അഴീക്കോടൻ രാഘവന്റെ രക്തസാക്ഷി ദിനത്തിൽ അനുസ്മരിച്ച് മുഖ്യമന്ത്രി. രാഷ്ട്രീയ എതിരാളികൾ സഖാവിന്റെ ജീവനെടുത്തിട്ട് ഇന്നേക്ക് 52 വർഷം തികയുകയാണ് എന്നാണ് മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്. കേരളത്തിൽ രാഷ്ട്രീയ കൊലപാതകത്തിനിരയായ ഏറ്റവും സമുന്നതനായ രാഷ്ട്രീയ നേതാവാണ് അഴീക്കോടൻ രാഘവൻ എന്നും അടിസ്‌ഥാന വർഗ്ഗത്തിനുവേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്നുമാണ് മുഖ്യമന്ത്രി കുറിച്ചത്. അഴീക്കോടന്റെ ഉജ്ജ്വല സ്മരണ പുതിയ കാലത്തെ വെല്ലുവിളികളെ മറികടക്കാനും കരുത്തോടെ മുന്നോട്ടുപോകാനുമുള്ള നമ്മുടെ പോരാട്ടങ്ങൾക്ക് ഊർജ്ജം പകരും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്
ഇന്ന് അഴീക്കോടൻ രക്തസാക്ഷി ദിനം.
രാഷ്ട്രീയ എതിരാളികൾ സഖാവിന്റെ ജീവനെടുത്തിട്ട് ഇന്നേക്ക് 52 വർഷം തികയുകയാണ്. കേരളത്തിൽ രാഷ്ട്രീയ കൊലപാതകത്തിനിരയായ ഏറ്റവും സമുന്നതനായ രാഷ്ട്രീയ നേതാവാണ് അഴീക്കോടൻ രാഘവൻ. സഖാവിനെ കുത്തിക്കൊല്ലാൻ മാർക്സിസ്റ്റ് വിരുദ്ധ സംഘത്തിന് ഒട്ടും കയ്യറപ്പുണ്ടായില്ല. 1972 സെപ്തംബർ 23 ന് രക്തസാക്ഷിത്വം വരിക്കുമ്പോൾ ഐക്യ മുന്നണി കൺവീനറും സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് മെമ്പറുമായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം.
അടിസ്‌ഥാന വർഗ്ഗത്തിനുവേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അഴീക്കോടന്റേത്. ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് പൊതുപ്രവർത്തനം ആരംഭിച്ച അദ്ദേഹം 1940 ലാണ് കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗത്വമെടുത്തത്.1946 ൽ പാർടിയുടെ കണ്ണൂർ ടൌൺ കമ്മിറ്റിയുടെ സെക്രട്ടറിയായ സഖാവ് 1956ൽ പാർടി ജില്ലാ സെക്രട്ടറിയായി. 1959 മുതൽ പാർട്ടി സംസ്ഥാന കേന്ദ്രത്തിൽ പ്രവർത്തിക്കുകയായിരുന്ന അദ്ദേഹം 1967 ൽ ഐക്യമുന്നണി കൺവീനർ സ്‌ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ അനുപമമായ സംഘടനാ ശേഷിയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും പാർടിയെ കേരളത്തിൽ കരുത്തുറ്റ സമരശക്തിയാക്കി മാറ്റുന്നതിൽ മുഖ്യ പങ്കുവഹിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ അടിപതറാതെ പാർടിയെ നയിച്ച സഖാവ് നിസ്വവർഗ്ഗത്തിന്റെ അവകാശ സമരങ്ങളിലെ മുന്നണിപ്പോരാളിയായി എക്കാലവും നിലകൊണ്ടു.എന്നും നീതിക്കൊപ്പം നിലകൊണ്ട അഴീക്കോടന്റെ തെളിമയുള്ള രാഷ്ട്രീയവും അദ്ദേഹത്തിന്റെ ജനകീയ ഇടപെടലുകളുമാണ് രാഷ്ട്രീയ എതിരാളികളെ പ്രകോപിപ്പിച്ചത്. ജനകീയ പ്രശ്നങ്ങളിലും പോരാട്ടങ്ങളിലും നിരന്തരം ഇടപെട്ടുകൊണ്ട് അദ്ദേഹം കേരളത്തിലെങ്ങും സമരസാന്നിധ്യമായി മാറി. അഴീക്കോടന്റെ ഉജ്ജ്വല സ്മരണ പുതിയ കാലത്തെ വെല്ലുവിളികളെ മറികടക്കാനും കരുത്തോടെ മുന്നോട്ടുപോകാനുമുള്ള നമ്മുടെ പോരാട്ടങ്ങൾക്ക് ഊർജ്ജം പകരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here