കോഴിക്കോട് നടക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പലസ്തീന് ഐക്യദാര്‍ഢ്യം രേഖപ്പെടുത്താന്‍ രാജ്യത്തെ വലിയ സ്വാധീനമുണ്ടെന്ന് പറയുന്ന പാര്‍ട്ടിയെ കാണാനില്ലെന്നാണ് അദ്ദേഹത്തിന്‍റെ വിമര്‍ശനം. റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി കോണ്‍ഗ്രസിന്‍റെ പലസ്തീന്‍ വിരുദ്ധത ചൂണ്ടിക്കാണിച്ചത്.
അവരുടെ പാര്‍ട്ടിയില്‍ പലശബ്ദങ്ങളാണ് ഉയരുന്നത്. അത് അവരുടെ നിലപാടില്ലായ്മ അല്ല. ഇസ്രയേല്‍ അനുകൂല നിലപാടിനെ സൂചിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഇതിന് മുമ്പ് നടന്ന മറ്റൊരു പരിപാടിയില്‍ ഒരു നേതാവ് പറഞ്ഞത് എല്ലാവരും കേട്ടതാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ഹമാസിനെ തീവ്രവാദികളെന്ന് വിളിച്ചതാണ് മുഖ്യമന്ത്രി സൂചിപ്പിച്ചത്.
ALSO READ: ഐക്യത്തിന്‍റേയും മൈത്രിയുടേയും പ്രകാശമാണ് ദീപാവലി, ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
ഇന്ത്യ ആർക്കൊപ്പമെന്ന ചോദ്യത്തിന് ഇടതുപക്ഷത്തിന് ഒറ്റ ഉത്തരമേയുള്ളൂവെന്നും ആ നിലപാടിന്റെ ആവർത്തനമാണ് പലസ്‌തീൻ ഐക്യദാർഢ്യ റാലിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്തെ സാമ്രാജ്യത്വ ശക്തികൾ ഇസ്രയേലിനെ ഉപയോഗിച്ച് പലസ്തീനെ ആക്രമിച്ചതിൽ പ്രതിഷേധമുള്ളവരാണ് ഇന്ന് ഇവിടെ കൂടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യ സമരം നടക്കുന്ന ഘട്ടത്തിലും സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യ പലസ്തീനൊപ്പമായിരുന്നു. വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് നമുക്കുണ്ടായിരുന്നു. നെഹ്റുവിന്റെ നയം ഏറെക്കാലം നമ്മൾ തുടർന്ന് വന്നു. പലസ്തീനെ മാത്രമേ നമ്മൾ അംഗീകരിച്ചുള്ളൂ. ഇസ്രായേലിനെ ഒരു രാജ്യം എന്ന നിലക്ക് നമ്മൾ കണ്ടിരുന്നില്ല. എന്നാൽ നരസിംഹ റാവുവിന്റെ കാലത്താണ് ഇസ്രായേലിനെ ഇന്ത്യ അംഗീകരിച്ച് തുടങ്ങിയത്. അമേരിക്കയുമായുള്ള ചങ്ങാത്തത്തിന്റെ ഫലമാണത്. അമേരിക്കൻ സമ്മർദ്ദത്തിനു കീഴ് പ്പെടുകയായിരുന്നു ഇന്ത്യ. അന്ന് തുടക്കം കുറിച്ചതിന് ബിജെപി ഇപ്പോൾ ശക്തമായ രൂപം കൊടുത്തിരിക്കുന്നു. അമേരിക്കയുടെ സഖ്യരാഷ്ട്രമായി ബിജെപി ഇന്ത്യയെ മാറ്റി.
രാജ്യത്ത് പലയിടങ്ങളിൽ പലസ്തീൻ ഐക്യദാർഢ്യ പരിപാടി നടത്തിയത് ഇടതുപക്ഷമാണ്. രാജ്യത്ത് വലിയ സ്വാധീനം ഉണ്ടെന്ന് പറയുന്ന രാഷ്ടീയ പാർട്ടിയുടെ സ്വരം കേരളത്തിൽ തന്നെ വ്യത്യസ്തമായി കേൾക്കുന്നു. തെറ്റായ രീതി രാജ്യത്ത് ചിലർ സ്വീകരിക്കുന്നുണ്ട്. അത് രാജ്യത്തിനു അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here