‘ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും മാതൃകാസ്ഥാനമായി നിലനിൽക്കാൻ കേരളത്തിനു സാധിക്കുന്നതിൽ സഖാവിന് അതുല്യമായ പങ്കുണ്ട്’: ഇഎംഎസിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

ഇ എം എസ് നമ്പൂരിപ്പാടിനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സഖാവിന്റെ രാഷ്ട്രീയജീവിതത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുകയും പകർത്തുകയും ചെയ്യുക എന്നത് അനിവാര്യമായ ഒരു ചരിത്രസന്ദർഭമാണിത് എന്ന് മുഖ്യമന്ത്രി കുറിപ്പിൽ കുറിച്ചു. ഇ എം എസ് ന്റെ ഇരുപത്തിയാറാം ചരമ വാർഷികത്തോടനുബന്ധിച്ചാണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചത്.

Also read:പേരാമ്പ്ര അനു കൊലപാതകം; പ്രതിക്കായി കസ്റ്റഡി അപേക്ഷ ഇന്ന് സമർപ്പിക്കും

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

ഇന്ന് ഇ.എം.എസ് ദിനം. സഖാവിന്റെ രാഷ്ട്രീയജീവിതത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുകയും പകർത്തുകയും ചെയ്യുക എന്നത് അനിവാര്യമായ ഒരു ചരിത്രസന്ദർഭമാണിത്. സംഘപരിവാറിന്റെ ഫാസിസ്റ്റ് വിധ്വംസകതയും മുതലാളിത്തത്തിന്റെ ഹൃദയശൂന്യമായ ചൂഷണവും പത്തി വിരിച്ചാടുന്ന ഈ ഘട്ടത്തിൽ അതിനെതിരെ മാനവികതയുടെ പ്രതിരോധമുയർത്താൻ സഖാവ് ഇ.എം.എസിന്റെ സ്മരണകൾ നമുക്ക് പ്രചോദനം പകരും.

സ്വന്തം കൊടിക്കൂറ പാറിക്കാൻ വർഗീയ രാഷ്ട്രീയം കിണഞ്ഞു പരിശ്രമിക്കുമ്പോളും ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും മാതൃകാസ്ഥാനമായി നിലനിൽക്കാൻ കേരളത്തിനു സാധിക്കുന്നതിൽ സഖാവിന് അതുല്യമായ പങ്കുണ്ട്. ഭൂവുടമ വ്യവസ്ഥയെ ഭൂപരിഷ്കരണത്തിലൂടെ തകർത്തും ആധുനിക വിദ്യാഭ്യാസത്തിനും ജനക്ഷേമത്തിനും അടിത്തറ പാകിയും ഇന്നു നാം കാണുന്ന കേരളത്തെ വാർത്തെടുത്തവരുടെ നേതൃനിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.

Also read:പടയപ്പയെ തുരത്താൻ ഡിഎഫ്ഒയ്ക്ക് നിർദേശം; ഉൾക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്നും തുടരും

ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യക്കായുള്ള പോരാട്ടത്തിലാണിന്ന് രാജ്യമെമ്പാടുമുള്ള ജനാധിപത്യവാദികൾ. സംഘപരിവാറിന്റെ അധികാര ഹുങ്കിനും പണക്കൊഴുപ്പിനും മുൻപിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന വലതുപക്ഷം അടിയറവു പറഞ്ഞതോടെ ഈ സമരം കൂടുതൽ നിശ്ചയദാർഢ്യത്തോടെയും പ്രത്യയശാസ്ത്രബോധ്യത്തോടെയും മുന്നോട്ടു കൊണ്ടുപോകുന്നതിൽ ഇടതുപക്ഷത്തിനുള്ള ഉത്തരവാദിത്തം വർദ്ധിച്ചിരിക്കുന്നു. അതിനു സഖാവ് ഇ.എം.എസ് പകർന്നു തന്ന രാഷ്ട്രീയപാഠങ്ങൾ വഴികാട്ടിയാകും.

ഇ.എം.എസ് എന്ന കമ്മ്യൂണിസ്റ്റിന്റെ അസാമാന്യമായ ധൈഷണികതയും വിപ്ലവവീര്യവും നവകേരളം യാഥാർത്ഥ്യമാക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ ശ്രമങ്ങൾക്ക് ഊർജ്ജവും ദിശാബോധവും പകരുന്നു. മത സൗഹാർദ്ദവും ജനാധിപത്യമൂല്യങ്ങളും പുലരുന്ന; തുല്യതയിലും നീതിയിലും അധിഷ്ഠിതമായ ലോകത്തിനായി നമുക്ക് മുന്നോട്ടു പോകാം. സഖാവ് ഇ.എം.എസിന്റെ ഉജ്ജ്വല സ്മരണ അതിന് വഴികാട്ടിയാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News