വികസനം നടപ്പിലാക്കുമ്പോള്‍ എംഎല്‍എമാര്‍ പ്രതിപക്ഷത്താണോ ഭരണ പക്ഷത്താണോ എന്ന് നോക്കാറില്ല : മുഖ്യമന്ത്രി

എംഎല്‍എമാര്‍ പ്രതിപക്ഷത്താണോ ഭരണ പക്ഷത്താണോ എന്നത് നോക്കിയല്ല സര്‍ക്കാര്‍ നാടിന്റെ വികസനം സാധ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ പ്രദേശങ്ങള്‍ക്കും തുല്യ പരിഗണയാണ് സര്‍ക്കാര്‍ നല്‍കുന്നത്. പിന്നെന്തിനാണ് ഈ ബഹിഷ്‌കരണവും ആക്രോശവും എന്ന് ജനങ്ങളോട് വിശദീകരിക്കണം.

ലഭിക്കുന്ന പരാതികള്‍ തീര്‍പ്പാക്കുന്നില്ല എന്നാണ് പ്രതിപക്ഷ നേതാവ് ആക്ഷേപിക്കുന്നത്. ആരാണ് അദ്ദേഹത്തിന് ഇത്തരം നുണകള്‍ പറഞ്ഞുകൊടുക്കുന്നത് എന്ന് എനിക്കറിയില്ല. ജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കാനും അവ പരിശോധിച്ച് തീര്‍പ്പു കല്‍പ്പിക്കാനുമുള്ള സംവിധാനം ഫലപ്രദമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ പരാതിയുണ്ടെങ്കില്‍ അതാണ് പറയേണ്ടത്. അല്ലാതെ, ഈ സുപ്രധാന പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ഇതിനെതിരെ ആക്രമണോത്സുകമായ ആക്രോശങ്ങള്‍ മുഴക്കുകയല്ല.

Also Read : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അപകടകരമായ അവസ്ഥയില്ലെന്ന് മുഖ്യമന്ത്രി

എന്ത് കണക്കിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് പരാതികള്‍ തീര്‍പ്പാക്കുന്നില്ല എന്ന് പറയുന്നത്? കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ 16 കേന്ദ്രങ്ങളില്‍ നിന്നായി ലഭിച്ച നിവേദനകളുടെ എണ്ണം 42,862 ആണ്. കണ്ണൂര്‍ ജില്ലയില്‍ 28,630. കാസര്‍കോട്ട് 14,232. ഇങ്ങനെ ലഭിക്കുന്ന നിവേദനങ്ങള്‍ പരിശോധിച്ച് ഇടപെടല്‍ നടത്താനും പ്രശ്‌നപരിഹാരം ഉറപ്പാക്കാനുമുള്ള സംവിധാനം ഒരുക്കുന്നുണ്ട്. എന്തുകൊണ്ടാണ്, തങ്ങളുടെ വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ജനങ്ങള്‍ ഇങ്ങനെ മുന്നോട്ടു വരുന്നത്? അവ ശ്രദ്ധിക്കപ്പെടും; പരിഹരിക്കപ്പെടും എന്ന ഉറച്ച വിശ്വാസമുള്ളതു കൊണ്ടാണ്. ജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുന്നതും അവ പരിഹരിക്കുന്നതും തുടര്‍ച്ചയായി നടക്കുന്ന പ്രക്രിയയാണ്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച പരാതിപരിഹാര സെല്ലില്‍ നാളിതുവരെ 5,40,722 പരാതികളാണ് ലഭിച്ചത്. അതില്‍ 5,36,525 പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചു. അതായത്, 99.2 ശതമാനം പരാതികളിലും പരിഹാരമുണ്ടായിരിക്കുന്നു. ബാക്കിയുള്ള 4,197 പരാതികളിലുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അവയും സമയബന്ധിതമായി പരിഹരിക്കും.

നവകേരള സദസ്സിന് മുന്‍പ് നടന്ന ‘കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത്തുകളിലും ജനങ്ങളുടെ വിവിധ വിഷയങ്ങളിലുള്ള പരാതികളിലും വേഗത്തിലുള്ള പരിഹാരം ഉണ്ടായിട്ടുണ്ട്. അദാലത്തുകളില്‍ 76,551 പരാതികളാണ് ആകെ ലഭിച്ചത്. അതില്‍ 69,413 പരാതികളിലും തീര്‍പ്പുണ്ടായി. ബാക്കിയുള്ള 7,138 പരാതികള്‍ പരിശോധനയിലാണ്. ഹിയറിങ് അടക്കമുള്ള തുടര്‍നടപടികള്‍ വേണ്ട പരാതികളാണ് അവശേഷിക്കുന്നതിലേറെയും.

Also Read : “കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മനോവിഭ്രാന്തി”; നവകേരള സദസ് ഏറ്റവും വലിയ ബഹുജന സമ്പര്‍ക്ക പരിപാടിയായി മാറും: മുഖ്യമന്ത്രി

വയനാട് ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലെ നവകേരള സദസ്സ് ഇന്ന് പൂര്‍ത്തിയാകും. നാളെ കോഴിക്കോട് ജില്ലയിലാണ്. ഇന്നലെ തലശ്ശേരിയില്‍ മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. മന്ത്രിസഭയാകെ ജനങ്ങള്‍ക്കിയടയിലൂടെ 35 ദിവസം സഞ്ചരിക്കുന്ന അതിവിപുലമായ പരിപാടിയാണ് നവകേരള സദസ്സ്. ഇങ്ങനെ സഞ്ചരിക്കുമ്പോള്‍ ഭരണം സ്തംഭിക്കില്ലേ എന്നായിരുന്നു ആദ്യം ചിലര്‍ ചോദിച്ചത്. ഭരണം കൃത്യമായി മുന്നോട്ടു പോകുന്നു, സെക്രട്ടറിയേറ്റ് പതിവുപോലെ പ്രവര്‍ത്തിക്കുന്നു ; മന്ത്രിസഭാ യോഗം സഞ്ചാരമധ്യേ കൃത്യമായി ചേരുന്നു. അപ്പോള്‍ പുതിയ ആക്ഷേപം ഒരു കൂട്ടര്‍ ഇന്ന് എഴുതിയത്, ‘ഹോട്ടലില്‍ മന്ത്രിസഭാ യോഗം’ എന്നാണ്. ക്ഷീരമുള്ള അകിടില്‍ ചോര തേടുന്ന സ്വഭാവം എന്നേ ഇതിനെ വിളിക്കാനാവൂ. അത്തരം വിലകുറഞ്ഞ ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News