarayi-vijayan

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയമായി വിമർശിച്ചത് എന്തുകൊണ്ടെന്ന് അറിയാം. അദ്ദേഹം എന്താണ് പറഞ്ഞതെന്നും വിശദമായി വായിക്കാം. സാദിഖലി തങ്ങളെക്കുറിച്ചു പറഞ്ഞതിനു ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും വര്‍ഗീയ- തീവ്രവാദ ഭാഷയുമായി മുസ്ലിം ലീഗ് സിപിഎമ്മിന്റെ അടുത്തേക്കു വരരുതെന്നാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. സിപിഎം നെടുവത്തൂര്‍ ഏരിയ കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരം ഇഎംഎസ് ഭവന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാണക്കാട് കുറെ തങ്ങള്‍മാരുണ്ട്. ആ തങ്ങള്‍മാരെക്കുറിച്ചൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പ്രസിഡന്റായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ചാണ്. സാദിഖലി തങ്ങള്‍ മുസ്ലിം ലീഗിന്റെ പ്രസിഡന്റായി വരുന്നതിനു മുന്‍പ് ഏതെങ്കിലും ഘട്ടത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ജമാഅത്തെ ഇസ്ലാമിയോടൊപ്പം നിന്നിട്ടുണ്ടോ ? ജമാഅത്തെ ഇസ്ലാമിയോടും എസ്ഡിപിഐയോടും ഇതു പോലുള്ള സമീപനം ഏതെങ്കിലും കാലത്തു സ്വീകരിച്ചിട്ടുണ്ടോ ? ആ നിലപാട് ലീഗ് സ്വീകരിക്കുന്നതില്‍ സാദിഖലി തങ്ങള്‍ക്ക് ഉത്തരവാദിത്തവും പങ്കും ഇല്ലേ ? ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവ് എന്ന നിലയില്‍ ചെയ്യേണ്ട കാര്യമാണോ അത് ? അപ്പോള്‍ സ്വാഭാവികമായും ഞങ്ങള്‍ ഞങ്ങളുടെ വീക്ഷണം അവതരിപ്പിക്കില്ലേ.

Read Also: ചോറിവിടെ കൂറവിടെ; മുസ്ലിം ലീഗിന്റെ ജമാഅത്ത് ചായ്‌വ് പാരമ്പര്യ മുസ്ലിംകള്‍ എന്നും എതിര്‍ക്കുന്നത്

സാദിഖലി തങ്ങളെക്കുറിച്ചു പറയേണ്ടതും പറയുകയില്ലേ. അതു പറയാന്‍ പാടില്ലെന്നു ലീഗിലെ ചില നേതാക്കള്‍ പറഞ്ഞാല്‍ അത് ഈ നാട്ടില്‍ ചെലവാകുമോ. ആരെങ്കിലും അംഗീകരിക്കുമോ ? ഞാന്‍ പറഞ്ഞതിനോടു വന്ന പ്രതികരണങ്ങളുടെ ഭാഷ തീവ്രവാദികളുടെ ഭാഷയാണ്. തീവ്രവാദ ബന്ധത്തിന്റെ ഭാഗമായി തീവ്രവാദ ഭാഷയും കരസ്ഥമാക്കാന്‍ ലീഗിലെ ചിലര്‍ നില്‍ക്കരുത്. വര്‍ഗീയ തീവ്രവാദ സ്വഭാവത്തിന്റെ ഭാഷയും സ്വീകരിച്ചുകൊണ്ട് ഇങ്ങോട്ടു വരരുത്. അതു ഗുണം ചെയ്യില്ല. ഞങ്ങള്‍ എല്ലാ കാലത്തും വര്‍ഗീയതയ്ക്ക് എതിരാണ്- പിണറായി പറഞ്ഞു.

ഒറ്റപ്പാലം തിരഞ്ഞെടുപ്പു നടക്കുന്ന അവസരത്തിലാണ് സംഘപരിവാര്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തത്. അന്നു രാജ്യത്താകമാനം മുസ്ലിംകള്‍ പ്രതിഷേധിച്ചു. അന്നു കേരളത്തില്‍ ലീഗ് കോണ്‍ഗ്രസിനൊപ്പം അധികാരത്തിലാണ്. ഭരണത്തില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും ലീഗ് അണികളില്‍ വികാരമുയര്‍ന്നു. പക്ഷേ ലീഗിനു പ്രധാനം മന്ത്രി സ്ഥാനമായിരുന്നു. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കോണ്‍ഗ്രസ് വിരുദ്ധ വികാരത്തിലായപ്പോള്‍ അതു ശമിപ്പിക്കാന്‍ അന്നത്തെ പാണക്കാട് തങ്ങളെ ഒറ്റപ്പാലത്ത് കൊണ്ടുവന്നു.

Read Also: താൻ വിമർശിച്ചത് ലീഗ് നേതാവായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ, അല്ലാതെ പാണക്കാട്ടെ എല്ലാ തങ്ങൾമാരെയുമല്ല; മുഖ്യമന്ത്രി

ഒരാളും അദ്ദേഹത്തെ തിരിഞ്ഞു നോക്കാന്‍ ഇല്ലായിരുന്നു. ലീഗ് പ്രവര്‍ത്തകര്‍ വീടുകളിലെത്തി പറഞ്ഞിട്ടും ആരും പോയില്ല. അന്ന് എല്ലാവരും ആദരിക്കുന്ന തങ്ങളായിരുന്നു പാണക്കാട് തങ്ങള്‍. പക്ഷേ ഈ നിലപാടിന്റെ ഭാഗമായതിനാല്‍ ലീഗിന്റെ അണികള്‍ക്കു പോലും അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അതു പറഞ്ഞുകൊണ്ടാണ് ഇപ്പോഴത്തെ പാണക്കാട് തങ്ങളെക്കുറിച്ച് ഞാന്‍ പറഞ്ഞത്. അതിനു ലീഗിന്റെ ചിലര്‍ എന്തൊരു ഉറഞ്ഞു തുള്ളലാണ്- മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here