റബ്ബർ കർഷകരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളി വിടുന്ന വെട്ടിപ്പാണ് ടയർ കമ്പനികൾ നടത്തുന്നത്; മുഖ്യമന്ത്രി പിണറായി വിജയൻ

റബ്ബർ കർഷകർ ദുരിതങ്ങൾ നേരിടുന്ന ഘട്ടത്തിൽ അതിനെ കൂടുതൽ ആഴത്തിലേയ്ക്ക് തള്ളി വിടുന്ന വെട്ടിപ്പാണ് ടയർ കമ്പനികൾ നടത്തുന്നതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ടയർ കമ്പനികളിൽ നിന്ന് ഈടാക്കുന്ന പിഴ കർഷകർക്ക് ലഭ്യമാക്കുക, കരാറുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ നടപ്പാക്കുന്നതിനായി റബ്ബർ കർഷകരുടേയും കർഷകത്തൊഴിലാളികളുടെയും സൂക്ഷ്മ, ചെറുകിട വ്യവസായികളുടെയും കേരളത്തിന്റെയാകെ സാമ്പത്തിക മേഖലയുടേയും നന്മ മുൻനിർത്തി എല്ലാവരും കൈകോർക്കണം എന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.

ALSO READ:കല്ലാർ – മീന്‍മുട്ടി വെള്ളച്ചാട്ടം കാണാനെത്തിയ വിനോദസഞ്ചാരികള്‍ കുടുങ്ങി

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ്

കേരളത്തിന്റെ സുപ്രധാന നാണ്യവിളയായ റബ്ബറിന്റെ കൃഷി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കോൺഗ്രസും ബിജെപിയും നേതൃത്വം നൽകിയ വലതുപക്ഷ സർക്കാരുകളുടെ കോർപ്പറേറ്റ് അനുകൂല നയങ്ങളുടേയും അവരേർപ്പെട്ട ആസിയാൻ കരാറുൾപ്പെടെയുള്ള അന്താരാഷ്ട്ര വാണിജ്യ കരാറുകളുടേയും ഫലമായി റബ്ബർ കർഷകർ ചരിത്രത്തിലിതു വരെയില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. എന്നാൽ റബ്ബർ കർഷകർ ദുരിതങ്ങൾ നേരിടുന്ന ഘട്ടത്തിൽ അതിനെ കൂടുതൽ ആഴത്തിലേയ്ക്ക് തള്ളി വിടുന്ന വെട്ടിപ്പാണ് ടയർ കമ്പനികൾ നടത്തുന്നതെന്ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ) തന്നെ കണ്ടെത്തിയിരിക്കുന്നു.
എം.ആർ.എഫ്, ജെകെ, അപ്പോളോ, സിയറ്റ്, ബിർല തുടങ്ങിയ കുത്തക ടയർ കമ്പനികളും അവരുടെ കോർപ്പറേറ്റ് കൂട്ടായ്മയായ ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേർസ് അസോസിയേഷനും (ATMA) ചേർന്ന് രാജ്യത്തെ മത്സര നിയമങ്ങൾക്കു വിരുദ്ധമായി കാർട്ടൽ രൂപീകരിക്കുകയും ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന റബ്ബറിന്റെ വില ഉയരാതിരിക്കാനുള്ള നടപടികൾ സംയുക്തമായി സ്വീകരിക്കുകയും ചെയ്തു. റബ്ബറിന്റെ വില വളരെയധികം കുറഞ്ഞിട്ടും ടയറിന്റെ വില കുത്തനെ ഉയർത്തി ഉപഭോക്താക്കളെ കൂടി വഞ്ചിച്ച കമ്പനികൾക്ക് 1788 കോടി രൂപയുടെ പിഴയാണ് സിസിഐ ചുമത്തിയിരിക്കുന്നത്.
ഈ തുക കർഷകർക്കു അവകാശപ്പെട്ടതാണെന്നും അതവർക്കു തന്നെ നൽകണമെന്നും അഖിലേന്ത്യാ കിസാൻ സഭ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ റബ്ബർ കൃഷിയെ പ്രതിസന്ധിയിലാക്കിയ നയങ്ങൾ നടപ്പാക്കിയ കോൺഗ്രസും ബിജെപിയും ഇക്കാര്യത്തിൽ ഇപ്പോളും മൗനം പാലിക്കുകയാണ്. റബ്ബറിന്റെ പരിധികളില്ലാത്ത ഇറക്കുമതിയ്ക്ക് കാരണമായ അവർ പിന്തുണച്ച കരാറുകൾ പുന:പ്പരിശോധിച്ച് പിൻവലിക്കേണ്ട സമയവും അതിക്രമിച്ചിരിക്കുകയാണ്.
ആദ്യകാലം മുതൽ തന്നെ ഈ നയങ്ങൾക്കെതിരെ ഇടതുപക്ഷം ഉന്നയിച്ച എതിർപ്പുകളും നടപ്പാക്കിയ പ്രക്ഷോഭങ്ങളും കൂടുതൽ ആർജ്ജവത്തോടെ മുന്നോട്ടു കൊണ്ടുപോകേണ്ട ഘട്ടമാണിത്. ടയർ കമ്പനികളിൽ നിന്ന് ഈടാക്കുന്ന പിഴ കർഷകർക്ക് ലഭ്യമാക്കുക കരാറുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ നടപ്പാക്കുന്നതിനായി റബ്ബർ കർഷകരുടേയും കർഷകത്തൊഴിലാളികളുടെയും സൂക്ഷ്മ, ചെറുകിട വ്യവസായികളുടെയും കേരളത്തിന്റെയാകെ സാമ്പത്തിക മേഖലയുടേയും നന്മ മുൻനിർത്തി എല്ലാവരും കൈകോർക്കണം. കേരളത്തിലെ റബ്ബർ കാർഷിക രംഗത്തെ പ്രതിസന്ധികൾ പരിഹരിച്ച് മുന്നോട്ടു പോകാൻ നമുക്ക് പരിശ്രമിക്കാം.

ALSO READ:16 വർഷം നീണ്ട പിണക്കം മാറി; പരസ്പരം കെട്ടിപിടിച്ച് സണ്ണി ഡിയോളും ഷാരൂഖ് ഖാനും; വീഡിയോ വൈറല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here