കിസാന്‍ ലോങ്ങ് മാര്‍ച്ച് വിജയമാകാന്‍ പ്രയത്‌നിച്ച എല്ലാവര്‍ക്കും വിപ്ലവാഭിവാദ്യങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി

കിസാന്‍ ലോങ്ങ് മാര്‍ച്ച് വിജയമാകാന്‍ പ്രയത്‌നിച്ച കിസാന്‍ സഭയ്ക്കും, കര്‍ഷകര്‍ക്കും, എല്ലാ സഖാക്കള്‍ക്കും വിപ്ലവാഭിവാദ്യങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രക്ഷോഭ മുന്നണിയുടെ ശക്തി തുറന്നുകാണിക്കുന്ന, മഹാരാഷ്ട്രയില്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന കിസാന്‍ ലോങ്ങ് മാര്‍ച്ചിന് പിന്തുണ അറിയിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേന്ദ്രസര്‍ക്കാരിന്റെ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കുകയാണ്. ഇതിനെതിരെ രാജ്യമെങ്ങും പ്രക്ഷോഭങ്ങളുയരുന്നു. ഈ ജനകീയ സമരങ്ങളിലുണ്ടാകുന്ന വര്‍ദ്ധിച്ച ജനപങ്കാളിത്തം മുതലാളിത്ത ഭരണകൂടത്തെ ഭയപ്പെടുത്തുന്നുണ്ട്. ഒരുവര്‍ഷം നീണ്ട ഐതിഹാസികമായ കര്‍ഷകസമരത്തിന്റെ വിജയവും കഴിഞ്ഞ നാളുകളിലുണ്ടായ 21 ഓളം ദേശീയ പണിമുടക്കുകളിലെ പങ്കാളിത്തവും വളര്‍ന്നുവരുന്ന കര്‍ഷക-തൊഴിലാളി വര്‍ഗ്ഗ ഐക്യത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നു.

ഈ പ്രക്ഷോഭ മുന്നണിയുടെ ശക്തി തുറന്നുകാണിക്കുന്നതാണ് മഹാരാഷ്ട്രയില്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന കിസാന്‍ ലോങ്ങ് മാര്‍ച്ചിന്റെ വിജയം.

വിളകള്‍ക്ക് ന്യായമായ വില നിശ്ചയിക്കുക, കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക, ഉള്ളിയടക്കമുള്ള വിളകള്‍ക്ക് സബ്‌സിഡി ഏര്‍പ്പെടുത്തുക തുടങ്ങി 17 ഓളം ആവശ്യങ്ങളുയര്‍ത്തി ഇക്കഴിഞ്ഞ മാര്‍ച്ച് 13 ന് നാസിക്കില്‍ നിന്നാരംഭിച്ച ലോങ്ങ് മാര്‍ച്ച് വലിയ പങ്കാളിത്തത്തോടെ മുംബൈ നഗരം ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു. 15000ത്തോളം കര്‍ഷകര്‍ അണിനിരന്ന ഈ മുന്നേറ്റത്തിന് ലഭിച്ച പിന്തുണ കണ്ട മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രക്ഷോഭകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിതരായി.

നവലിബറല്‍ നയങ്ങള്‍ക്കെതിരെ ഉയരുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ വിജയം കാണുമെന്ന കാര്യം അടിവരയിടുന്നതാണ് കിസാന്‍ ലോങ്ങ് മാര്‍ച്ചിന്റെ വിജയം. വര്‍ഗീയതയും വിഭാഗീയതയും പറഞ്ഞു ഇത്തരം മുന്നേറ്റങ്ങളെ വിഘടിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികള്‍ക്കും വലിയൊരു താക്കീതാണിത്. കര്‍ഷക-തൊഴിലാളി വര്‍ഗ്ഗമുന്നണി വിജയം നേടുക തന്നെ ചെയ്യും. കിസാന്‍ ലോങ്ങ് മാര്‍ച്ച് വിജയമാകാന്‍ പ്രയത്‌നിച്ച കിസാന്‍ സഭയ്ക്കും, കര്‍ഷകര്‍ക്കും, എല്ലാ സഖാക്കള്‍ക്കും വിപ്ലവാഭിവാദ്യങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News