ആത്മഹത്യ തടയുന്നതിന് എന്തൊക്കെ ചെയ്യാം എന്നത് തന്നെയാണ് സർക്കാർ പരിശോധിക്കുന്നത്, ആവശ്യമായ ഇടപെടൽ നടത്തുന്നുണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം പരശുവയ്ക്കല്‍ സ്വദേശിയും സിവില്‍ പൊലീസ് ഓഫീസറുമായ മദനകുമാറിനെ ജൂൺ 24ന് ക്വാര്‍ട്ടേഴ്‌സില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെടുകയുണ്ടായി. സംഭവത്തില്‍ പൂന്തുറ പോലീസ് സ്റ്റേഷനില്‍ ക്രൈം.828/24 ആയി കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷിച്ചു വരുന്നു. ഇദ്ദേഹത്തിന് കുടുംബ പ്രശ്‌നങ്ങളുളളതായും കുറച്ചു നാളുകളായി കുടുംബവുമായി അകന്നു കഴിയുകയായിരുന്നുവെന്നും ഒപ്പം ജോലിയില്‍ നിന്നും വിട്ടുനിന്നിരുന്നതായും അറിവായിട്ടുണ്ട്.

സേനാംഗങ്ങള്‍ക്കിടയിലെ ആത്മഹത്യക്കുള്ള കാരണങ്ങളില്‍ കൂടുതലും കുടുംബപ്രശ്‌നങ്ങളും സാമ്പത്തികപ്രശ്‌നങ്ങളും പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും കൂടാതെ ഇതില്‍നിന്നും ഉരുത്തിരിയുന്ന മാനസിക സംഘര്‍ഷങ്ങളുമാണെന്നാണ് പൊതുവെ കണ്ടിട്ടുള്ളത്. എന്നാല്‍, ഔദ്യോഗിക ജീവിതത്തിലെ പ്രശ്‌നങ്ങളും ആത്മഹത്യകള്‍ക്ക് വഴിവെച്ചിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ഇത്തരത്തില്‍ കാണുന്ന ആത്മഹത്യാപ്രവണതകള്‍ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ എല്ലാ ഘട്ടത്തിലും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്.

ആധുനിക കാലത്ത് തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള വിവിധ തരത്തിലുള്ള ഇടപെടലുകളാണ് നിലനില്‍ക്കുന്നത്. മാറിയ ജീവിത നിലവാരവും ജീവിതശൈലിയും സമൂഹത്തില്‍ വരുത്തിയ മാറ്റം സമൂഹത്തിന്റെ എല്ലാ മേഖലയിലുമെന്നപോലെ പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലും പലതരത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. തിരക്കേറിയ ജീവിതവും തുറന്ന ആശയവിനിമയത്തിന്റെ അഭാവവും ആളുകളില്‍ മാനസിക സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. പൊലീസുദ്യോഗസ്ഥര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത ഇല്ലാതാക്കുന്നതിനും മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനും പോലീസ് വകുപ്പും സര്‍ക്കാരും നിരവധി കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിവരുന്നുണ്ട്.

HATS

2017 ല്‍ ആരംഭിച്ച HATS (Help and Assistance to Tackle Stress) സംവിധാനം വഴി മാനസിക സംഘര്‍ഷം നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി കൗണ്‍സിലിംഗും യോഗ ഉള്‍പ്പെടെയുള്ള പരിശീലന പരിപാടികളും നടത്തി വരുന്നു.

Domestic Conflict Resolution Centre (DCRC)

ജില്ലാതലങ്ങളില്‍ കൗണ്‍സിലര്‍മാരെയും സൈക്കോളജിസ്റ്റുകളെയും വനിതാ പൊലീസുദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി കുടുംബ കൗണ്‍സിലിംഗ് സംവിധാനങ്ങള്‍ക്കായി Domestic Conflict Resolution Centre (DCRC) പ്രവര്‍ത്തിച്ച് വരുന്നത് പോലീസുദ്യോഗസ്ഥരുടെ കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഉപയോഗിച്ച് വരുന്നുണ്ട്.

മെന്ററിംഗ് സംവിധാനം

സ്റ്റേഷനുകളില്‍ തുറന്ന ആശയവിനിമയത്തിനായും വിവിധ കാരണങ്ങളാലുളള മാനസിക സമ്മര്‍ദ്ധം ലഘൂകരിക്കുന്നതിനും മുതിര്‍ന്ന പൊലീസുദ്യോഗസ്ഥരെ ഉപയോഗിച്ച് മെന്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പൊലീസ് വെല്‍ഫെയര്‍ ബ്യൂറോ

കേരള പൊലീസ് ആക്ട് സെക്ഷന്‍ 104 ലെ വ്യവസ്ഥ പ്രകാരമുള്ള പൊലീസ് വെല്‍ഫെയര്‍ ബ്യൂറോ രൂപീകരിച്ചിട്ടുള്ളത്. സേനാംഗങ്ങളുടെയും അടുത്ത കുടുംബാംഗങ്ങളുടെയും ഗുരുതരമായ അസുഖങ്ങളുടെയും അപകടങ്ങളുടെയും സന്ദര്‍ഭത്തില്‍ ചികിത്സയ്ക്കായി 3 ലക്ഷം രൂപ വരെ ഗ്രാന്റായും 3 ലക്ഷം രൂപ വരെ പലിശരഹിത വായ്പയായും അനുവദിച്ചു വരുന്നു.

സര്‍വീസിലിരിക്കെ മരണപ്പെട്ടുപോകുന്ന സന്ദര്‍ഭത്തില്‍ ഒരു ലക്ഷം രൂപ വരെയും ഡ്യൂട്ടിയിലിരിക്കെ മരണപ്പെടുകയാണെങ്കില്‍ 2 ലക്ഷം രൂപയും ധനസഹായ മായി അനുവദിക്കുന്നു.

ഇതിനുപുറമെ കേരളാ പൊലീസ് അമിനിറ്റി ഫണ്ടും നിലവിലുണ്ട്.

Weekly Off

അര്‍ഹമായ ലീവുകള്‍ നല്‍കുന്നതിനും, Weekly Off നിര്‍ബന്ധമായും നല്‍കുന്നതിനും സംസ്ഥാന പൊലീസ് മേധാവി പ്രത്യേക സര്‍ക്കുലര്‍ മുഖാന്തിരം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ലഹരി ഉപയോഗത്തിനെതിരെ

മദ്യപാന ശീലമുളളവരെ ലഹരിമുക്തരാക്കുന്നതിന് പ്രത്യേകം കര്‍മ്മപദ്ധതികള്‍ ഡി-അഡിക്ഷന്‍ സെന്ററുകളെയും സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളെയും സഹകരിപ്പിച്ച് നടത്തിവരുന്നു.

മാനസിക പിരിമുറുക്കം ലഘൂകരിക്കല്‍

സേനാംഗങ്ങളുടെ പരിശീലന കാലയളവില്‍ തന്നെ സാമ്പത്തിക അച്ചടക്കം സംബന്ധിച്ചും, ആയോധന കലകളിലുളള പരിശീലനവും വഴി മനോബലം വര്‍ദ്ധിപ്പിക്കുന്ന നടപടികളും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് പ്രത്യേക പരിശീലന പരിപാടികള്‍ നടത്തുന്നുണ്ട്.

8 മണിക്കൂര്‍ ജോലി

പൊലീസ് സേനയ്ക്കിടയില്‍ 8 മണിക്കൂര്‍ ജോലി എന്നത് അത്രവേഗത്തില്‍ നടപ്പിലാക്കാന്‍ കഴിയുന്ന ഒന്നല്ല. എന്നാല്‍, ഇത് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. തിരക്കേറിയ പ്രധാനപ്പെട്ട 52 സ്റ്റേഷനുകളില്‍ ഇതിനകം ഇത് നടപ്പിലാക്കിയിട്ടുണ്ട്. കൂടുതല്‍ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.

പുതിയ പൊലീസ് സ്റ്റേഷനുകള്‍

സംസ്ഥാനത്ത് പുതിയ 13 പൊലീസ് സ്റ്റേഷനുകളും 19 സൈബര്‍ പൊലീസ് സ്റ്റേഷനുകളും 4 വനിതാ പൊലീസ് സ്റ്റേഷനുകളും ആരംഭിച്ചിട്ടുണ്ട്.

കുറ്റാന്വേഷണവും ക്രമസമാധാനപാലനവും വേര്‍തിരിക്കുക എന്നത് ലക്ഷ്യംവെച്ചുകൊണ്ട് എല്ലാ പൊലീസ് സ്റ്റേഷനുകളിലും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ആരംഭിച്ചിട്ടുണ്ട്.

പുതിയ തസ്തികകള്‍

മുന്‍ എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ കാലം മുതല്‍ ഈ വര്‍ഷം (മാര്‍ച്ച് 31) വരെ 5,670 പൊലീസില്‍ വിവിധ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് ജോലി ഭാരം കുറച്ചിട്ടുണ്ട്.

സേനയിലേക്ക് സാങ്കേതികവിദഗ്ധരുടെ കടന്നുവരവ്

സാങ്കേതികവിദ്യാഭ്യാസ യോഗ്യതയുള്ള നിരവധി പേരാണ് സേനയിലേക്ക് പുതുതായി എത്തിച്ചേരുന്നത്. ഇവരുടെ സേവനം അതതു മേഖലയിലെ കുറ്റാന്വേഷണങ്ങളിലും വികസന പ്രവര്‍ത്തനങ്ങളിലും വിനിയോഗിക്കാനാവുക എന്നത് പ്രധാനമാണ്. അത് കണക്കിലെടുത്തുകൊണ്ട് ഇത്തരം യോഗ്യതയുള്ളവരെ ആ വിഭാഗവുമായി ബന്ധപ്പെട്ട നിയമിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്.

പൊലീസ് ക്യാന്റീന്‍

ദൈനംദിന ആവശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ജീവിതാവശ്യങ്ങള്‍ക്ക് സമീപിക്കാവുന്ന സംവിധാനമാണ് പൊലീസ് ക്യാന്റീന്‍ വഴി സേനാംഗങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുള്ളത്. കമ്പോളവിലയില്‍ നിന്ന് 30 ശതമാനം വരെ വിലക്കുറവില്‍ പ്രവര്‍ത്തിച്ചിരുന്ന പോലീസ് ക്യാന്റീന്‍ പ്രവര്‍ത്തനം ജിഎസ്ടി നടപ്പാക്കിയതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നികുതി ഇളവ് ഒഴിവാക്കപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാരുമായി ഫലപ്രദമായ ഇടപെടലുകള്‍ നടത്തിയതിന്റെ ഫലമായി നികുതി ഇളവ് പുനസ്ഥാപിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

പൊലീസ് ഹൗസിംഗ് സൊസൈറ്റിയും പോലീസ് സ്റ്റോറുകളും

ഭവനനിര്‍മ്മാണത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും കുറഞ്ഞ പലിശനിരക്കില്‍ വായ്പകള്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാരിന്റെ സഹായത്തോടെ കേരളാ പോലീസ് ഹൗസിംഗ് സൊസൈറ്റിയും, ജില്ലാടിസ്ഥാനത്തില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളും സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.

നീതിബോധം, മനുഷ്യാവകാശ സംരക്ഷണം, സേവനതത്പരത, സാമൂഹിക പ്രതിബദ്ധത, ശാസ്ത്രീയ അന്വേഷണരീതികള്‍ തുടങ്ങിയ മേഖലകളില്‍ നമ്മുടെ പോലീസ് ഇന്ന് രാജ്യത്തിന് മാതൃകയാണ്. നിലനില്‍ക്കുന്ന ചില ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ വിശ്വാസമാര്‍ജ്ജിക്കുന്നതിനും ഒപ്പം സേനാംഗങ്ങള്‍ക്കിടയില്‍ പൊതുവായ ജീവിതസാഹചര്യം കാത്തുസൂക്ഷിക്കുന്നതിനുമുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News