കൊച്ചി സർവകലാശാലയിൽ നരവംശ ശാസ്ത്ര ഗവേഷക വിദ്യാർഥിയായ വിനോദ് മാഞ്ചീരി പെരിന്തൽമണ്ണയിൽ ചേർന്ന നവകേരള സദസ്സ് പ്രഭാതയോഗത്തിൽ എത്തിയത് തന്റെ ജീവിതചുറ്റുപാടുകൾ മാറ്റിമറിക്കാനുള്ള ചില നടപടികൾ ആവശ്യപ്പെട്ടുകൊണ്ടാണ്.
ചോലനായ്ക ആദിവാസി വിഭാഗത്തിൽനിന്നുള്ള ഉന്നത ബിരുദധാരിയാണ് വിനോദ്. ആദിവാസി മേഖലയിലെ വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്തൽ, വിളർച്ച പ്രശ്നത്തിന് പരിഹാരം, പുതുക്കിയ ബദൽ സ്കൂൾ സംവിധാനം തുടങ്ങിയ വിഷയങ്ങളാണ് വളരെ കൃത്യതയോടെ വിനോദ് അവതരിപ്പിച്ചത്. ഉന്നയിച്ച പ്രശ്നങ്ങൾ ഗൗരവമായി പരിശോധിക്കുമെന്നും വേണ്ട ഇടപെടൽ ഉണ്ടാകുമെന്നും ഉറപ്പുനൽകി.
നവകേരളത്തിനായുള്ള ആശയങ്ങളും ആവശ്യങ്ങളും അവതരിപ്പിച്ച് പെരിന്തൽമണ്ണ ശിഫാ കൺവൻഷൻ സെന്ററിൽ നടന്ന പ്രഭാതയോഗം പെരിന്തൽമണ്ണ, മങ്കട, വണ്ടൂർ, നിലമ്പൂർ, ഏറനാട് നിയോജക മണ്ഡലങ്ങളിൽനിന്നുള്ള അനേകം വിഷയങ്ങളാണ് ചർച്ചചെയ്തത്. പെരിന്തൽമണ്ണയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി റെയിൽവേ മേൽപ്പാലത്തോടുകൂടിയ മാനത്ത്മംഗലം–- ഓരാടം ബൈപാസ് നിർമാണത്തിന് സർക്കാരിന്റെ ഇടപെടലുകൾ ഉണ്ടാകണമെന്ന് മുൻ എംഎൽഎ വി ശശികുമാർ അഭ്യർഥിച്ചു. ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ സർക്കാർ ഇക്കാര്യം പരിശോധിക്കും.
അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം സെന്ററിലേക്കുള്ള തകർന്ന റോഡ് നന്നാക്കാൻ ഇടപെടണമെന്ന് സെന്റർ ഡയറക്ടർ ഡോ. കെ പി ഫൈസൽ ആവശ്യപ്പെട്ടു. 350ഓളം ഏക്കറിൽ ആരംഭകാലത്ത് വിഭാവനംചെയ്ത വിശാലമായ സമ്പൂർണ ക്യാമ്പസ് യാഥാർഥ്യമാക്കാൻ കേന്ദ്ര സഹായം ആവശ്യമാണെന്നും ഇതിന് സംസ്ഥാന സർക്കാരിന്റെ പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ സഹായം നൽകാൻ സർക്കാർ സന്നദ്ധമാണെന്നും റോഡ് നല്ല നിലവാരത്തിൽ വികസിപ്പിക്കുമെന്നും മറുപടി നൽകി.
മങ്കട നിയോജക മണ്ഡലത്തിൽ കിടത്തി ചികിത്സാ സൗകര്യം ഒരുക്കണമെന്ന ഇ എം എസ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മോഹൻ പുളിക്കലിന്റെ ആവശ്യം പരിശോധിക്കാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകി. അങ്കണവാടി വർക്കർമാരുടെ നിയമനത്തിന് പ്രത്യേക മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന നിർബന്ധം ഒഴിവാക്കണമെന്ന അഡ്വ. സുജാതയുടെ അഭിപ്രായത്തോട് പ്രതികരിച്ച് അത്തരം സങ്കീർണമായ മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ആവശ്യപ്പെടാറില്ലെന്ന് വ്യക്തമാക്കി. താനൂരിലെ നിർഭയ കെട്ടിടത്തിന്റെ പണി അവസാനഘട്ടത്തിലാണെന്നും അവരെ അറിയിച്ചു. അനേകം ഫുട്ബോൾ കളിക്കാരെ സൃഷ്ടിച്ച അരീക്കോട് ദേശീയ നിലവാരത്തിലുള്ള സ്റ്റേഡിയം നിർമിക്കണമെന്ന് കെഎൻഎം സംസ്ഥാന വൈസ് പ്രസിഡന്റ് എൻ വി അബ്ദുൽ റഹ്മാൻ അഭ്യർഥിച്ചു. കായികരംഗത്തിന് പ്രത്യേക പരിഗണനയാണ് നൽകുന്നത്. വിഷയം പരിശോധിക്കും.
കോളേജുകളുടെ സമയക്രമം പകൽ എട്ടുമുതൽ 1.30 വരെയാക്കി വിദ്യാർഥികൾക്ക് പാർട് ടൈം തൊഴിലവസരം ഒരുക്കുക, സർക്കാർ കോളേജുകളിൽ സ്വാശ്രയ കോളേജുകളുടെ മാതൃകയിൽ നൂതന കോഴ്സുകൾ അനുവദിക്കുക, അങ്ങാടിപ്പുറം പോളിടെക്നിക്കിൽ ഹോസ്‌റ്റൽ സൗകര്യം തുടങ്ങിയ ആവശ്യങ്ങളാണ് കലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ ടി സ്നേഹ ആവശ്യപ്പെട്ടത്. കോളേജുകളുടെ സമയക്രമം സംബന്ധിച്ച് മുൻമന്ത്രി ഡോ. കെ ടി ജലീലിന്റെ കാലത്തുതന്നെ നിർദേശം ഉയർന്നിരുന്നതാണ്. സമയക്രമം സംബന്ധിച്ച് എല്ലാവരോടും കൂടിയാലോചിച്ച ശേഷമേ തീരുമാനമെടുക്കാനാകൂ. ഇത്തരത്തിൽ സമയക്രമം മാറ്റുന്നതിലൂടെ മറ്റു കോഴ്സുകൾ പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനും അവസരം ലഭിക്കും.
ALSO READ: പാലക്കാട്ടെ മുസ്ലീം ലീഗ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് നവകേരള വേദിയിൽ
ഓട്ടിസം പാർക്ക് സ്ഥാപിക്കുക, ബഡ്സ് സ്കൂളുകളെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമാക്കുക, വന്യജീവികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്ന പ്രശ്നങ്ങൾ എന്നിവയും യോഗത്തിൽ ഉന്നയിക്കപ്പെട്ടു. അതിദാരിദ്ര്യം ലഘൂകരിക്കുന്നതിന് വ്യാപാരികൾ തങ്ങൾക്ക് കഴിയുന്ന ഇടപെടലുകൾ നടത്തണമെന്ന് വ്യാപാരി വ്യവസായി സമിതി യോഗം ഉദ്ഘാടനം ചെയ്യുന്ന വേളയിൽ അഭ്യർഥിച്ചിരുന്നു. അതനുസരിച്ച് അമ്പത് കുടുംബത്തിൽ അതിദാരിദ്ര്യം ലഘൂകരിക്കുന്നതിന് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തിയതായി വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് കെ സുബ്രഹ്മണ്യൻ അറിയിച്ചു.
ALSO READ: നവകേരള സദസ് ഇന്ന് പാലക്കാട്
കക്ഷി രാഷ്ട്രീയത്തിന്റെ അതിർവരമ്പുകൾ ഇല്ലാതെ ഒരു ജനത ഒന്നാകെ നൽകിയ ഊഷ്മളമായ സ്വീകരണമായിരുന്നു നവകേരള സദസ്സിന് മലപ്പുറം ജില്ലയിൽ ലഭിച്ചത്. വെള്ളിയാഴ്ച നവകേരള സദസ്സ് പാലക്കാട് ജില്ലയിലേക്ക് കടക്കുകയാണ്. എന്താണോ ലക്ഷ്യമിട്ടിരുന്നത്, അത് ഉദ്ദേശിച്ചതിനേക്കാൾ ഫലപ്രദമായി നടപ്പാക്കാനാകുന്നു എന്നതാണ് ഓരോ ദിവസം പിന്നിടുമ്പോഴും തെളിഞ്ഞുവരുന്ന അനുഭവം.
നവകേരള സദസിനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിലയിരുത്തൽ,ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ചത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here