എൽഡിഎഫ് സർക്കാർ നാലാം വർഷത്തിലേക്ക് കടന്ന സാഹചര്യത്തിൽ കുറിപ്പ് പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
എൽ ഡി എഫ് സർക്കാർ അതിന്റെ നാലാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ സർക്കാരിന്റെ നാലാം വർഷമാണെങ്കിലും തുടർഭരണത്തിന്റെ ഒമ്പതാം വർഷത്തിലേക്കാണ് നമ്മൾ കടക്കുന്നത്. കഴിഞ്ഞ എട്ടു വർഷംകൊണ്ട് സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിക്കാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്.
കേരളവികസനത്തിന്റെ അടിസ്ഥാനമായി വർത്തിച്ചവയ്‌ക്കൊക്കെ കോട്ടം തട്ടുന്ന അവസ്ഥയായിരുന്നു 2016 ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വരുമ്പോൾ നിലവിലുണ്ടായിരുന്നത്. നമ്മുടെ പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടപ്പെട്ടു. ആശുപത്രികൾ മതിയായ സൗകര്യങ്ങൾ ഇല്ലാതെ വിഷമിച്ചു. പാർപ്പിട പദ്ധതികളെല്ലാം നിലച്ചു. ക്ഷേമ പെൻഷനുകൾ കുടിശ്ശികയായിത്തീർന്നു. വികസനം മരവിച്ചു. ആ അവസ്ഥ മാറ്റിയെടുക്കലായിരുന്നു പുതിയ സർക്കാരിനു മുന്നിലെ പ്രധാന വെല്ലുവിളി. അതിന്റെ ഭാഗമായി എൽ ഡി എഫ് സർക്കാർ പല പദ്ധതികൾ ആവിഷ്‌ക്കരിച്ചു. ഹരിതകേരള മിഷൻ ആരംഭിച്ചു, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നോട്ടുവെച്ചു, ആർദ്രം പദ്ധതി നടപ്പാക്കി, ലൈഫ് മിഷൻ മുഖേന വീടുകൾ പണികഴിപ്പിച്ചു നൽകി. ഇന്ന് നമ്മുടെ പൊതുവിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നിരിക്കുകയാണ്. നമ്മുടെ ആശുപത്രികളിൽ നൂതന സൗകര്യങ്ങൾ ലഭ്യമാണ്. മെഡിക്കൽ കോളേജുകളിൽ മാത്രം ലഭ്യമായിരുന്ന പല ചികിത്സകളും ഇന്ന് താലൂക്കുതലം വരെയുള്ള ആശുപത്രികളിൽ ലഭ്യമാണ്.
Also Read: ട്രെയിൻ യാത്രക്കാർക്ക് എട്ടിന്റെ പണി; ആറ് ട്രെയിനുകൾ കൂടെ ഓട്ടം നിർത്തുന്നു
ലൈഫ് മിഷൻ മുഖേന 4 ലക്ഷത്തോളം വീടുകൾ യാഥാർത്ഥ്യമാക്കിക്കഴിഞ്ഞു. ക്ഷേമ പെൻഷനുകൾ 1,600 രൂപയാക്കി ഉയർത്തി. 55 ലക്ഷത്തോളം ആളുകൾക്ക് അവ ലഭ്യമാക്കുന്നു. ക്ഷേമമേഖലയിലെ ഇത്തരം മാതൃകകളെ ശക്തിപ്പെടുത്തുന്നതോടൊപ്പം അടിസ്ഥാനസൗകര്യ വികസനത്തിൽക്കൂടി കഴിഞ്ഞ എൽ ഡി എഫ് സർക്കാർ ശ്രദ്ധ ചെലുത്തി. അതിന്റെ ഭാഗമായി കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചു. കഴിഞ്ഞ എട്ട് വർഷംകൊണ്ട് 83,000 കോടിയിലധികം രൂപയുടെ പദ്ധതികൾ കിഫ്ബി മുഖേന ഏറ്റെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ദേശീയപാതാ വികസനം, ഗെയ്ൽ പൈപ്പ്‌ലൈൻ, പവർ ഹൈവേ, ദേശീയ ജലപാത, കൊച്ചി മെട്രോ, കൊച്ചി വാട്ടർ മെട്രോ തുടങ്ങി നിരവധി പദ്ധതികൾ ദൃഷ്ടാന്തങ്ങൾ.
അടിസ്ഥാനസൗകര്യ വികസന മേഖലയിലും ക്ഷേമ മേഖലയിലും നാം കൈവരിച്ച നേട്ടങ്ങളിൽ അടിസ്ഥാനപ്പെട്ടുകൊണ്ട് കേരളത്തെ വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയായി പരിവർത്തിപ്പിക്കാനാണ് ഈ സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി പല മേഖലകളിലുമുള്ള പോരായ്മകൾ നികത്തുന്നതിനും വിടവുകൾ ഇല്ലാതാക്കുന്നതിനും നമ്മൾ പ്രാധാന്യം കൊടുക്കുകയാണ്. ദാരിദ്ര്യം ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. അവിടെനിന്ന് ഒരു പടികൂടി കടന്ന് അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിലേക്ക് നമ്മൾ ചുവടുവയ്ക്കുകയാണ്. 2025 നവംബർ ഒന്നോടെ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറും. ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യംവച്ചുകൊണ്ട് മൂന്നേകാൽ ലക്ഷത്തിലധികം പട്ടയങ്ങൾ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. ആദിവാസികളടക്കമുള്ള പാർശ്വവത്കൃത ജനവിഭാഗങ്ങൾക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള പ്രത്യേക പദ്ധതികളും നടപ്പാക്കിവരികയാണ്.
വൈജ്ഞാനിക മേഖലയിൽ നാം കൈവരിച്ച നേട്ടങ്ങളെ ഉത്പാദന മേഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ മേഖലയെ ഒന്നാകെ പരിഷ്‌ക്കരിക്കുകയാണ്. നൈപുണ്യ വികസനവും സംരഭകത്വ വികസനവുമെല്ലാം ഇന്ന് നമ്മുടെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. അതിനായി കണക്ട് കരിയർ ടു ക്യാമ്പസ്, യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം, ഇൻഡസ്ട്രി ഓൺ ക്യാമ്പസ് തുടങ്ങിയവ നടപ്പാക്കിവരികയാണ്. ക്യാമ്പസ് ഇന്റസ്ട്രിയൽ പാർക്കുകളും യാഥാർത്ഥ്യമാവുകയാണ്.
വ്യവസായ മേഖലയിൽ മുന്നേറ്റം കൈവരിക്കുന്നതിനായി നിരവധി പദ്ധതികളാണ് നടപ്പാക്കിവരുന്നത്. ഒരു വർഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് സംരംഭകവർഷം പദ്ധതി നടപ്പാക്കിയത്. ആദ്യത്തെ എട്ട് മാസം കൊണ്ടുതന്നെ പ്രതീക്ഷിച്ച ലക്ഷ്യമായ ഒരു ലക്ഷത്തിലേക്കെത്താൻ നമുക്കു കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തികവർഷം ആകെയെടുത്താൽ 1,39,000 ത്തോളം സംരംഭങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. 3 ലക്ഷത്തോളം തൊഴിലവസരങ്ങളും 8,500 കോടിയോളം രൂപയുടെ നിക്ഷേപവും ഇതുവഴിയുണ്ടായി. സംരംഭക വർഷം പദ്ധതിക്കു ലഭിച്ച ഈ സ്വീകാര്യതയിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടാണ് ഇപ്പോൾ സംരംഭക വർഷം 2.0 പദ്ധതി നടപ്പാക്കുന്നത്.
Also Read: ഗാസയിലെ ജബാലിയ അഭയാര്‍ത്ഥിക്യാമ്പ് നിലംപരിശാക്കി ഇസ്രേയേല്‍; റാഫയില്‍ വ്യോമാക്രമണം
കേരളത്തിന്റെ വ്യാവസായിക വളർച്ച യു ഡി എഫ് സർക്കാരിന്റെ കാലത്ത് 2016 ൽ 12% ആയിരുന്നു. എൽ ഡി എഫിന്റെ കാലത്ത് ഇപ്പോൾ അത് 17% ആയി ഉയർന്നു. ഇതിൽ മാനുഫാക്ചറിംഗ് സെക്റ്ററിന്റെ സംഭാവന 2016 ൽ 9.8% ആയിരുന്നു. ഇപ്പോഴത് 14% ആയി ഉയർന്നിരിക്കുന്നു. യു ഡി എഫിന്റെ കാലത്ത് ആകെ 82,000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മാത്രം 2,35,000 സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളാണ് യാഥാർത്ഥ്യമാക്കിയത്.
യു ഡി എഫിന്റെ കാലത്ത് 10,177 തൊഴിൽ സംരംഭങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. എൽ ഡി എഫിന്റെ കാലത്ത് ഇന്നത് 30,176 ആയി ഉയർന്നിരിക്കുന്നു. യു ഡി എഫിന്റെ കാലത്ത് 8 പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രമാണ് ലാഭത്തിലായിരുന്നത്. എൽ ഡി എഫിന്റെ കാലത്ത് ഇന്നത് 17 ആയി ഉയർന്നിരിക്കുന്നു.
പുതിയ തലമുറ സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പ്രത്യേക സ്റ്റാർട്ടപ്പ് നയം നടപ്പിലാക്കിവരികയാണ്. 2016 ൽ സംസ്ഥാനത്ത് 300 സ്റ്റാർട്ടപ്പുകളാണ് പ്രവർത്തിച്ചിരുന്നതെങ്കിൽ ഇന്നവയുടെ എണ്ണം 5,000 കടന്നിരിക്കുന്നു. വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിംഗിലൂടെ 5,500 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനും 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നമുക്കു കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ 778 സ്റ്റാർട്ടപ്പുകൾക്കായി 35 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. സർവകലാശാലാ വിദ്യാർത്ഥികളിൽ നിന്നും സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 466 ഇന്നവേഷൻ ആൻഡ് ഓൺട്രപ്രൊണർഷിപ്പ് ഡെവലപ്‌മെന്റ് സെന്ററുകളാണ് സ്ഥാപിച്ചത്.
ദേശീയ സ്റ്റാർട്ടപ്പ് റാങ്കിംഗിൽ ബെസ്റ്റ് പെർഫോമർ പുരസ്‌ക്കാരം കരസ്ഥമാക്കാൻ നമുക്കു കഴിഞ്ഞിട്ടുണ്ട്. സ്റ്റാർട്ടപ്പ് ജീനോമിന്റെ ഗ്ലോബൽ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം റിപ്പോർട്ട് പ്രകാരം അഫോർഡബിൾ ടാലന്റ് റേറ്റിംഗിൽ കേരളം ഏഷ്യയിൽ ഒന്നാമതാണ്. ലോകത്തെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇൻക്യുബേറ്ററായി യു ബി ഐ ഗ്ലോബൽ തെരഞ്ഞെടുത്തത് കേരള സ്റ്റാർട്ടപ്പ് മിഷനെയാണ്. ഇതിനെല്ലാം അടിസ്ഥാനമായി വർത്തിക്കേണ്ടതാകട്ടെ നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയാണ്. റൂസ പദ്ധതി പ്രകാരം 153 നിർമ്മാണ പ്രവർത്തനങ്ങൾക്കായി 565 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ദേശീയ അടിസ്ഥാനത്തിൽ റൂസാ ഫണ്ടിംഗിന് അർഹത നേടിയ ഏറ്റവും കൂടുതൽ കോളേജുകൾ ഉള്ളത് കേരളത്തിലാണ്.
നാക്ക് അക്രഡിറ്റേഷനിൽ കേരള സർവകലാശാല എ പ്ലസ് പ്ലസ് നേടിയത് അഭിമാനകരമാണ്. രാജ്യത്താകെ 6 സർവകലാശാലകൾക്കു മാത്രമാണ് ഈ നേട്ടം കൈവരിക്കാനായത്. കോഴിക്കോട് സർവകലാശാലയും കൊച്ചി സർവകലാശാലയും സംസ്‌കൃത സർവകലാശാലയും എ പ്ലസ് ഗ്രേഡ് സ്വന്തമാക്കിയിട്ടുണ്ട്. 16 കോളേജുകളാണ് കേരളത്തിൽ നിന്നും എ പ്ലസ് പ്ലസ് ഗ്രേഡ് സ്വന്തമാക്കിയത്. 26 കോളേജുകൾ എ പ്ലസ് ഗ്രേഡും 53 കോളേജുകൾ എ ഗ്രേഡും സ്വന്തമാക്കി. മഹാത്മാ ഗാന്ധി സർവകലാശാല, ടൈം ഹയർ എജ്യൂക്കേഷൻ വേൾഡ് റാങ്കിംഗിന്റെ 401-500 ബാൻഡിൽ ഇടം പിടിച്ചിട്ടുണ്ട്.
കാർഷിക മേഖലയിൽ മൂല്യവർദ്ധനവിന് പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങളാണ് ഏറ്റെടുക്കുന്നത്. കാർഷിക മേഖലയിൽ സഹകരണ ഇടപെടലിനായി ആവിഷ്‌കരിച്ച കോ-ഓപ്പറേറ്റീവ് ഇന്റർവെൻഷൻ ഇൻ ടെക്‌നോളജി ഡ്രിവൺ അഗ്രികൾച്ചർ എന്ന പദ്ധതിക്കായി 23 കോടി രൂപ നീക്കിവച്ചിരുന്നു. ഇതിന്റെ ഭാഗമായി പത്തോളം സഹകരണ സംഘങ്ങളാണ് കാർഷിക വിപണന മേഖലയിലേക്ക് തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചത്. ഈ പദ്ധതിക്കായി ഈ സാമ്പത്തിക വർഷം 35 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
പച്ചക്കറികളിലും മത്സ്യ-മാംസാദികളിലുമുള്ള വിഷാംശം കണ്ടെത്തുന്നതിനായി ‘ട്രെയ്‌സെബിലിറ്റി’ പദ്ധതി തയ്യാറാക്കിവരികയാണ്. ഇതിന്റെ ഭാഗമായി രണ്ട് പെസ്റ്റിസൈഡ് റെസിഡ്യൂ ലബോറട്ടറികൾ സ്ഥാപിച്ചിട്ടുണ്ട്. ജൈവകൃഷി വ്യാപനം, മൂല്യവർദ്ധനവ്, ഓർഗാനിക് ബ്രാൻഡിംഗ് എന്നിവ ഉൾപ്പെടുത്തിയുള്ള ജൈവകൃഷി മിഷൻ രൂപീകരണം അന്തിമ ഘട്ടത്തിലാണ്.
ഭൗമസൂചിക പദവി ലഭിച്ച കേരളത്തിലെ കാർഷികോത്പന്നങ്ങളിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനും ഓൺലൈൻ വിപണി കണ്ടെത്തുന്നതിനുമായി ഉത്പന്നങ്ങളുടെ സമഗ്ര വിവരങ്ങളടങ്ങിയ വെബ്‌സൈറ്റ് രൂപീകരിച്ചു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 35 ഭൗമസൂചിക ഉത്പന്നങ്ങളാണ് കേരളത്തിലുള്ളത്.
കോൺഗ്രസ് ഗവൺമെന്റ് ഒപ്പുവച്ച ഉദാരവത്ക്കരണ കരാറുകളുടെ തുടർച്ച ബി ജെ പി സർക്കാർ ഏറ്റെടുത്തതിന്റെ ദൂഷ്യവശങ്ങൾ ഏറ്റവുമധികം അനുഭവിക്കുന്ന ഒരു വിഭാഗമാണ് റബ്ബർ കർഷകർ. കേരളത്തിലെ സമ്പദ്‌വ്യവസ്ഥയുടെ തന്നെ സുപ്രധാന ഭാഗമാണ് റബ്ബർ കൃഷി. റബ്ബർ കർഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നിരവധി പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുള്ളത്. തീരുവയില്ലാതെയുള്ള സ്വാഭാവിക റബ്ബർ ഇറക്കുമതി അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഉണക്ക റബ്ബറിന്റെ ഇറക്കുമതി തീരുവ ഗണ്യമായ തോതിൽ ഉയർത്തണമെന്നും മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ റബ്ബറിനെ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉയർത്തിയത് കേരള സർക്കാരാണ്.
റബ്ബർ മേഖലയിൽ സർക്കാരിന്റെ പ്രധാനപ്പെട്ട ഒരു ഇടപെടലാണ് 1,050 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുന്ന കേരള റബ്ബർ ലിമിറ്റഡ് കമ്പനി. ഇതിനായി വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡ് ക്യാമ്പസിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 200 കോടി രൂപ മുതൽമുടക്ക് പ്രതീക്ഷിക്കുന്ന കമ്പനി യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിലെ റബ്ബർ മേഖലയ്ക്ക് വലിയ ഉണർവ്വ് ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ക്ഷേമ മേഖലയിലും ഉൽപ്പാദന മേഖലയിലും ഇടപെടുന്നതോടൊപ്പം സർക്കാർ സേവനങ്ങളെ കാര്യക്ഷമമാക്കുന്നതിലും ശ്രദ്ധ ചെലുത്തുകയാണ്. അഴിമതി ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. രാജ്യത്താകെ വിവിധ സേവനങ്ങൾക്കായി ജനങ്ങൾ സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുമ്പോൾ കേരളത്തിൽ അതിനവസാനം കുറിക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ സേവനങ്ങളും വാതിൽപ്പടി സേവനങ്ങളും ഒക്കെ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്. തൊള്ളായിരത്തിലധികം സേവനങ്ങളാണ് ഇപ്പോൾ ജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാക്കിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയുള്ള സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്ന കെ-സ്മാർട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു.
വികസനവും ക്ഷേമവും എന്നപോലെ തന്നെ സേവനങ്ങളും ജനങ്ങളുടെ അവകാശമാണെന്ന കാഴ്ചപ്പാടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ നയിക്കുന്നത്. അവ എല്ലാവർക്കും പ്രാപ്യമാകുന്നു എന്നുറപ്പുവരുത്താനാണ് ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ചത്. അതിനായി കെ-ഫോണും സൗജന്യ പബ്ലിക് വൈഫൈ ഹോട്ട് സ്‌പോട്ടുകളും യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്.
വികസനം, ക്ഷേമം, സേവനം എന്നിവയെപോലെ തന്നെ തൊഴിലും ജനങ്ങളുടെ അവകാശമാണ് എന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നിലപാട്. അതുകൊണ്ടാണ് കേന്ദ്ര സർവ്വീസുകളിൽ, കേന്ദ്ര സേനകളിൽ, റെയിൽവേയിൽ, കേന്ദ്ര പൊതുമേഖലയിൽ എന്നിങ്ങനെ രാജ്യത്തെ ഏറ്റവുമുയർന്ന തൊഴിൽദാതാക്കളായ സ്ഥാപനങ്ങളിൽ ദശലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞു കിടക്കുകയും നിയമനനിരോധനം നിലനിൽക്കുകയും ചെയ്യുന്ന ഈ ഘട്ടത്തിൽ കേരളത്തിലെ പി എസ് സി രാജ്യത്തിനാകെ മാതൃകയാവുന്നത്. അതിനെ താറടിക്കാനുള്ള ആസൂത്രിത ശ്രമങ്ങളുണ്ടായിട്ടും രണ്ടര ലക്ഷത്തോളം നിയമന ശിപാർശകളാണ് 2016 ജൂൺ മുതൽക്കിങ്ങോട്ടുള്ള കാലയളവിൽ കേരള പി എസ് സി നൽകിയിട്ടുള്ളത്. ഇക്കാലയളവിൽ 30,000 ത്തോളം അധിക തസ്തികകളാണ് സംസ്ഥാന സർക്കാർ സൃഷ്ടിച്ചിട്ടുള്ളത്. പൊതു മേഖലാ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി പ്രത്യേക ബോർഡ് രൂപീകരിക്കാനും കഴിഞ്ഞിട്ടുണ്ട്.
കേരളത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ 10 ശതമാനത്തിലധികം വിനോദസഞ്ചാര മേഖലയുടെ സംഭാവനയാണ്. ഇത്ര പ്രധാനപ്പെട്ട ഒരു മേഖലയുടെ വളർച്ചയ്ക്കുവേണ്ട നൂതനമായ ഒരു പദ്ധതിയും യു ഡി എഫിന്റെ കാലത്ത് ഉണ്ടായില്ല. 2016 മുതൽക്കിങ്ങോട്ട് എൽ ഡി എഫ് സർക്കാർ വിനോദ സഞ്ചാര മേഖലയിൽ സവിശേഷമായി ഇടപെട്ടു. അതിന്റെ ഗുണഫലങ്ങൾ കാണാൻ കഴിയുന്നുണ്ട്. ടൈം മാഗസിൻ പ്രസിദ്ധീകരിച്ച, ലോകത്ത് കണ്ടിരിക്കേണ്ടതായ 50 സ്ഥലങ്ങളുടെ പട്ടികയിൽ കേരളം ഉൾപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി ട്രാവൽ പ്ലസ് ലീഷർ മാഗസിന്റെ വായനക്കാർ തിരഞ്ഞെടുത്തത് കേരളത്തെയാണ്.
ഉത്തരവാദിത്ത ടൂറിസം പദ്ധതി പ്രകാരം നടപ്പിലാക്കിയിട്ടുള്ള കേരളത്തിന്റെ സ്ട്രീറ്റ് ടൂറിസം പദ്ധതിക്ക് ലണ്ടനിൽ നടന്ന വേൾഡ് ടൂറിസം മാർക്കറ്റിൽ അന്താരാഷ്ട്ര പുരസ്‌ക്കാരം ലഭിച്ചു. കാരവാൻ ടൂറിസവും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരുക്കുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളും അഗ്രി-ടൂറിസം നെറ്റ്‌വർക്കും ഒക്കെ പുതിയ ആകർഷണ കേന്ദ്രങ്ങളാവുകയാണ്. ഇത്തരത്തിൽ നേട്ടങ്ങൾ കൈവരിക്കുമ്പോഴും കേരളത്തിന്റെ സാമ്പത്തിക അവകാശങ്ങൾ നിഷേധിച്ചുകൊണ്ട് സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ആ പ്രതിസന്ധികളെ കൂടി അതിജീവിച്ചുവേണം നമുക്ക് മുന്നോട്ടുപോകാൻ.
യു ഡി എഫ് സർക്കാരിന്റെ കാലത്ത് 2016 ൽ കേരളത്തിന്റെ തനതു വരുമാനം 26 ശതമാനം മാത്രമായിരുന്നു. എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് ഇപ്പോഴത് 73 ശതമാനമായി ഉയർന്നിരിക്കുന്നു. 2016 ൽ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം ഏകദേശം 5.6 ലക്ഷം കോടി രൂപയായിരുന്നു. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം അത് 11.74 ലക്ഷം കോടിയോളം രൂപയായി ഉയർന്നിരിക്കുന്നു. നികുതി വരുമാനത്തിൽ 30,000 കോടി രൂപയുടെ വർദ്ധനവുണ്ടായി. കഴിഞ്ഞ വർഷങ്ങളിൽ തനത് വരുമാന സ്രോതസ്സുകൾ വഴിയാണ് കേരളം അതിന്റെ ഭൂരിഭാഗം ചെലവുകളും നിർവ്വഹിച്ചത്. കോവിഡ് മഹാമാരി ഏൽപ്പിച്ച ആഘാതത്തെ എല്ലാം അതിജീവിച്ചാണ് ഈ നേട്ടം നമുക്കു കൈവരിക്കാനായത്.
ദേശീയ തലത്തിൽ സംസ്ഥാനങ്ങളുടെ ശരാശരി റവന്യു വരുമാനം കണക്കാക്കിയാൽ അതിന്റെ 45 ശതമാനം കേന്ദ്ര വിഹിതമാണ്. നമ്മുടേത് 34 ശതമാനത്തിന് അടുത്തു മാത്രമാണ്. ഈ സാമ്പത്തിക വർഷം അത് 30 ശതമാനത്തിൽ താഴെ എത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ പ്രതിസന്ധിയെയും അതിജീവിച്ചുകൊണ്ട് നാം മുന്നോട്ടു പോവുക തന്നെ ചെയ്യും. വികസന പ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തിക്കും. ക്ഷേമ പദ്ധതികൾ അർഹരായവർക്കെല്ലാം ലഭ്യമാക്കും. അതിനുതകുന്നവിധം സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെയാകെ മുന്നേറ്റത്തിന്റെ പാതയിലേക്ക് നയിച്ചുകൊണ്ട് നവകേരളം യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here