നിയമസഭാ സമ്മേളനത്തിൽ വക്കം പുരുഷോത്തമന് ആദരം അർപ്പിച്ച് മുഖ്യമന്ത്രി. ഈ സഭയുടെ തന്നെ അധ്യക്ഷന്‍ എന്ന നിലയിലും പാര്‍ലമെന്റംഗം, നിയമസഭാ സാമാജികന്‍ എന്നീ നിലകളിലും സംസ്ഥാനത്തെ വിവിധ മന്ത്രിസഭകളിലെ അംഗമെന്ന നിലയിലും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ നന്ദിയോടെ സ്മരിക്കുകയാണ് – മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ….
കേരള നിയമസഭയുടെ മുന്‍സ്പീക്കറും സംസ്ഥാനത്തിന്റെ മുന്‍മന്ത്രിയും കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗവും ഒക്കെയായിരുന്ന ശ്രീ. വക്കം പുരുഷോത്തമന്‍ വിടവാങ്ങിയിരിക്കുകയാണ്. ഈ സഭയുടെ തന്നെ അധ്യക്ഷന്‍ എന്ന നിലയിലും പാര്‍ലമെന്റംഗം, നിയമസഭാ സാമാജികന്‍ എന്നീ നിലകളിലും സംസ്ഥാനത്തെ വിവിധ മന്ത്രിസഭകളിലെ അംഗമെന്ന നിലയിലും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ നന്ദിയോടെ സ്മരിക്കുകയാണ്.
അഭിഭാഷകവൃത്തിയില്‍ പേരും പെരുമയും കൈവരിച്ച അദ്ദേഹത്തിന് വേണമെങ്കില്‍ ആ രംഗത്തു തന്നെ തുടരാമായിരുന്നു. എന്നാല്‍ അദ്ദേഹം ജനസേവനത്തിന് വില കല്‍പ്പിച്ചു. അങ്ങനെ അദ്ദേഹം പൊതുപ്രവര്‍ത്തനരംഗത്തേക്ക് കടന്നുവന്നു. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം ആധുനിക കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിനൊപ്പം സഞ്ചരിക്കുന്ന നിത്യസാന്നിധ്യമായിരുന്നു.
സജീവ പൊതുപ്രവര്‍ത്തനത്തിലേക്ക് തന്നെ കൈപിടിച്ചു കൊണ്ടുവന്നത് കേരളത്തിന്റെ ആദരണീയനായ മുന്‍ മുഖ്യമന്ത്രി ശ്രീ. ആര്‍ ശങ്കറായിരുന്നുവെന്ന് വക്കം പറയാറുണ്ടായിരുന്നു. എന്നാല്‍, അതുമാത്രമായിരിക്കില്ല വക്കത്തെ രാഷ്ട്രീയരംഗത്തേക്ക് ആകര്‍ഷിച്ചത്. ഈ രാജ്യത്തിന്റെ ചരിത്രത്തില്‍, പ്രത്യേകിച്ച് സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭങ്ങളില്‍, സവിശേഷമായ സ്ഥാനമുള്ള നാടാണ് തിരുവനന്തപുരം ജില്ലയിലെ വക്കം. മാധ്യമരംഗത്തിനാകെ മാതൃകയായിത്തീര്‍ന്ന അബ്ദുള്‍ ഖാദര്‍ മൗലവിയുടെ നാടാണത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഐ എന്‍ എയുടെ ഭാഗമായി പൊരുതിയ വക്കം ഖാദറിന്റെ നാടാണത്. അങ്ങനെ നിരവധി ചരിത്രസംഭവങ്ങളും വ്യക്തികളുമായി ബന്ധപ്പെട്ടുകിടക്കുന്ന നാടാണ് വക്കം.
ആ നാടിന്റെ ചരിത്രത്തില്‍ നിന്ന് ഉള്‍ക്കൊണ്ട ഊര്‍ജ്ജവും വിദ്യാര്‍ത്ഥി രാഷ്ട്രീയരംഗത്തെ മികവുറ്റ പ്രവര്‍ത്തനപരിചയവും അഭിഭാഷക വൃത്തിയിലൂടെ ലഭിച്ച അനുഭവസമ്പത്തുമെല്ലാം ഒന്നുചേര്‍ന്ന് വക്കം പുരുഷോത്തമനിലെ പൊതുപ്രവര്‍ത്തകനെ രൂപപ്പെടുത്തി എന്നുവേണം കരുതാന്‍. അദ്ദേഹത്തിന്റെ ഉള്ളില്‍ വളര്‍ന്നുവന്ന രാഷ്ട്രീയ വ്യക്തിത്വത്തെ പൊതുരംഗത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയാണ് ആര്‍ ശങ്കര്‍ ചെയ്തതെന്നു പറയേണ്ടിവരും.
ജനാധിപത്യപ്രക്രിയയുടെ ഒട്ടുമിക്ക തലങ്ങളിലും നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട് വക്കം. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയുള്ള ജനപ്രതിനിധി സഭകളില്‍ അദ്ദേഹം അംഗമായിട്ടുണ്ട്. അംഗമായിരുന്ന സഭകളിലെല്ലാം അദ്ദേഹം ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അത് അദ്ദേഹത്തിന് നേടിക്കൊടുത്ത ജനസമ്മതി വളരെ വലുതായിരുന്നു. അതുകൊണ്ടാണല്ലോ അഞ്ചുവട്ടം ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
മൂന്നുവട്ടം അദ്ദേഹം മന്ത്രിയായി. ധനകാര്യം, ആരോഗ്യം, എക്സൈസ്, തൊഴില്‍, കൃഷി, ടൂറിസം തുടങ്ങി സുപ്രധാനമായ പല വകുപ്പുകളും അവധാനതയോടെ അദ്ദേഹം കൈകാര്യം ചെയ്തു. ഏറ്റെടുത്ത ചുമതലകള്‍ കൃത്യമായി നിറവേറ്റുന്നതോടൊപ്പംതന്നെ തന്റെ കീഴിലുള്ള വകുപ്പുകളെക്കുറിച്ച് ഗാഢമായി പഠിക്കാനും അവഗാഹത്തോടെ കാര്യങ്ങള്‍ അവതരിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ഒരു തവണ അദ്ദേഹം മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചു. രണ്ടുതവണ അദ്ദേഹം ഈ നിയമസഭയുടെ സ്പീക്കറായി. നിയമസഭാ അധ്യക്ഷന്‍ എന്ന നിലയില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ഈ സഭയുടെ ചരിത്രത്തിലെ ശ്രദ്ധിക്കപ്പെട്ട അധ്യായങ്ങളാണ്.
രണ്ടു ടേമുകളിലായി പാര്‍ലമെന്റിലും ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്താന്‍ അദ്ദേഹത്തിനു സാധിച്ചു. മിസോറാം ഗവര്‍ണ്ണറായിരുന്നപ്പോഴും ആന്‍ഡമാന്‍ – നിക്കോബാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ആയിരുന്നപ്പോഴുമെല്ലാം ഭരണഘടനയോട് കൂറുപുലര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ഏറ്റെടുത്തു. ഏഴര പതിറ്റാണ്ടോളം നീണ്ടുനിന്ന വക്കത്തിന്റെ രാഷ്ട്രീയജീവിതം പൊതുപ്രവര്‍ത്തകര്‍ക്കാകെ, പ്രത്യേകിച്ച് പുതുതലമുറയില്‍പ്പെടുന്നവർക്കുള്ള മികച്ച ഒരു റഫറന്‍സാണ്.
ആധുനിക കേരളത്തിന്റെ രാഷ്ട്രീയ വികാസപരിണാമങ്ങള്‍ക്കൊപ്പം സഞ്ചരിച്ച വ്യക്തിയാണ് വക്കം പുരുഷോത്തമന്‍. അദ്ദേഹം വിടവാങ്ങുമ്പോള്‍ ആ ചരിത്രത്തിലെ സുപ്രധാനമായ ഒരു അധ്യായം അവസാനിക്കുകയാണ്. ശ്രീ. വക്കം പുരുഷോത്തമന്റെ വിയോഗത്തില്‍ കേരള നിയമസഭയ്ക്കുള്ള അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
also read; നാമജപ ഘോഷയാത്ര; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here