ധർമ്മടം മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. സാംസ്കാരിക വകുപ്പിൻ്റെ നേത്യത്വത്തിൽ നിർമ്മിക്കുന്ന കൾച്ചറൽ സെൻ്ററിൻ്റെ ഡി പി ആർ സെപ്റ്റംബർ 30 ന് അകം തയ്യാറാവും . നാലര ഏക്കർ സ്ഥലം ഇതിനായി ഏറ്റെടുത്ത് കൈമാറി കഴിഞ്ഞു. നിശ്ചയിച്ച സമയത്ത് പദ്ധതി പൂർത്തികരിക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പാലയാട് സിനി തീയേറ്ററിൻ്റെ ഡി പി ആർ ഒരു മാസത്തിനകം തയ്യാറാകും.
അഞ്ചരക്കണ്ടി ഫയർ അക്കാദമിയുടെ മാസ്റ്റർ പ്ലാൻ അംഗീകരിക്കുന്നതിന് തടസ്സം ഇല്ലെന്ന് യോഗം വിലയിരുത്തി. അക്കാദമി സ്ഥാപിക്കുമ്പോൾ പതിനഞ്ച് കുടുംബങ്ങളുടെ വഴി തടസപ്പെടുന്ന സാഹചര്യം ഉണ്ടാവും . ഏറ്റെടുത്ത ഭൂമിയിൽ ഇവർക്കായി പ്രത്യേകം വഴി ഏർപ്പെടുത്തുന്നത് പരിഗണനയിൽ ഉണ്ടെന്ന് കണ്ണൂർ ജില്ലാ കളക്ടർ യോഗത്തിൽ ഉറപ്പ് നൽകി. പിണറായി സ്പെഷ്യാലിറ്റി സെൻ്ററിൻ്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി.
Also read:കാൻസർ കോശങ്ങളെ കൊല്ലും, വില 17 കോടി; ലോകത്തിലുള്ള ഏറ്റവും വിലയേറിയ പദാർത്ഥമായ കലിഫോര്‍ണിയം
25 ഏക്കർ സ്ഥലത്ത് സ്ഥാപിക്കപ്പെടുന്ന നിർദിഷ്ട ഐ ടി പാർക്കിൻ്റെ ഡി പി ആർ ഇന്ന് സർക്കാരിലേക്ക് സമർപ്പിക്കപ്പെട്ടിട്ടുണ്ട്. 50000 ചതുരശ്ര അടി വിസ്തീർണമാണ് ഐടി പാർക്കിന് ഉണ്ടാവുക. ഓപ്പൺ എയർ ഓഡിറ്റോറിയവും, ക്ലബ് ഹൗസും , ഫുഡ് കോർട്ടും ഐടി പാർക്കിൻ്റെ ഭാഗമാകും . 293 കോടി രൂപ മുതൽ മുടക്കിലാണ് പാർക്ക് സ്ഥാപിക്കുന്നത്. 2025 ൽ പദ്ധതി ടെണ്ടർ ചെയ്യും . തുടർന്ന് 30 മാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കാൻ ആണ് ഉദേശിക്കുന്നത്. പാർക്കിലേക്ക് വരുന്ന പനയത്തംപറമ്പ- കീഴല്ലൂർ റോഡ് വീതി കൂട്ടാനും യോഗം തീരുമാനിച്ചു . സയൻസ് പാർക്കിന് ജനുവരിയിൽ തറക്കല്ല് ഇടും. ഇതിൻ്റെ ഡി പി ആർ അവസാന ഘട്ടത്തിലാണ്.
എ കെ ജി മ്യൂസിയത്തിൻ്റെ ഭാഗമായ ബിൽഡിംഗിൻ്റെ 97% പൂർത്തിയായി. വരുന്ന മാർച്ച് മാസത്തിൽ ഉദ്ഘാടനം ചെയ്യാൻ ആണ് ഉദ്യേശിക്കുന്നത്. പദ്ധതിയുടെ ഭാഗമായ പഴശ്ശി കനാൽ അതുപോലെ തന്നെ നിലനിർത്തി ലാൻഡ് സ്കേപ്പിംഗ് നടത്തും. ഇത് കൂടി ഉൾപ്പെടുത്തി പുതിയ ഡി പി ആർ തയ്യാറാക്കും .
Also read:പോലീസിനെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ വിദ്യാർത്ഥിയെ, അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി
പിണറായി പൊലിസ് സ്റ്റേഷൻ്റെ നിർമ്മാണോൽഘാടനം വരുന്ന ഒക്ടോബറിൽ നടക്കും . ഒന്നര കൊല്ലം കൊണ്ട് നിർമ്മാണം പൂർത്തിയാവും. മുഴപ്പിലങ്ങാട് ബീച്ചിൽ ടൂറിസം പദ്ധതിയുടെ ഭാഗമായി വികസനം വരുമ്പോൾ ശുചീകരണം പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ബീച്ചിൽ ഇതിന് പറ്റിയ സംവിധാനം ഉണ്ടാവണം. കളക്ടർ , ടൂറിസം , ശുചിത്വമിഷൻ ,പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത യോഗം ഇതിനായി ചേരാനും തീരുമാനം ആയി. 962 കോടി മുതൽ മുടക്കിൽ പണിയുവാൻ പോകുന്ന കൊടുവള്ളി – കണ്ണൂർ എയർപോർട്ട് റോഡിൻ്റെ ഡി. പി. ആർ പൂർത്തിയായി. പദ്ധതിയുടെ സാമൂഹ്യ ആഘാത പഠനം പൂർത്തിയായി. 2027 ജൂണിൽ റോഡിൻ്റെ നിർമ്മാണം പൂർത്തിയാവും .
ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ , അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഫയർഫോഴ്സ് മേധാവി പദ്മകുമാർ , മ്യൂസിയം ഡയറക്ടർ, ചലച്ചിത്ര കോർപ്പറേഷൻ എംഡി, ഡയറി വകുപ്പ് എംഡി, ടൂറിസം വകുപ്പ് ഡയറക്ടർ, കെ ആർ എഫ് ബി എംഡി, കണ്ണൂർ ജില്ലാ കളക്ടർ, ആറളം ഫാം എംഡി മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here