ഒളിമ്പ്യൻ പിആര്‍ ശ്രീജേഷിന് അനുമോദനം; ചടങ്ങ് 30 ന്‌ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

pr sreejesh

ഒളിമ്പിക്സില്‍ രണ്ടാം തവണയും വെങ്കലമെഡല്‍ നേട്ടം കൈവരിച്ച് കേരളത്തിന്‍റെ അഭിമാനമായി മാറിയ പിആര്‍ ശ്രീജേഷിനുള്ള അനുമോദന ചടങ്ങിന്‌ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ഒക്ടോബര്‍ 30 ന് വൈകീട്ട്‌ 4 ന്‌ വെള്ളയമ്പലം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 2 കോടി രൂപ പാരിതോഷികം ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിക്കും. കായികവകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിക്കും. ഒപ്പം പാരിസ്‌ ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ സംഘത്തിലെ മുഹമ്മദ്‌ അനസ്‌, എച്ച്‌ എസ്‌ പ്രണോയ്‌, മുഹമ്മദ്‌ അജ്‌മൽ, അബ്‌ദുള്ള അബൂബക്കർ എന്നീ 4 മലയാളി താരങ്ങൾക്കും, അത്‌ലറ്റിക്‌സ്‌ ചീഫ്‌ കോച്ച്‌ പി രാധാകൃഷ്‌ണൻ നായർക്കും പ്രഖ്യാപിച്ച 5 ലക്ഷം രൂപ വീതം പാരിതോഷികവും ചടങ്ങിൽ സമ്മാനിക്കും. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളായ അഞ്ച് താരങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ അസിസ്‌റ്റന്‍റ് സ്പോര്‍ട്സ് ഓര്‍ഗനൈസറായി നിയമിച്ചുള്ള ഉത്തരവ് ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വിതരണം ചെയ്യും. പിയു ചിത്ര, മുഹമ്മദ്‌ അനസ്‌, വികെ വിസ്‌മയ, വി നീന, കുഞ്ഞുമുഹമ്മദ്‌ എന്നിവർക്കാണ്‌ നിയമനം നൽകുന്നത്‌.

ALSO READ; ആഭ്യന്തര വൈദ്യുത ഉത്പാദനം വർധിപ്പിക്കുക പ്രധാനം; പള്ളിവാസൽ വിപുലീകരണ പദ്ധതി ഉടൻ പ്രവർത്തനക്ഷമമാകുമെന്നും മുഖ്യമന്ത്രി

വൈകിട്ട് മൂന്നരയോടെ മാനവീയം വീഥിയുടെ പരിസരത്തു നിന്നു ശ്രീജേഷിനെ സ്വീകരിച്ച് തുറന്ന ജീപ്പില്‍ ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് ആനയിക്കും. 10 സ്കൂള്‍ ബാന്‍റ് സംഘങ്ങളും ജിവി രാജ സ്പോര്‍ട്സ് സ്കൂൾ, സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റലുകൾ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ അകമ്പടിയേകും. മന്ത്രിമാരും അന്താരാഷ്ട്ര, ദേശീയ കായികതാരങ്ങളും കായിക അസോസിയേഷന്‍ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration