ആര്‍ദ്രകേരളം പുരസ്‌കാര വിതരണവും 50 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഏപ്രില്‍ 17ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും

ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള 2021-22ലെ ആര്‍ദ്രകേരളം പുരസ്‌കാരവിതരണവും 50 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഏപ്രില്‍ 17ന് രാവിലെ 11.30ന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍. അനില്‍ എന്നിവര്‍ പങ്കെടുക്കും. ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ആര്‍ദ്രകേരളം പുരസ്‌കാരം സമ്മാനിക്കുന്നത്.

സംസ്ഥാനത്തെ 50 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരം 7, കൊല്ലം 2, പത്തനംതിട്ട 4, ആലപ്പുഴ 2, കോട്ടയം 1, ഇടുക്കി 1, എറണാകുളം 3, തൃശൂര്‍ 3, പാലക്കാട് 7, മലപ്പുറം 8, കോഴിക്കോട് 3, കണ്ണൂര്‍ 1, കാസര്‍ഗോഡ് 8 എന്നിങ്ങനെയാണ് പുതുതായി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. ആര്‍ദ്രം മിഷന്റെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തിയാണ് അവയെ ജനസൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുന്നത്. സംസ്ഥാനത്തെ 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റുന്നത്. പുതുതായി 50 എണ്ണം കൂടി ഉദ്ഘാടനം ചെയ്യുന്നതോടെ ആകെ 630 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആശുപത്രികളെ ജനസൗഹൃദമാക്കുന്നതിനായി എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കാത്തിരിപ്പ് മുറികള്‍, ഒ.പി. രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍, ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ഉപയോഗിക്കുന്നതിനായി റാംപ്, രോഗിയുടെ സ്വകാര്യത ഉറപ്പു വരുത്തുന്നതിനാവശ്യമായ പരിശോധനാ മുറികള്‍, ഇന്‍ജക്ഷന്‍ റൂം, ഡ്രസിംഗ് റൂം, ഒബ്‌സര്‍വേഷന്‍ റൂം, നഴ്‌സസ് സ്റ്റേഷന്‍, ലാബ്, ഫാര്‍മസി, ലാബ് വെയിറ്റിംഗ് ഏരിയ, കാത്തിരിപ്പ് മുറികളില്‍ രോഗികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി ടെലിവിഷന്‍, എയര്‍പോര്‍ട്ട് ചെയര്‍, ദിശാബോര്‍ഡുകള്‍, പബ്ലിക് അഡ്രസിംഗ് സിസ്റ്റം, രോഗീ സൗഹൃദ ശുചിമുറികള്‍ എന്നിവ ഉറപ്പാക്കുന്നു. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളും വയോജന/സ്ത്രീ/ഭിന്നശേഷി സൗഹൃദമായാണ് നിര്‍മ്മിക്കുന്നത്.

ഇതോടൊപ്പം തന്നെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രീ-ചെക്കപ്പ്, പോസ്റ്റ് ചെക്കപ്പ്, കൗണ്‍സിലിംഗ് സംവിധാനം, ശ്വാസകോശ രോഗനിര്‍ണയത്തിനു വേണ്ടി ശ്വാസ് ക്ലിനിക്ക്, വിഷാദ രോഗ നിര്‍ണയത്തിനു വേണ്ടി ആശ്വാസം ക്ലിനിക്ക്, മറ്റ് മാനസിക രോഗങ്ങളുടെ നിര്‍ണയത്തിനും ചികിത്സയ്ക്കുമായി സമ്പൂര്‍ണ മാനസികാരോഗ്യം, കിടപ്പ് രോഗികള്‍ക്ക് വേണ്ടി സാന്ത്വന പരിചരണം, ടെലി മെഡിസിന്‍ സംവിധാനം എന്നിവ ഉറപ്പു വരുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News