മലയാള ഭാഷയിലും സാമൂഹ്യ മണ്ഡലത്തിലും എംടി അദൃശ്യസാന്നിധ്യമായി നിലകൊള്ളും: മുഖ്യമന്ത്രി പിണറായി വിജയൻ

എംടി നമ്മുടെ സംസ്കാരത്തിൽ അലിഞ്ഞുചേർന്ന വ്യക്തിത്വമാണെന്നും മലയാള ഭാഷയിലും സാമൂഹ്യ മണ്ഡലത്തിലും എംടി അദൃശ്യസാന്നിധ്യമായി നിലകൊള്ളുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സാംസ്കാരിക വകുപ്പ് ടാഗോർ തീയേറ്ററിൽ സംഘടിപ്പിച്ച എംടി വാസുദേവൻ നായർ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി ലയിച്ചുചേർന്നു കഴിഞ്ഞ മഹാനായ എംടിക്ക് ആദരാഞ്ജലികളർപ്പിക്കുന്ന അനുശോചന യോഗമാണിത്.

നമുക്ക് എംടി ആരായിരുന്നു എന്നു ചിന്തിക്കാനുള്ള ഘട്ടമാണിത്. എം ടിയുമായി സഹകരിച്ച ഒരുപാടു നിമിഷങ്ങൾ ഓർമ്മച്ചിത്രങ്ങളായി മനസ്സിൽ തെളിയുന്നുണ്ട്. അദ്ദേഹത്തിന്റെ വീട്ടിൽ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച നിമിഷങ്ങളും അദ്ദേഹം കാട്ടിയ സ്‌നേഹവും പരിഗണനയും എല്ലാം മനസ്സിൽ വന്നുനിറയുന്നുണ്ട്. അവയെല്ലാം വലിയ ഒരു ധന്യതയായി മനസ്സിൽ സൂക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ; എംടിയ്ക്ക് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ആദരം; പ്രധാനവേദിയുടെ പേര് ‘എംടി – നിള’

മുഖ്യമന്ത്രിയായിരിക്കെത്തന്നെ എം ടിയെ പലവട്ടം കണ്ടിട്ടുണ്ട്. വ്യക്തിപരമായ ഏതെങ്കിലും കാര്യങ്ങളെ കുറിച്ച് അദ്ദേഹത്തിന് ഒന്നും പറയാനുണ്ടായിരുന്നില്ല. പറയാനുണ്ടായിരുന്നതൊക്കെ മലയാള ഭാഷയെക്കുറിച്ചും തുഞ്ചൻ പറമ്പിനെക്കുറിച്ചും കോഴിക്കോട് വരേണ്ട ചില കാര്യങ്ങളെക്കുറിച്ചും ഒക്കെയായിരുന്നു. മലയാള ഭാഷയോട് എന്തൊരു സ്‌നേഹമായിരുന്നു. പുതുതലമുറകൾക്കു നല്ല മലയാളം നഷ്ടമാവുന്നതിനെക്കുറിച്ച് എന്തൊരു ഉൽകണ്ഠയായിരുന്നു. തുഞ്ചൻ പറമ്പാവട്ടെ, അദ്ദേഹത്തിനു സ്വന്തം ഹൃദയം തന്നെയായിരുന്നു. ഇതേക്കുറിച്ചൊക്കെ പറഞ്ഞു കഴിഞ്ഞിട്ടുവേണ്ടേ മറ്റെന്തെങ്കിലും പറയാൻ. ഇതൊന്നും എംടിക്കു പറഞ്ഞവസാനിപ്പിക്കാൻ കഴിയുന്ന കാര്യങ്ങളായിരുന്നില്ലല്ലൊ എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

മലയാള ഭാഷാ പ്രതിജ്ഞ നമുക്കായി തയ്യാറാക്കിത്തന്ന വ്യക്തിയാണ്. തുഞ്ചൻ പറമ്പിനെ ലോകത്തെങ്ങുമുള്ള സാഹിത്യകാരന്മാരുടെ തീർത്ഥാടന കേന്ദ്രമാക്കി വളർത്തിയ വ്യക്തിയാണ്. അതിനൊക്കെയായി കൈയും മെയ്യും മറന്നു പ്രവർത്തിച്ചയാളുമാണ്. എംടി അസുഖബാധിതനാണെന്ന് അറിഞ്ഞിരുന്നു. ഗുരുതരാവസ്ഥയിലായി എന്നുമറിഞ്ഞു. എന്നാൽ, മുമ്പത്തെ പോലെ ഇപ്പോഴും ആ ഘട്ടങ്ങളെ മറികടന്ന് എംടിക്ക് ജീവിതത്തിൽ ഒരു ‘രണ്ടാമൂഴം’ കൂടിയുണ്ടാവുമെന്നു പ്രതീക്ഷിച്ചു. ആ പ്രതീക്ഷ സഫലമായില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ; ജമാഅത്തെ ഇസ്ലാമി സമുദായത്തിന്റെ രക്ഷിതാവ് ചമയേണ്ടെന്ന് മുസ്ലിം നേതാക്കളുടെ താക്കീത്

എംടി സാഹിത്യത്തിൽ ചെയ്തത് കൃത്യമായും തന്റെ ജീവിത കാലഘട്ടത്തെ സർഗ്ഗാത്മകമായി അടയാളപ്പെടുത്തുകയാണ്. നാടുവാഴിത്തത്തിന്റെ, മരുമക്കത്തായത്തിന്റെ ഒക്കെ തകർച്ച അതു വ്യക്തിബന്ധങ്ങളിലും സമൂഹബന്ധങ്ങളിലും വരുത്തിയ മാറ്റം ഒക്കെ എഴുത്തിലൂടെ അടയാളപ്പെടുത്തി. നാലുകെട്ടുപോലെയുള്ള കൃതികൾ ഉദാഹരണങ്ങൾ. അതേപോലെ ജീവിതദുരന്തങ്ങളിൽ ദൈവം പോലും അഭയമാവുന്നില്ലെന്ന ബോധത്തിൽ നിന്നുണ്ടാവുന്ന ഉൽകണ്ഠകളെയും അടയാളപ്പെടുത്തി – പള്ളിവാളും കാൽച്ചിലമ്പും പോലുള്ള കൃതികൾ ഉദാഹരണങ്ങൾ.

ചുരുക്കിപ്പറഞ്ഞാൽ കാലത്തിനു നേർക്കു തിരിച്ചുപിടിച്ച മനസ്സായിരുന്നു എംടിക്ക് സാഹിത്യലോകം. തൊട്ടതൊക്കെ പൊന്നാക്കിയ എഴുത്തുകാരനാണ്. ചതിയൻ ചന്തു എന്ന ഒരാൾ ഇന്നു മലയാള മനസ്സിൽ ഇല്ലാതായത് അദ്ദേഹത്തിന്റെ വടക്കൻ വീരഗാഥ ഉണ്ടായതുകൊണ്ടാണ്. അത്ര ശക്തവും സർഗാത്മകവുമായിരുന്നു ആ എഴുത്ത്. സർവശക്തനായി കരുതപ്പെടുന്ന ഭീമൻ രണ്ടാമൂഴക്കാരനായി എന്നും മാറ്റിനിർത്തപ്പെട്ടവനാണെന്ന കാര്യം എംടി രണ്ടാമൂഴത്തിലൂടെ ഓർമ്മിപ്പിച്ചപ്പോൾ മാത്രമാണു നാം തന്നെ ഓർത്തത്. എത്ര മൗലികമാണ് ആ സങ്കല്പം! മഞ്ഞ്, കാലം തുടങ്ങിയ കൃതികളാകട്ടെ, മലയാളിക്ക് ഒരിക്കലും മനസ്സിൽ നന്നു മാറ്റിനിർത്താൻ ആവാത്തവയാണ്. അങ്ങനെ എത്രയെത്ര കൃതികൾ.

സാഹിത്യകൃതികൾ കൊണ്ടുമാത്രമല്ല, മനുഷ്യസ്‌നേഹപരമായ നിലപാടുകൾ കൊണ്ടുകൂടിയാണ് എം ടി മലയാള മനസ്സിൽ പതിഞ്ഞുനിൽക്കുന്നത്. തുഞ്ചൻ പറമ്പിനെ വർഗീയ ദുസ്വാധീനങ്ങൾക്കായി തുറന്നുകൊടുക്കാൻ എത്ര വലിയ സമ്മർദമാണ് ഒരു ഘട്ടത്തിൽ എം ടിക്കുമേൽ ഉണ്ടായത്! ആ ജീവനു ഭീഷണി പോലുമുണ്ടായി. എന്നാൽ, എംടി തരിമ്പും വിട്ടുവീഴ്ച കാട്ടാതെ മതനിരപേക്ഷതയെ തുഞ്ചൻ പറമ്പിന്റെ ജീവനാക്കി നിലനിർത്തി. മതേതര കേരളം എന്നും അതിന് എംടിയോടു നന്ദിയുള്ളതായിരിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ; ‘ഈ വർഷം സംസ്ഥാനത്തുണ്ടായത് നിർഭാഗ്യകരമായ സംഭവങ്ങൾ’: മണിപ്പൂരിലെ ജനതയോട് മാപ്പ് ചോദിച്ച്‌ മുഖ്യമന്ത്രി

സാഹിത്യരചനയിലൂടെ സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടുനയിക്കുന്നതിൽ എന്നും ജാഗ്രത പുലർത്തിയ എഴുത്തുകാരനായിരുന്നു എം ടി. പള്ളിവാളും കാൽച്ചിലമ്പും എന്ന കൃതി തന്നെ മതിയാകും അദ്ദേഹത്തിലെ ഈ പുരോഗമനോന്മുഖ സ്വഭാവം തിരിച്ചറിയാൻ. പിന്നീടത് ചലച്ചിത്രമായി മാറിയപ്പോൾ തനിക്ക് പറയാനുള്ള ഉൽപതിഷ്ണുത്വം നിറഞ്ഞ കാഴ്ചപ്പാടുകൾ സധൈര്യം അദ്ദേഹം അതിലൂടെ മുന്നോട്ടുവെച്ചു. ‘ഇന്നാണെങ്കിൽ നിർമാല്യം പോലെ ഒരു ചിത്രം എടുക്കാൻ എനിക്ക് കഴിഞ്ഞേക്കില്ല’ എന്നൊരിക്കൽ അദ്ദേഹം നടത്തിയ പ്രസ്താവന മാറിവരുന്ന ഇന്ത്യൻ സാഹചര്യങ്ങൾക്കുനേരേ പിടിച്ച കണ്ണാടി കൂടിയായിരുന്നു.

സാഹിത്യമോ സിനിമയോ പത്രപ്രവർത്തനമോ ഏതു രംഗവുമാകട്ടെ അവിടെയെല്ലാം തിളങ്ങുന്ന മുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. മികവാർന്ന പുസ്തകങ്ങൾ കൊണ്ട് സാഹിത്യത്തെയും സിനിമകൾ കൊണ്ട് ചലച്ചിത്ര രംഗത്തെയും അദ്ദേഹം ശ്രദ്ധേയമാക്കി. പല തലമുറകളിൽപ്പെട്ട അനേകം എഴുത്തുകാരെ പ്രോത്സാഹിപ്പിച്ചു. അതാകട്ടെ, മലയാള സാഹിത്യത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും മുതൽക്കൂട്ടായി. അങ്ങനെ നോക്കുമ്പോൾ കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തെ പരിപോഷിപ്പിക്കുന്നതിൽ എം ടി നൽകിയ സംഭാവനകൾ താരതമ്യമില്ലാത്തതാണ്.

എം ടി ഒരു പാഠപുസ്തകമാണ്. ആ ജീവിതത്തിലെ ഓരോ ഏടും ഓരോ ഇഴയും വേറിട്ടു പരിശോധിക്കുന്നത് സാഹിത്യ പഠിതാക്കൾക്ക് ഉപകാരപ്രദമായ ഒന്നാണ്. എഴുതേണ്ടതെങ്ങനെ, അതിനുള്ള നിലമൊരുക്കേണ്ടതെങ്ങനെ, എഴുത്തിന്റെ സാമൂഹിക കടമയെന്ത് എന്നെല്ലാം ആ ജീവിതത്തിൽ നിന്നും നമുക്കു പഠിച്ചെടുക്കാനാവും. സാഹിത്യരംഗത്തേക്കു കടന്നുവരുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട പുസ്തകമാണ് ‘കാഥികന്റെ പണിപ്പുര’.

സാഹിത്യത്തെക്കുറിച്ച് ഇഴകീറി പരിശോധിക്കാൻ ഞാനാളല്ല. എന്നാൽ, എം ടിയുടെ ചില സവിശേഷതകൾ ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ നാടിന്റെ ചരിത്രപരമായ എല്ലാ അംശങ്ങളെയും സ്വാംശീകരിക്കാൻ അദ്ദേഹത്തിന്റെ രചനകൾക്കു കഴിഞ്ഞിട്ടുണ്ട്. എന്നും പുരോഗമനപക്ഷം ചേർന്നു സഞ്ചരിച്ച എഴുത്തുകാരനാണ് എം ടി. അത് സിനിമയിലുമതേ, സാഹിത്യത്തിലുമതേ. നാലുകെട്ട് എന്ന കൃതി അവസാനിക്കുന്നത് പുതിയ കാറ്റും വെളിച്ചവും കയറുന്ന വീടു പണിയണമെന്ന പരാമർശത്തോടു കൂടിയാണ്. ഇടതുപക്ഷത്തെ ഒരിക്കലും ഒരു വാക്കുകൊണ്ടോ നോക്കുകൊണ്ടോ പോറലേൽപ്പിക്കാതിരുന്ന സാഹിത്യനായകൻ കൂടിയാണ് എംടി.

ALSO READ; ‘ശ്രീനാരായണഗുരുവിനെ സനാതന ധർമ്മത്തിന്റെ വക്താവാക്കാൻ ശ്രമിക്കുന്നത് കരുതിയിരിക്കണം’; മുഖ്യമന്ത്രി

കലാസൃഷ്ടികളെ കേരളസമൂഹത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ഉപാധിയായി ഉപയോഗിക്കപ്പെടുന്ന ഒരു കാലഘട്ടമാണിത്. പ്രൊപ്പഗണ്ട സിനിമകൾ യാതൊരു തത്വദീക്ഷയുമില്ലാതെ നുണകൾ പ്രചരിപ്പിക്കുന്നു. കേരളത്തെ ഇകഴ്ത്തിക്കാട്ടുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ തന്നെ അത്തരം സിനിമകൾ പ്രചരിപ്പിക്കുന്നു. ഈ ഘട്ടത്തിലാണ് ‘നിർമ്മാല്യ’വും ‘ഓളവും തീരവും’ പോലെയുള്ള സിനിമകളും അവയുടെ ആശയങ്ങളും പ്രാധാന്യമർഹിക്കുന്നത്.

എഴുത്തുകാരൻ എന്ന നിലയിൽ മാത്രമല്ല എംടി മലയാളത്തിൽ സാന്നിദ്ധ്യമറിയിച്ചിട്ടുള്ളത്. മികച്ച ഒരു വായനക്കാരൻ കൂടിയായിരുന്നു അദ്ദേഹം. ലോകസാഹിത്യത്തിലെ വിഖ്യാതമായ എത്രയോ കൃതികളെ തന്റെ വായനാനുഭവത്തിലൂടെ അദ്ദേഹം മലയാളികൾക്ക് പരിചയപ്പെടുത്തി. ഇന്നും മലയാളികളുടെ പ്രിയപ്പെട്ട പുസ്തകങ്ങളാണ് അവയെല്ലാം.

ഏഴ് പതിറ്റാണ്ടിലേറെക്കാലത്തെ തന്റെ രചനകളിലൂടെ ലോകസാഹിത്യ വിഹായസ്സിലേക്ക് മലയാള ഭാഷയെയും സാഹിത്യത്തെയും കൈപിടിച്ചാനയിക്കുകയാണ് എംടി ചെയ്തത്. ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം മുതൽ രാഷ്ട്രത്തിന്റെ ആദരവായ പത്മഭൂഷൺ വരെ എംടിയെ തേടിയെത്തിയിരുന്നു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗം, തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അധ്യക്ഷൻ തുടങ്ങിയ നിലകളിൽ ഭാഷയ്ക്കും സാഹിത്യത്തിനും എം ടി നൽകിയ സേവനങ്ങൾ എക്കാലത്തും ഓർമിക്കപ്പെടും.

ആവശ്യമുള്ളിടത്ത് തിരുത്തിയും, മതിയായ രീതിയിൽ സഹകരിച്ചും പ്രോത്സാഹിപ്പിച്ചും ഞങ്ങളുടേതടക്കമുള്ള ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്ക് അദ്ദേഹം നൽകിയ പിന്തുണയും ഈ അവസരത്തിൽ നന്ദിപൂർവ്വം ഓർമ്മിക്കുകയാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും സ്‌നേഹസമ്പന്നനായ സഹയാത്രികനായിരുന്നു എംടി എന്നും ഓർക്കേണ്ടതുണ്ട്. മഹത്തും, പരിവർത്തനോന്മുഖവുമായ ഒരു മഹാകാലത്തിന്റെ, അവസാനിച്ചുകൊണ്ടിരിക്കുന്ന പ്രതീകങ്ങളിൽ പ്രമുഖനാണ് എംടി.

മലയാള സാഹിത്യത്തിന്റെ തേജോമയമായ മുഖം മറ്റ് ഇന്ത്യൻ ഭാഷകൾ ദർശിക്കുന്നത് എം ടിയിലൂടെയാണെന്നതും നമുക്കറിയാം. എംടിയുടെ സാംസ്‌കാരിക സംഭാവനകളെ കേരളം എന്നും നന്ദിപൂർവ്വം ഓർക്കും. മലയാളഭാഷ ഉള്ളിടത്തോളം എം ടി ഓർമ്മിക്കപ്പെടും. ആ ഓർമ്മകൾക്ക് ആദരമർപ്പിക്കുന്നതായി പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News